Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരുവിൽ ഐഫോൺ നിർമിക്കാൻ ആപ്പിൾ?

i-phone

ബെംഗളൂരുവിൽ ഐഫോൺ നിർമിക്കാൻ ആപ്പിൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രീമിയം സ്മാർട്ഫോൺ നിര്‍മാതാക്കളുടെ തായ്‌വാൻ പങ്കാളി വിസ്ട്രോൺ ബെഗളൂരുവിനടുത്ത് പീന്യായിൽ നിർമിക്കുന്ന പ്ലാന്റിൽ ഐഫോൺ നിർമിക്കുകയോ അസംബിൾ ചെയ്യുകയോ ചെയ്യുമെന്നാണു റിപ്പോർട്ട്. ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ആപ്പിൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം 2017 ഏപ്രിൽ മാസത്തോടെ പുതിയ പ്ലാന്റ് പൂർണ സജ്ജമാകുമെന്നും ഉൽപാദനം തുടങ്ങുമെന്നും വ്യാവസായിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഈ വർഷമാദ്യം ഇന്ത്യയിലെത്തിയ ആപ്പിൾ സിഇഒ ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ ആപ്പിൾ ഉൽപന്നങ്ങൾ രാജ്യത്തു നിർമിക്കുന്നതിന് പ്രധാനമന്ത്രി ഊന്നൽ നൽകിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കു ശേഷം തങ്ങളുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ തദ്ദേശീയമായി നിർമിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചു കമ്പനി പഠിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

സ്മാർട്ഫോൺ നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് ആപ്പിൾ നേരിടുന്ന പ്രധാന വെല്ലുവിളി. ചൈനയിൽ ഇത്തരം അസംസ്കൃത വസ്തുക്കൾ സുലഭമാണെന്നതാണ് പ്രമുഖ സ്മാർട്ഫോൺ നിർമാതാക്കളെല്ലാം ചൈനയിലേക്കു തിരിയാൻ കാരണം.

ആപ്പിളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിപണിയാണ് ഇന്ത്യ. ഇന്ത്യയിൽ നിർമാണം ആരംഭിക്കുന്നതോടെ ഐഫോൺ വിലയിൽ കാര്യമായ കുറവുണ്ടാകും. 12.5 ശതമാനം ഇറക്കുമതിക്കരം ഒഴിവാകുന്നതോടെയാണിത്. ഇപ്പോൾ തന്നെ പ്രീമിയം സ്മാർട്ഫോൺ വിപണിയിൽ വ്യക്തമായ ആധിപത്യം പുലർത്തുന്ന ആപ്പിളിന് തങ്ങളുടെ സാന്നിധ്യം ഒന്നുകൂടി ശക്തമാക്കാൻ ഇതിലൂടെ സാധിക്കുമെന്നുറപ്പ്.

ഉപയോഗിച്ച ഐഫോൺ മോഡലുകൾ ഇന്ത്യയിൽ വിൽക്കുന്നതിന് ആപ്പിൾ കഴിഞ്ഞ വർഷം അനുമതി തേടിയിരുന്നു. ഇതിനു കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചിരുന്നു.