Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എഫ്ബി, വാട്സാപ്പ് പെണ്ണിനെ കുരുക്കാൻ മാത്രം'

whatsapp

കൊല്ലത്തും തിരുവനന്തപുരത്തും ഓൺലൈൻ ലൈംഗിക വാണിഭ റാക്കറ്റ് കണ്ടെത്തുകയും രാഹുൽ പശുപാലനും ഭാര്യ രശ്മി നായരും ഓൺലൈൻ ലൈംഗിക വാണിഭക്കേസിൽ പിടിയിലാവുകയും ചെയ്തതോടെയാണ് ഇങ്ങനെയൊരു കുറ്റകൃത്യശാഖയെ കേരളം ഗൗരവമായി ശ്രദ്ധിച്ചുതുടങ്ങുന്നത്. ഫെയ്സ്ബുക്ക് പേജിലൂടെയും പ്രത്യേക വെബ്സൈറ്റ് വഴിയും സ്ത്രീകളുടെയും കുട്ടികളുടേതുമുൾപ്പെടെ നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ചു റാക്കറ്റ് പ്രവർത്തിക്കുകയാണെന്നു കാട്ടി ചൈൽഡ് റൈറ്റ്സ് കമ്മിഷൻ അംഗം ഡിജിപിക്കു നൽകിയ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിൽ മാസങ്ങൾക്കു മുൻപ് ഒരു സംഘം കുടുങ്ങിയിരുന്നു. രണ്ടാംഘട്ടമായാണു രണ്ടാഴ്ചയ്ക്കുമുൻപ് രാഹുൽ പശുപാലനും രശ്മിയുമടങ്ങുന്ന സംഘം പിടിയിലായത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ ഓൺലൈൻ വാണിഭറാക്കറ്റുകളുണ്ടെന്നു തെളിഞ്ഞു കഴിഞ്ഞു. മറ്റു ജില്ലകളിലെ പെൺകുട്ടികളുടെ വിവരങ്ങളും എസ്കോർട്ട്, കോൾ ഗേൾ സൈറ്റുകളിൽ ഒട്ടേറെയുള്ളതായി കാണുന്നു. ഈ ഓൺലൈൻ സംഘങ്ങൾ പരസ്പരധാരണയോടെ പ്രവർത്തിക്കുന്നു. വളരെ വ്യക്തമായ ഓൺലൈൻ മാഫിയാപ്രവർത്തനം ഇതിനുപിന്നിലുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തി. 14 ജില്ലകളിലും നൂറുകണക്കിനു വനിതകളടക്കം ഏജന്റുമാരുള്ള ശക്തമായ ബിസിനസ്. ‘ലോക്കൽ നെറ്റ്‌വർക്ക്’ വഴി കസ്റ്റമേഴ്സിനെ കണ്ടെത്തി, അവരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടിലേക്കും പിന്നീട് അവരുടെ ഫ്രണ്ട്സ്, ഫ്രണ്ട്സിന്റെ ഫ്രണ്ട്സ് കൂട്ടങ്ങളിലേക്കും ‘പീപ്പിൾ യു മേ നോ’ എന്ന ടാഗിൽ സ്ത്രീകളുടെ ചിത്രങ്ങൾ അയച്ചാണു പലരെയും കുരുക്കുന്നത്. വാണിഭസംഘങ്ങൾക്കു പ്രത്യേക വാട്സാപ്പ് ഗ്രൂപ്പുകളുമുണ്ട്. പലസ്ഥലത്തുനിന്നു പലരീതിയിൽ പിടിക്കപ്പെടുന്ന പ്രതികളെല്ലാം വിശാലവും ഇനിയും അദൃശ്യവുമായ ചങ്ങലയിലെ കണ്ണികളാണ്.

ഫോൺ സെക്സ്, വെബ്ക്യാം സെക്സ്, കപ്പിൾ സെക്സ് ചാറ്റ്, സെക്സ്റ്റിങ് (അശ്ലീല സന്ദേശങ്ങൾ അയയ്ക്കൽ), സെക്സ് ചാറ്റ് തുടങ്ങിയവയ്ക്കായി മലയാളികൾക്കു വേണ്ടി മാത്രം നിലവിലുള്ളതു നൂറുകണക്കിനു സൈറ്റുകളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പുരുഷൻ, സ്ത്രീ, കന്യകകളെ തേടുന്നവർ, വിധവകളെ വേണ്ടവർ, മധ്യവയസ്കരെ ആവശ്യമുള്ളവർ എന്നു തുടങ്ങി ജില്ലകൾ തിരിച്ചും ഉദ്യോഗം അനുസരിച്ചും (അധ്യാപിക, നഴ്സ്, ഡോക്ടർ, നർത്തകി, ഐടി പ്രഫഷനൽ) സെർച്ചിങ് നൽകുന്നു. ഓരോ ജില്ലയിലും എത്രപേർ ലഭ്യമാണെന്നു നമ്പരുകൾ പോലും നൽകിയിട്ടുണ്ട്.

ചില സൈറ്റുകളിൽ സെക്സ് സർവീസുകളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ മാത്രമല്ല. വിവിധ പരസ്യങ്ങൾക്കിടയിൽ ഫ്രണ്ട്ഷിപ് ക്ലബ്, ഇറോട്ടിക്, കാഷ്വൽ എൻകൗണ്ടർ, എസ്കോർട്, കോൾ ഗേൾ, സെക്സ്ചാറ്റ് പരസ്യങ്ങളും നിറയുന്നു. തുടരും

cyber-series-logo

വിവരങ്ങൾ ശേഖരിച്ചത്:

സന്ധ്യ ഗ്രെയ്സ്, കെ. രേഖ, രമ്യ ബിനോയ്, ഗായത്രി മുരളീധരൻ, നീത നവീൻ, ഗായത്രി ജയരാജ്, ടി.എസ്. ദിവ്യ, അനു മരിയ ജേക്കബ്, ശ്രീദേവി നമ്പ്യാർ, കെ.പി. സഫീന, ജൂണി ജേക്കബ്, കെ. ശ്രീരേഖ, അൻസു അന്ന ബേബി, റിയ ജോയ്, ലിനുമോൾ ചാക്കോ, നിന്നി മേരി ബേബി, ഷഹ‍ല കുഞ്ഞുമുഹമ്മദ്

related stories