Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ ആദ്യ എടിഎമ്മും ഇനി 'അസാധു'

കോട്ടയം∙ നോട്ട് അസാധുവായി പണത്തിന് എടിഎമ്മിനു മുന്നിൽ മലയാളികൾ വരിനിൽക്കുന്ന കാലത്ത് ഒരു സങ്കടവാർത്ത. കേരളത്തിലെ ആദ്യത്തെ എടിഎം അടച്ചുപൂട്ടുന്നു. 1993 ഡിസംബർ എട്ടിന് തിരുവനന്തപുരം വെള്ളയമ്പലത്ത് ബ്രിട്ടീഷ് ബാങ്ക് ഓഫ് ദ് മിഡിൽ ഈസ്‌റ്റ് (ഇപ്പോൾ എച്ച്എസ്ബിസി) സ്ഥാപിച്ച എടിഎമ്മാണ് അടച്ചുപൂട്ടുന്നത്. ബാങ്കിന്റെ അവസാന പ്രവൃത്തിദിനമായിരുന്നു ഇന്നലെ. ഓൺലൈൻ ബാങ്കിങ് വർധിച്ചതിനെത്തുടർന്നു രാജ്യത്തെ ശാഖകളിൽ ഇടപാടുകാർ കുറഞ്ഞതിനെത്തുടർന്നാണ് വെള്ളയമ്പലത്തെ ഓഫീസ് ഇന്നലെ സേവനം അവസാനിപ്പിച്ചത്. ആകെ‌യുണ്ടായിരുന്ന 36 ജീവനക്കാരിൽ ചിലർ നേരത്തെ പിരിഞ്ഞുപോയി. ശേഷിച്ച രണ്ടുപേരെ കൊച്ചിശാഖയിലേക്ക് മാറ്റി. അരക്കോടി മുതൽ ഒരുകോടിവരെയാണ് ജീവനക്കാർക്ക് നഷ്ടപരിഹാരമായി ലഭിച്ചത്.

∙കേരളത്തിലെ ആദ്യത്തെ എ.ടി.എം; തുറന്നപ്പോൾ ഇടതു പ്രതിഷേധം, ധർണ

തലസ്ഥാനവാസികൾ ആദ്യത്തെ എടിഎമ്മിനെ അത്ഭുതത്തോട‌െയാണു വരവേറ്റത്. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരും എടിഎം കാണാനെത്തി. ആരു ചോദിച്ചാലും പണം തരുമെന്നു കരക്കമ്പികൾ പാഞ്ഞു. തൊട്ടുപിന്നാലെ പ്രതിഷേധക്കാരുമെത്തി. ജീവനക്കാരു‌ടെ‌ ജോലി കളയുന്ന എടിഎം വേണ്ടെന്നായിരുന്നു മുദ്രാവാക്യം. സമരക്കാരെ തണുപ്പിക്കാൻ ബാങ്ക് അധികൃതർ പ്രവർത്തനലക്ഷ്യങ്ങൾ വിവരിച്ചെങ്കിലും ബാങ്കിങ് മേഖലയിലുള്ളവർ പോലും അനുകൂലമായല്ല പ്രതികരിച്ചത്. വെള്ളയമ്പലത്തെ എ.ടി.എം. കൗണ്ടറിനു മുന്നിൽ മുദ്രാവാക്യങ്ങളുമായി യൂണിയൻ പ്രവർത്തകർ നിലയുറപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞതോ‌ടെ പ്രതിഷേധം അയഞ്ഞു. സമരം നടത്തിയവർ തന്നെ പണമെടുക്കാനായി പിന്നീട് ഈ എടിഎമ്മിനു മുന്നിലെത്തി.

∙‘രാഹുകാലത്ത്’ കരുണാകരൻ ഉദ്ഘാടനം െചയ്ത എടിഎം

ബാങ്കിങ് മേഖലയിലെ കംപ്യൂട്ടർവൽക്കരണം 1983ൽ തന്നെ തുടങ്ങിയിരുന്നെങ്കിലും കേരളത്തിലെത്താൻ പത്തു വർഷം കൂടിയെടുത്തു. കേരളത്തിൽ പൊതുമേഖലാബാങ്കുകളിൽ ആദ്യ എടിഎം തുട‌ങ്ങിയത് എസ്ബിടിയാണ്. 1994 അവസാനം. എസ്ബിടിയുടെ തിരുവനന്തപുരം സ്റ്റാച്യു ശാഖയിലാണ് ആദ്യ എടിഎം സ്ഥാപിച്ചത്. മുഖ്യമന്ത്രി കരുണാകരൻ ഉദ്ഘാടനം ചെയ്തു. അൽപം വൈകിയാണ് കരുണാകരൻ ഉദ്ഘാടന വേദിയിലെത്തിയത്. അപ്പോഴേക്കും ജോതിഷികൾ കുറിച്ചുനൽകിയ ‘നല്ല സമയം’ മാറി ‘രാഹുകാലം’ തുടങ്ങിയിരുന്നു. ഉദ്ഘാടനത്തിനു മുൻപ് മുഖ്യമന്ത്രിയോട് ആരോ ഇതു സൂചിപ്പിച്ചു. ‘ബാങ്കിങ് രംഗത്ത് വലിയൊരു മത്സരത്തിനാണ് തുടക്കമാകുന്നത്. യുദ്ധം തുടങ്ങാൻ രാഹുകാലം നല്ലതാണ്’- കരുണാകരന്റെ മറുപടി ഇങ്ങനെയായിരുന്നു. എന്തായാലും എസ്ബിടിയെ രാഹു വിഴുങ്ങിയില്ല. നൂറുകണക്കിന് എടിഎമ്മുകളുമായി കേരളമൊട്ടാകെ അവർ സാന്നിധ്യമറിയിച്ചു.

∙ കേരളത്തിലെ ആദ്യത്തെ.. അല്ല, ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന എടിഎം കേരളത്തിൽ

2004 ഫെബ്രുവരി 9. അന്നാണ് ലോകത്തിലെ ആദ്യ ഒഴുകുന്ന എടിഎം എന്ന അവകാശവാദത്തോ‌‌ടെ എസ്ബിഐ കൊച്ചിയിൽ എടിഎം സ്ഥാപിച്ചത്. കൊച്ചിയിൽനിന്ന് വൈപ്പിനിലേക്ക് സർവ്വീസ് നടത്തുന്ന ഷിപ്പിങ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ ജങ്കാറിലാണ് (ബോട്ട്) എടിഎം സ്ഥാപിച്ചത്. 30 യാത്രകളിലായി 5000 ത്തോളം ആളുകളെയാണ് ജങ്കാർ ഇരുകരകളിലും എത്തിച്ചിരുന്നത്. അവർക്ക് പ്രയോജനപ്പെടുന്ന വിധത്തിലാണ് എടിഎം സ്ഥാപിച്ചത്.

∙ ലോകത്തിലെ ആദ്യ എടിഎം

കുളിമുറിയിൽവച്ചാണ് പണം പിൻവലിക്കുന്ന യന്ത്രത്തിന്റെ ആശയം ജീവനക്കാരനായ ജോൺ ഷെപ്പേഡ് ബാരന് ലഭിക്കുന്നത്. ഒരു പ്രസ് ജീവനക്കാരനായിരുന്നു ബാരൻ. അത്യാവശ്യത്തിന് പണം പിൻവലിക്കാനായി ബാങ്കിലെത്തിയെങ്കിലും സമയം കഴിഞ്ഞതിനാൽ ജോൺ ഷെപ്പേഡ് ബാരന് നിരാശനായി വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. കുളിമുറിയിൽവച്ചാണ്, നാണയമിട്ടാൽ ചോക്കലേറ്റ് പുറത്തേക്കുവരുന്ന യന്ത്രത്തിൽനിന്ന് ‘എടിഎം’ എന്ന ആശയത്തിലേക്ക് അദ്ദേഹമെത്തുന്നത്. പദ്ധതി ഇഷ്ടപ്പെട്ട ബാർക്ലേയ്സ് ബാങ്ക് ജനറൽ മാനേജർ കൂടുതൽ ചർച്ചകൾക്ക് ബാരനെ ക്ഷണിച്ചു, യന്ത്രം നിർമ്മിക്കുന്നതിന് അനുമതി നൽകി.

‘ബാങ്കിലെ ചെക്ക് ഒരു മെഷീനിൽ നിക്ഷേപിച്ചാൽ അതിൽനിന്നും പണം ഏപ്പോൾ വേണമെങ്കിലും പുറത്തേക്ക് എടുക്കാന്‍ കഴിയുന്ന ഒരു വിദ്യ എന്റെ കയ്യിലുണ്ടെന്നാണ് ഞാൻ ബാങ്കിന്റെ ജനറൽ മാനജേരോട് പറഞ്ഞത്- ജോൺ ഷെപ്പേർഡ് ബാരൻ പിന്നീട് അനുസ്മരിച്ചു. ബാരൻ കണ്ടുപിടിച്ച എടിഎം 1967ൽ ബാങ്ക് ഓഫ് ലണ്ടനിൽ സ്ഥാപിച്ചു. അഭിനേതാവായ റെഗ് വേർണെയാണ് ആദ്യമായി പണം പിൻവലിച്ചത്.

കാർഡിന് പകരം കാർബൺ സാന്നിധ്യമുള്ള ചെക്കുകളാണ് ആദ്യം ഉപയോഗിച്ചിരുന്നത്. ചെക്ക് തിരിച്ചറിയുന്ന മെഷീൻ രഹസ്യപിൻ നമ്പർ ചോദിക്കുന്ന തരത്തിലായിരുന്നു ക്രമീകരണം. നാലക്ക പിൻനമ്പറെന്ന ആശയവും ജോൺ ഷെപ്പേഡ് ബാരന്റെയാണ്. ഇന്ത്യയുമായും അദ്ദേഹത്തിന് ബന്ധമുണ്ട്. 1925 ജൂൺ 23ന് മേഖാലയയിലാണ് അദ്ദേഹം ജനിച്ചത്.

∙ എടിഎം ഇന്ത്യയിൽ

1967ൽ കണ്ടുപിടിച്ചെങ്കിലും ഇന്ത്യയിൽ എടിഎം (ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ) വരുന്നത് 1987ൽ ആണ്. മുംബൈയിൽ എച്ച്എസ്ബിസി ബാങ്കാണ് ഇന്ത്യയിൽ ആദ്യത്തെ എടിഎം സ്ഥാപിച്ചത്.