Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിസിനസ് ചെയ്യാന്‍ പണമില്ലെങ്കില്‍ വിഷമിക്കേണ്ട; ഈ 10 മാലാഖമാര്‍ സഹായിക്കും!

new-currency

നിങ്ങളുടെ കയ്യില്‍ നല്ല ഒരു ഐഡിയ ഉണ്ട് എന്നിരിക്കട്ടെ. ഒന്ന് ഡെവലപ് ചെയ്താല്‍ വൻ സംഭവമായിരിക്കുമെന്ന് നിങ്ങളുടെ മനസ്സ് പറഞ്ഞുകൊണ്ടേയിരിക്കുന്നു. പക്ഷേ, വലിയ ഒരു സംരംഭമായി തുടങ്ങാന്‍ കയ്യിലാണെങ്കില്‍ കാശുമില്ല. എന്തു ചെയ്യും? ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് എയ്ഞ്ചല്‍ ഇൻവസ്റ്റര്‍മാര്‍ സഹായവുമായി കടന്നു വരുന്നത്. അതായത് ബിസിനസ് ചെയ്ത് കയ്യില്‍ ഒരുപാട് കാശുള്ള വലിയ മുതലാളിമാര്‍ നിങ്ങളുടെ സ്വപ്നം സഫലമാക്കാന്‍ കാശിറക്കി സഹായിക്കുന്നു. കേട്ടിട്ടില്ലേ, ആ പ്രൊജക്റ്റിനു ഫെയ്സ്ബുക്കിന്റെ സഹായം, സ്റ്റാര്‍ട്ടപ്പിന് പത്തു കോടി സഹായം എന്നൊക്കെ. അത് തന്നെ സംഗതി.

ഇന്ത്യന്‍ വ്യവസായലോകത്ത് പുതുനാമ്പുകള്‍ തളിരിടുന്ന കാലമാണ്. വിപുലമായ ഫണ്ടിങ്, ഏകീകരണ പ്രവർത്തനങ്ങൾ, പരിണമിക്കുന്ന ടെക്നോളജി മുതലായവയെല്ലാം ഇതിനു പ്രചോദനമാവുകയും ചെയ്യുന്നുണ്ട്. ഡിജിറ്റല്‍ വിപ്ലവം ആരംഭിച്ചതോടെ ഇന്ത്യന്‍ വിപണിയിൽ നല്ല പ്രോജക്റ്റുകള്‍ക്ക് ഫണ്ട് നല്‍കാന്‍ നിരവധി സംരംഭകര്‍ സധൈര്യം മുന്നോട്ടു വരുന്നുണ്ട്.

ശരിക്കും മാലാഖയെപ്പോലെ

ഒരു കമ്പനി തുടങ്ങാനോ അല്ലെങ്കില്‍ തുടങ്ങിയിട്ട് കൂടുതല്‍ മെച്ചപ്പെടുത്താനോ വേണ്ട ധനസഹായം ചെയ്യുന്ന ആളാണ് എയ്ഞ്ചല്‍ ഇൻവെസ്റ്റര്‍. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ തുടങ്ങുന്ന കമ്പനിയുടെ ഓഹരി ഉടമസ്ഥാവകാശം ഈ പണം മുടക്കുന്ന ആള്‍ക്ക് ഉണ്ടാവും. ഒന്നുകില്‍ മേല്‍ലാഭത്തിന്‍ ആദ്യാവകാശമുള്ള ഓഹരികള്‍ ആയോ അല്ലെങ്കില്‍ തിരിച്ചെടുക്കാവുന്ന കടം ആയിട്ടോ ആയിരിക്കും ഇവര്‍ പണം മുടക്കുക.

നമ്മള്‍ നമ്മുടെ പ്രോജക്റ്റിനെ എത്രത്തോളം ആത്മാര്‍ഥമായി സമീപിക്കുന്നോ, അത്രത്തോളം ഇങ്ങനെ ഫണ്ടിങ് ലഭിക്കാനുള്ള സാധ്യത കൂടും. ഈ സംരംഭത്തിന് എത്രത്തോളം നിലനില്‍പ്പും വിദൂരസാധ്യതകളും ഉണ്ടെന്നു പണം മുടക്കുന്ന കമ്പനി വിലയിരുത്തും. ബാങ്ക് ലോണ്‍ മുതലായവയില്‍ നിന്നും വ്യത്യസ്തമായി ഓഹരി മൂലധനത്തിനു മേല്‍ കമ്പനിയുടെ ഉടമസ്ഥാവകാശത്തിന്റെ ഒരു പങ്ക് നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

രണ്ടുതരത്തിലാണ് പ്രധാനമായും ഫണ്ടിങ് ലഭിക്കുക. പണം മുടക്കുന്ന ധനവാന്മാരായ വ്യക്തികളെയാണ് എയ്ഞ്ചല്‍ ഇൻവസ്റ്റര്‍ (Angel Investors ) എന്ന് പറയുന്നത്. എന്നാല്‍ കമ്പനികളാണ് പണം മുടക്കുന്നതെങ്കില്‍ അവയെ വെഞ്ച്വര്‍ ക്യാപിറ്റല്‍ (Venture Capital) എന്ന് പറയും.

മിക്ക 'മാലാഖ'മാരും ഒരു സംരംഭം തുടങ്ങി അതില്‍ വിജയിച്ചവരാണ്. എന്നാല്‍ ഇങ്ങനെയുള്ള ഫണ്ടിങ് സ്വീകരിച്ചാല്‍ തന്നെ ഇവരുടെ നിയമാനുസൃതമായ നിയന്ത്രണം കമ്പനിയുടെ മേല്‍ ഉണ്ടാവും എന്നതാണ് മറ്റൊരു കാര്യം. അതിനാല്‍ ഫണ്ടിങ് തേടി നടക്കും മുന്‍പേ ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്.

ഇന്ത്യയിലെ മാലാഖമാര്‍

ഇന്ത്യയില്‍ സാധാരണയായി മൂലധനം നല്‍കുന്ന നിരവധി മുതലാളിമാരുണ്ട്. നിലവില്‍ ഇങ്ങനെയുള്ള മുന്നൂറു പേര്‍ ഉണ്ടെന്നാണ് കണക്ക്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട പത്തു പേരെ പരിചയപ്പെടാം. കഴിഞ്ഞ ദശകത്തില്‍ ഏകദേശം 425 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ട സഹായം ചെയ്തവരാണ് ഇവര്‍.

1. രാജന്‍ ആനന്ദന്‍

ഗൂഗിള്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ രാജന്‍ ആനന്ദന്‍ 2006 മുതല്‍ വിവിധ പ്രോജക്ടുകള്‍ക്ക് വേണ്ട മൂലധനം നല്‍കുന്നുണ്ട്. ഇതുവരെ എണ്‍പതോളം സംരംഭങ്ങളില്‍ പണം മുടക്കിയ ഇദ്ദേഹത്തിന്റെ സഹായങ്ങളില്‍ മിക്കവയും ഇ-കൊമേഴ്‌സ്, ക്ലൗഡ് ബേസ്ഡ് സര്‍വീസുകളിലാണ്. ടീം എത്രത്തോളം ശക്തമാണ് എന്നതാണ് ഫണ്ട് കിട്ടാന്‍ ശ്രദ്ധിക്കുന്ന ഏറ്റവും പ്രധാന കാര്യം.

2. അനുപം ഗോപാല്‍ മിത്തല്‍

പീപ്പിള്‍ ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ അനുപം ഗോപാല്‍ മിത്തലിന്റെതാണ് മാട്രിമോണിയല്‍ വെബ്‌സൈറ്റായ ശാദി ഡോട്ട്കോം. ഇത് കൂടാതെ makaan.com, മൊബൈൽ മീഡിയ കമ്പനി മഞ്ജു മൊബൈൽ എന്നിവയും ഇദ്ദേഹത്തിന്റെ സംരംഭങ്ങളാണ്. നിലവില്‍ അന്‍പതു സംരംഭങ്ങളില്‍ ഇദ്ദേഹം പങ്കാളിയായിട്ടുണ്ട്. 2015ല്‍ പന്ത്രണ്ടോളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കി ഇദ്ദേഹം വളരെ സജീവമായി രംഗത്തുണ്ടായിരുന്നു. ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കിന്റെയും മുംബൈ എയ്ഞ്ചല്‍സിന്റെയും അംഗമായ ഇദ്ദേഹം സാധാരണയായി മൊബൈല്‍, കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് മേഖലകളിലെ സംരംഭങ്ങള്‍ക്കാണ് ഫണ്ട് നല്‍കുന്നത്.

3. സഞ്ജയ് മേത്ത

ഇന്ത്യൻ എയ്ഞ്ചൽ നെറ്റ്‌വർക്ക്, മുംബൈ എയ്ഞ്ചൽസ്, B2B 1K വെഞ്ച്വേർസ്, വെഞ്ച്വർ നഴ്സറി എന്നിങ്ങനെയുള്ള നാലു പ്രധാന എയ്ഞ്ചല്‍ ഗ്രൂപ്പുകളിലെ അംഗമാണ് സഞ്ജയ് മേത്ത. നാല്‍പ്പതു സ്റ്റാര്‍ട്ടപ്പുകളില്‍ ഇദ്ദേഹം പങ്കാളിയായി. ഡേറ്റ, മാർക്കറ്റിങ് ഓട്ടോമേഷൻ, കൺസ്യൂമർ സർവീസുകൾ മുതലായ മേഖലകളിലാണ് ഇദ്ദേഹം സഹായം നല്‍കുന്നത്.

4. സിഷാന്‍ ഹയാത്ത്

2011ല്‍ ടാക്‌സി സര്‍വീസായ ഓലയിലാണ് സിഷാന്‍ ആദ്യമായി മൂലധനമിറക്കുന്നത്. നിലവില്‍ മുപ്പതോളം സ്റ്റാര്‍ട്ടപ്പുകളില്‍ ഇദ്ദേഹത്തിന്റെ ഓഹരിയുണ്ട്. എയ്ഞ്ചല്‍ ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പായ Powai Lake Ventures ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്.
ടോപ്പറിന്റെയും 2010ല്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏറ്റെടുത്ത ചോപാതി ബസാറിന്റെയും സഹസ്ഥാപകനാണ് ഇദ്ദേഹം.

5. ശരത് ശര്‍മ

ഇന്ത്യയില്‍ യാഹുവിന്റെ റിസർച്ച് ആൻഡ് ഡവലപ്മെന്റിന്റെ തലവനായിരുന്നു ശരത് ശര്‍മ. iSPIRT ന്റെ സ്ഥാപക അംഗമാണ്. ബിസിനസ് ഐഡിയ എത്രത്തോളം ആകര്‍ഷകമാണ് എന്നതാണ് ഇദ്ദേഹം ശ്രദ്ധിക്കുന്ന പ്രധാന കാര്യം.

6. ആനന്ദ് ലഡ്സറിയ

മുംബൈയിലെ കെമിക്കൽ നിർമാണ കമ്പനിയായ എവറസ്റ്റ് ഫ്ലേവേഴ്സിന്റെ സിഇഒയും പ്രോമോട്ടറുമാണ് ആനന്ദ്. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം മുന്‍പ് സർക്കാർ കയറ്റുമതി സ്ഥാപനമായ CHEMEXCIL ന്റെ ചെയര്‍മാനായിരുന്നു. നിലവില്‍ മുപ്പത്തഞ്ചു സ്ഥാപനങ്ങള്‍ക്ക് ഇദ്ദേഹം സഹായം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക്, മുംബൈ എയ്ഞ്ചല്‍സ് മുതലായവയുടെ സജീവ അംഗമാണ്. ടെക് മേഖലയിലെ കഴിവുറ്റ സംരംഭങ്ങള്‍ക്കാണ് ഇദ്ദേഹവും സഹായങ്ങള്‍ നല്‍കുന്നത്.

7. സുനിൽ കൽറ

ന്യൂഡല്‍ഹിക്കാരനായ ഇദ്ദേഹം 2002 ല്‍ ആണ് ആദ്യമായി എയ്ഞ്ചല്‍ ആവുന്നത്. ലെതര്‍ കയറ്റുമതി രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഈ രംഗത്ത് വന്നതോടെ നിലവില്‍ അന്‍പതോളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കി. ഇന്ത്യൻ എയ്ഞ്ചൽ നെറ്റ്‌വർക്ക് അംഗമായ ഇദ്ദേഹം ഡെറാഡൂനിലെ പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസ് സർവകലാശാലയുടെ സ്ഥാപക അംഗം കൂടിയാണ്.

8. രാജേഷ് ഷോനി

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മീഡിയ ഗ്രൂപ്പായ ടൈംസ് ഗ്രൂപ്പിന്റെ ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടൈംസ് ഇന്റര്‍നെറ്റിന്റെ സ്ഥാപകന്‍. 35 സ്ഥാപനങ്ങള്‍ക്ക് മൂലധനം നല്‍കി. റിലയന്‍സ് എന്റര്‍ടയിന്‍മെന്റ് ഗ്രൂപ്പിന്റെ സ്ഥാപക പ്രസിഡന്റ് ആയിരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും മൂലധനവും നല്‍കുന്ന GSF Accelerator എന്ന കമ്പനി ഇദ്ദേഹത്തിന്റെയാണ്. ഗുഡ്ഗാവിലെ ഫുഡ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ ഇന്നര്‍ഷെഫ് ഇദ്ദേഹത്തിന്റെ സംരംഭമാണ്.

9. ടി.വി. മോഹൻദാസ് പൈ

ഇന്‍ഫോസിസ് മുന്‍ സിഇഒ ആയ മോഹന്‍ദാസ് പൈ ഇതുവരെ നാല്‍പ്പതു സംരംഭങ്ങളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ ചെയര്‍മാനായ ഇദ്ദേഹം മലേഷ്യ, ആന്റിഗ്വ, ദുബായ്, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളില്‍ ഉപരിപഠനം നടത്താന്‍ വേണ്ട സര്‍വീസുകളാണ് നല്‍കുന്നത്.

10. രേഹാൻ യാർ ഖാന്‍

ഒറിയോസ് വെൻച്വർ പാർട്ണേഴ്സ് സ്ഥാപകനായ രേഹന്‍ നിലവില്‍ ഇരുപതു കമ്പനികള്‍ക്ക് സഹായം നല്‍കി. മൊബൈൽ ടെക്നോളജി, ഇ–കൊമേഴ്സ്, ഇന്റർനെറ്റ് തുടങ്ങിയവയാണ് പ്രധാന മേഖലകള്‍.

സഹായം ചോദിക്കും മുന്‍പേ നിര്‍ബന്ധമായും ഇവ അന്വേഷിക്കുക

1. സ്റ്റാര്‍ട്ടപ്പ് വിജയകരമായില്ലെങ്കില്‍ എന്ത് സംഭവിക്കും? നിലനില്‍പ്പ് അപായകരമാവുന്ന സഹായങ്ങള്‍ സ്വീകരിക്കാതിരിക്കുക.
2. സഹായം എത്ര കാലത്തേക്ക് നല്‍കും?
3. എത്ര രൂപയാണ് നിക്ഷേപിക്കുക. അവ ഘട്ടംഘട്ടമായാണ് നൽകുകയെങ്കില്‍ എങ്ങനെ?
4. എത്രത്തോളം സൗഹൃദപരമായ ബന്ധമായിരിക്കും ഇത്? നല്‍കുന്ന സഹായം ഏതു രൂപത്തില്‍ ആണ് നിക്ഷേപിക്കുന്നത്?
5. ചെക്ക് ഇടപാടുകളില്‍ ഒപ്പ് വയ്ക്കുന്നത് ആരാണ്?
6. മുന്‍പേ പണം നിക്ഷേപിച്ചവയില്‍ ഏതെങ്കിലും പരാജയപ്പെട്ടിട്ടുണ്ടോ? അവയുടെ റഫറന്‍സ് തരാന്‍ സാധ്യമാണോ?

ഫണ്ടിങ് കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും മികച്ച പ്രോജക്ടുകള്‍ക്ക് പണമിറക്കി സഹായിക്കാന്‍ നിരവധി ആളുകള്‍ ഇവിടെയുണ്ട്. ഇങ്ങനെയുള്ളവരുടെ സഹായം സ്വീകരിക്കുമ്പോള്‍ പണം മാത്രമല്ല, ഒപ്പം അവരുടെ പ്രവര്‍ത്തന പരിചയവും സംരംഭകര്‍ക്ക് മുതല്‍ക്കൂട്ടാവും.