Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂർക്കാരൻ ബൈജുവിന്റെ ആപ്പിന് സക്കർബർഗിന്റെ 330 കോടി രൂപ!

baijus-app

കണ്ണൂർ അഴീക്കോടു സ്വദേശി ബൈജു രവീന്ദ്രന്റെ സ്റ്റാർട്ടപ്പ് സംരംഭമായ ബൈജൂസ് ആപ്പിൽ സുക്കർബർഗ് വൻ നിക്ഷേപത്തിനൊരുങ്ങുന്നു. സുക്കർബർഗും ഭാര്യ പ്രിസില്ല ചാനും ചേർന്നു തുടങ്ങിയ ചാൻ സക്കർബർഗ് ഇനിഷ്യേറ്റിവ് (സിസെഡ്ഐ) എ​ന്ന സംരംഭമാണു ബൈജൂസ് ആപ്പിൽ നിക്ഷേപം നടത്തുന്നത്. സുക്കർബർഗിന്റേതടക്കം നാലു വിദേശ കമ്പനികളിൽ നിന്നായി 50 മില്ല്യൻ ഡോളറിന്റെ (ഏകദേശം 333 കോടി രൂപ) മൂലധന നിക്ഷേപമാണു കമ്പനി സ്വീകരിക്കുന്നതെന്ന് ബൈജൂസ് ആപ്പ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവുമായ ബൈജു രവീന്ദ്രൻ പറയുന്നു.

സിസെഡ്ഐ ഏഷ്യയിൽ നടത്തുന്ന ആദ്യ നിക്ഷേപമാണു ബൈജൂസ് ആപ്പിലേത്. എത്ര രൂപയുടെ നിക്ഷേപമാണു സുക്കർബർഗിന്റെ സ്ഥാപനം നടത്തുന്നതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. സിസെഡ്ഐയ്ക്കു പുറമേ സെക്വയ, സോഫിന, ലൈറ്റ് സ്പീഡ്, ടൈംസ് ഇന്റർനെറ്റ് എന്നീ വെ‍ഞ്ച്വർ ക്യാപിറ്റൽ കമ്പനികളും നിക്ഷേപം നടത്തുന്നുണ്ട്.

ബൈജു രവീന്ദ്രന്റെ‌ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായാണു തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനി പ്രവർത്തിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലും ആറാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങൾക്കു പഠന സഹായം നൽകുകയാണ് ബൈജൂസ് ആപ്പിന്റെ ലക്ഷ്യം. എൻട്രൻസ് പരീക്ഷാ പരിശീലനവും ഇതിലൂടെ നൽകുന്നുണ്ട്. അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കും പ്രവർത്തം വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

2011ൽ തുടങ്ങിയ സംരംഭം കഴിഞ്ഞ വർഷമാണ് ആപ്പ് രൂപത്തിൽ പുറത്തിറക്കിയത്. പ്രതിദിനം 40 മിനിറ്റ് എ​ൻഗേജ്മെന്റ് റേറ്റാണ് ആപ്പിന് ഇപ്പോഴുള്ളത്. കുട്ടികൾക്ക് ജനനം മുതൽ വിദ്യാഭ്യാസ കാലഘട്ടം പൂർത്തിയാകുന്നതുവരെയുള്ള പഠന, ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായാണു സുക്കർബർഗും ഭാര്യയും ചേർന്നു സിസെഡ്​ഐയ്ക്കു തുടക്കമിട്ടത്.