Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്യൂണിസം വിട്ട് കാപ്പിറ്റലിസ്റ്റായ നാരായണമൂർത്തി

INFOSYS-NARAYANA-MURTHY

ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി ഇന്ന് അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ്. 1946 ഓഗസ്റ്റ് 20നാണ് എൻ.ആർ. നാരായണമൂർത്തി ജനിച്ചത്. ഇടത്തരക്കാരനിൽ നിന്ന് ഇന്ത്യൻ സോഫ്‌റ്റ്‌വയർ വ്യവസായ മേഖല പിടിച്ചടക്കിയ കഥയാണ് ‘ഇൻഫോസിസ് ടെക്നോളജീ’സിന്റെ കപ്പിത്താനായിരുന്ന നാരായണമൂർത്തിയുടേത്. ഏഴ് സഹപ്രവർത്തകരോടൊപ്പം തുടക്കമിട്ട ഇൻഫോസിസ് ചുരുങ്ങിയ കാലംകൊണ്ടുതന്നെ വൻ ആസ്തിയുള്ള വൻസ്ഥാപനമായി മാറിയത് ടെക് ലോകത്ത് വലിയ ചർച്ചയായി. എന്നാൽ വൻമൂലധനത്തേക്കാൾ വിലപ്പെട്ട സുഹൃദ് ബന്ധമാണ് ഇൻഫോസിസിന്റെ നിക്ഷേപമെന്ന് നാരായണമൂർത്തി പറയുന്നു.

ചെറുപ്പത്തിൽ ഒരുറച്ച കമ്യൂണിസ്റ്റുകാരനായിരുന്നു നാരായണമൂർത്തി. കമ്യൂണിസത്തെ കുറിച്ച് എപ്പോഴും സംസാരിക്കുന്ന പ്രകൃതമായിരുന്നു മൂർത്തി. ശീതയുദ്ധം മുറുകിനിന്നകാലം. യുഗോസ്ലോവിയയിൽ തീവണ്ടിയിൽ സോഫിയയ്ക്കുള്ള മടക്കയാത്ര, ട്രെയിനിൽവെച്ചു പരിചയപ്പെട്ട ഒരു ഫ്രഞ്ചുവനിതയുമായി അറിയാവുന്ന ഫ്രഞ്ചുഭാഷയിൽ മൂർത്തി എന്തൊക്കെയോ സംസാരിച്ചിരുന്നു. എല്ലാം നിരീക്ഷിച്ചുകൊണ്ട് അതേ കംപാർട്ടുമെന്റിൽ തന്നെ മറ്റൊരാൾ ഇരിപ്പുണ്ടായിരുന്നു. സോഫിയസ്റ്റേഷനിൽ ഇറങ്ങിയതും മൂർത്തിയെ പോലീസ് പിടികൂടി. യുഗോസ്ലോവിയയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. മൂർത്തി അന്ന് 72 മണിക്കൂറാണ് തടങ്കലിൽ കിടക്കേണ്ടിവന്നത്. അവസാനം ആരൊക്കെയോ ഇടപ്പെട്ട് ഇന്ത്യക്കാരനാണെന്ന സൗജന്യം നൽകി വിട്ടയച്ചു. ഈ സംഭവത്തോടെ നാരായണമൂർത്തിയിലെ കമ്യൂണിസ്റ്റ് കെട്ടടങ്ങി. പിന്നീട് ലോകം കണ്ടത് മൂർത്തിയുടെ ‘കാപ്പിറ്റലിസ്റ്റ്’ മുഖമായിരുന്നു.

എന്നാൽ, തന്റെ ആശയങ്ങളും തത്വങ്ങളും മൂർത്തി പൂർണമായും വിട്ടില്ല. മൂല്യാധിഷ്ഠിതമായി ബിസിനസ് നടത്താൻ മാർക്സിയൻ പ്രത്യയശാസ്ത്രം മൂർത്തിയെ പഠിപ്പിച്ചു. മനുഷ്യനെ മനുഷ്യനായി കാണാനും സമൂഹത്തിൽ പട്ടിണി ഇല്ലാതെ സമ്പത്തുണ്ടാക്കാനുമാണ് മൂർത്തി പഠിപ്പിച്ചതും, പ്രവർത്തിച്ചതും. തനിക്കൊപ്പം തന്റെ സഹപ്രവർത്തകരുടേയും വളർച്ചയും അദ്ധേഹത്തിന്റെ ജീവിതശൈലിയുടെ ഭാഗമായിരുന്നു.

തന്റെ സ്ഥാപനത്തിലെ എന്തു ജോലി ചെയ്യാനും അദ്ധേഹം തയാറായിരുന്നു. അതുതന്നെയായിരുന്നു ആ കമ്പനിയുടെ വിജയവും. മാരുതി 1000 സ്വയം ഓടിച്ച് ഓഫീസിൽ എത്തിയിരുന്നു മൂർത്തിയെ കുറിച്ച് സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും പറയാനുള്ളത് നല്ലത് മാത്രം. സോഫ്റ്റ്‌വയർ വിട്ടാൽ പിന്നെ സംഗീതമാണ് മൂർത്തിയുടെ ഹോബി. പാശ്ചാത്യ ശാസ്ത്രീയസംഗീതം, ബാച്ച്, മൊസാർട്ട് തുടങ്ങി പാശ്ചാത്യലോകത്തെ ഏതാണ്ട് നൂറ്റിയൻപതോളം പ്രമുഖ സംഗീതജ്ഞരുടെ റെക്കോർഡിന്റെ വൻശേഖരം തന്നെ മൂർത്തിയുടെ കൈവശമുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.