Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെല്‍ഫിയെടുത്ത് ടെക്കി യുവാവ് കോടീശ്വരനായി, വരുമാനം 21,832 കോടി രൂപ!

kevin-systrom

സെല്‍ഫികളുടെ കാലമാണ്. പുതിയ ഒരു ഡ്രസ്സ്‌ വാങ്ങിയാല്‍, മനോഹരമായ ഏതെങ്കിലും സ്ഥലത്ത് പോയാല്‍, പുതുതായി എന്തെങ്കിലും തുടങ്ങിയാല്‍ എന്നു വേണ്ട, ഉറങ്ങുമ്പോള്‍ പോലും സെല്‍ഫിയെടുത്ത് ഷെയര്‍ ചെയ്യുന്ന വിരുതന്മാരുമുണ്ട്! എന്നാൽ സെല്‍ഫി കൊണ്ട് കോടീശ്വരനായ ഒരാളുടെ കഥയുണ്ട്. മറ്റാരുമല്ല, ഇന്ന് ഏറ്റവും കൂടുതല്‍ സെല്‍ഫികള്‍ ഷെയര്‍ ചെയ്യപ്പെടുന്ന ഇന്‍സ്റ്റഗ്രാം ആപ്പ് വികസിപ്പിച്ചെടുത്ത കെവിന്‍ സിസ്ട്രോമിന്റെ ജീവിതകഥ.

സെല്‍ഫി ഭ്രാന്തന്മാര്‍ക്ക് വേണ്ടി മാത്രമുള്ള ആപ്പാണ് ഇന്‍സ്റ്റഗ്രാം. ടെക്നോളജിയോടും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിനോടും അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്ന കെവിന്‍ ഒടുവില്‍ അതില്‍ നിന്നുതന്നെ ജീവിതം കെട്ടിപ്പടുത്ത കഥ പുതുതലമുറ യുവാക്കള്‍ക്ക് തീര്‍ച്ചയായും പ്രചോദനമാണ്.

കൗമാരകാലത്ത് തന്നെ കെവിന്‍ ചെറിയ പ്രോഗ്രാമുകള്‍ ചെയ്യുമായിരുന്നു. കൂട്ടുകാരെ കളിപ്പിക്കാനുള്ള കുസൃതിത്തരമായിരുന്നു അത്. അവരുടെ എഒഎൽ ഇൻസ്റ്റന്റ് മെസഞ്ചർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുക എന്നതായിരുന്നു അന്നത്തെ പ്രോഗ്രാമിങ്!

കെവിന്‍റെ അമ്മ ആദ്യമേ സാങ്കേതികരംഗവുമായി ബന്ധമുള്ള സ്ത്രീയായിരുന്നു. മോന്‍സ്റ്റര്‍ ഡോട്ട് കോമിലും സിപ്കര്‍ ലും അവര്‍ ജോലി നോക്കി. അമ്മയുടെ സ്വാധീനം കെവിന്‍റെ ജീവിതത്തിലുടനീളം ഉണ്ട്. ജന്മനാ ടെക്നോളജിയോടുള്ള താല്പര്യത്തിനു പുറമേ മികച്ച ടെക് കമ്പനികളില്‍ ജോലി നോക്കിയിരുന്ന അമ്മയും കെവിന്‍റെ വളര്‍ച്ചയില്‍ പ്രധാന ഘടകമായി.

kevin-instagram

കൗമാരകാലത്ത് കെവിന് അതിനേക്കാള്‍ താല്പര്യമുള്ള മറ്റൊരു മേഖലയുണ്ടായിരുന്നു. ഡീജേയിംഗ്! വിനൈല്‍ റെക്കോഡുകള്‍ വില്‍ക്കുന്ന ന്യൂബറി സ്ട്രീറ്റില്‍ കെവിന്‍ ജോലിക്ക് ശ്രമിക്കാന്‍ കാരണവും അതായിരുന്നു. തന്നെ ജോലിക്കെടുക്കണം എന്നപേക്ഷിച്ചുകൊണ്ട് ദിനവും കെവിന്‍ അവര്‍ക്ക് മെയിലുകള്‍ അയച്ചു. അവസാനം അവര്‍ കനിഞ്ഞു. ആഴ്ചയില്‍ ഏതാനും മണിക്കൂറുകള്‍ അവിടെ ജോലി ചെയ്തുകൊള്ളാന്‍ സമ്മതിച്ചു. എങ്കിലും ഡീജെ ആവുക എന്ന സ്വപ്നം ഉള്ളില്‍ തന്നെയുണ്ടായിരുന്നു.

ബോസ്റ്റണ്‍ ക്ലബ് ഷോകളില്‍ ഡീജെകളെ ആവശ്യം വന്നു. പതിനെട്ടു വയസില്‍ താഴെ ആയതിനാല്‍ കെവിന് അതില്‍ കയറിപ്പറ്റണമെങ്കില്‍ സുഹൃത്തുക്കളുടെ സഹായം തേടണമായിരുന്നു. ഡീജെയിംഗ് എന്നതിലുപരി സോഷ്യലാവുക എന്നതായിരുന്നു അതിനു പിന്നില്‍. ആളുകളുമായി കൂടുതല്‍ ഇടപഴകാന്‍ ഇഷ്ടമുള്ള കൂട്ടത്തിലായിരുന്നു കെവിന്‍. കുറച്ചുകാലം അങ്ങനെ പോയി.

കോളേജില്‍ ചേരേണ്ട സമയം വന്നു. സ്റ്റാന്‍ഫോര്‍ഡ് തന്നെയായിരുന്നു അന്നത്തെ ഏറ്റവും മികച്ച ചോയ്സ്. കംപ്യൂട്ടര്‍ സയന്‍സ് എടുക്കണമെന്ന് കെവിന്‍ ആദ്യമേ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. പക്ഷേ കൂടുതലും അക്കാദമിക് ആയ കോഴ്സ് ആയതിനാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ കെവിന്‍ അതുവിട്ട് സ്റ്റാന്‍ഫോര്‍ഡിന്‍റെ തന്നെ മാനേജ്മെന്റ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് പ്രോഗ്രാമില്‍ ചേര്‍ന്നു. പ്രാക്ടിക്കല്‍ വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന കോഴ്സായിരുന്നു അത്. ഫിനാന്‍സ്, ഇക്കോണമിക്സ് തുടങ്ങിയ വിഷയങ്ങള്‍ ആയിരുന്നു പ്രധാനമായും പഠിക്കാന്‍ ഉണ്ടായിരുന്നത്.

instagram

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ കൂട്ടുകാര്‍ക്ക് വേണ്ടി ഗെയിമുകള്‍ നിര്‍മ്മിച്ചിരുന്ന ഒരാള്‍ ഉണ്ടായിരുന്നു; മാര്‍ക്ക് സക്കര്‍ബര്‍ഗ്. കെവിനും അതേപോലെ തന്നെയായിരുന്നു. ഗെയിമുകള്‍ക്ക് പകരം പ്രോഗ്രാമുകള്‍ ആയിരുന്നു ചെയ്തിരുന്നതെന്ന് മാത്രം. അങ്ങനെയാണ് സഹോദരങ്ങള്‍ക്ക്‌ പരസ്പരം ഫോട്ടോകള്‍ ഷെയര്‍ ചെയ്യാനായി ഫോട്ടോ സൈറ്റ് ഉണ്ടാക്കുന്നത്. അപ്പോഴാണ്‌ ഫോട്ടോഗ്രാഫിയോടുള്ള തന്റെ താല്പര്യം കെവിന്‍ തിരിച്ചറിയുന്നത്. ഒരിക്കല്‍ ഫ്ലോറന്‍സില്‍ പോയ സമയത്ത് ഒരു ഇറ്റാലിയന്‍ പ്രൊഫസര്‍ കെവിന് 'ഹോള്ഗ' എന്ന പേരിലുള്ള ഒരു കുഞ്ഞു ക്യാമറ കാണിച്ചു കൊടുത്തു. അധികം വിലയില്ലാത്ത ഒരു ചൈനീസ് ക്യാമറയായിരുന്നു അത്. റിട്രോ സ്റ്റൈല്‍ ഫോട്ടോകള്‍ എടുക്കാന്‍ ബെസ്റ്റ് ആയിരുന്നു അത്. അങ്ങനെ കെവിന്‍ ഫോട്ടോകളുടെ ലോകത്തേയ്ക്ക് വീണു.

കോളേജ് അവധിക്കാലത്ത്‌ കെവിന്‍ ഓഡിയോ എന്നൊരു കമ്പനിയില്‍ ഇന്റേന്‍ഷിപ്പ് ചെയ്തു. ഓരു പോഡ്കാസ്റ്റ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായിരുന്നു അത്. ഇന്റര്‍നെറ്റ്‌ വഴിയുള്ള ദൃശ്യശ്രവ്യ വിവരങ്ങളുടെ പ്രക്ഷേപണത്തിനെയാണ് പോഡ്കാസ്റ്റ് എന്ന് പറയുന്നത്. അതിന്‍റെ ഉപജ്ഞാതാവായിരുന്ന ഇവാന്‍ വില്യംസ് പിന്നീട് ട്വിറ്ററിന്റെ സഹസ്ഥാപകനായി. അവിടെ കൂടെ ജോലിക്കുണ്ടായിരുന്ന മറ്റൊരാള്‍ ജാക്ക് ഡോര്‍സി ആയിരുന്നു. പിന്നീട് അദ്ദേഹവും ട്വിറ്ററിന്‍റെ സ്ഥാപകരിലോരാളായി. ഇവരില്‍ നിന്നെല്ലാം കുറെ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ പറ്റിയെന്നു കെവിന്‍ പറയുന്നു.

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ പഠനകാലത്ത് മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനികളില്‍ നിന്ന് കെവിന് ഒരുപാട് അവസരങ്ങള്‍ വന്നു. ഗൂഗിളിലെ മാര്‍ക്കറ്റിംഗ് ജോലിയാണ് കെവിന്‍ തെരഞ്ഞെടുത്തത്. സ്റ്റാന്‍ഫോര്‍ഡില്‍ നിന്നുള്ളവര്‍ക്ക് സ്വയം അടയാളപ്പെടുത്താനുള്ള മികച്ച വഴിയായിരുന്നു അത്. ജിമെയില്‍, കലണ്ടര്‍ എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലായിരുന്നു കെവിന്‍ പ്രവര്‍ത്തിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഗൂഗിളിന്‍റെ M&A ഡിവിഷനിലേയ്ക്ക് മാറി. അവിടെ വച്ചാണ് വലിയ ടെക് ഡീലുകളെക്കുറിച്ചും അവയില്‍ നിന്ന് കാശുണ്ടാകുന്നതെങ്ങനെ എന്നുമൊക്കെ കെവിന്‍ മനസിലാക്കുന്നത്. ഗൂഗിളിലെ അടുത്ത മൂന്നുവര്‍ഷവും കെവിന്‍ കഠിനാധ്വാനം ചെയ്തു. അതിനു ശേഷം ഗൂഗിളിലെ ജോലി ഉപേക്ഷിച്ചു. സോഷ്യല്‍ വെബ്സൈറ്റുകളില്‍ വല്ലതും ജോലി നോക്കാനുള്ള അതിയായ ആഗ്രഹമായിരുന്നു അതിനു പിന്നില്‍.

INSTAGRAM

അങ്ങനെ സോഷ്യല്‍ ട്രാവല്‍ വെബ്സൈറ്റായ നെക്സ്റ്റ്സ്റ്റോപ്പില്‍ ജോലിക്ക് ചേർന്നു. അവിടെ വച്ച് കെവിന്‍ തനിക്ക് ഇഷ്ടമുള്ള കോഡിംഗ്, സൈറ്റിന് വേണ്ടിയുള്ള ആപ്പ് സ്റ്റൈല്‍ പ്രോഗ്രാമുകള്‍, ഗെയിമുകള്‍ എന്നിവയെല്ലാം ചെയ്തു. അപ്പോഴും ഫോട്ടോഗ്രാഫിയിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിലുമുള്ള പാഷന്‍ കെവിനെ മാടിവിളിച്ചുകൊണ്ടേയിരുന്നു. സ്വന്തമായി ഒരു സംരംഭം തുടങ്ങാനുള്ള ഉദ്യമം കെവിന്‍ അവിടെ ആരംഭിച്ചു. ഒഴിവുസമയങ്ങളില്‍ ജോലി ചെയ്ത് ലൊക്കേഷന്‍ ബേസ് ചെയ്തുള്ള ഒരു ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷന്‍റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചു. താന്‍ ഭാവിയില്‍ എന്നെങ്കിലും തുടങ്ങാന്‍ പോവുന്ന സ്റ്റാര്‍ട്ടപ്പിന് ബര്‍ബന്‍ എന്നായിരുന്നു കെവിന്‍ നല്‍കിയ പേര്.

2010ല്‍ ഒരു പാര്‍ട്ടിയില്‍ വച്ച് കെവിന്‍ വെഞ്ച്വർ ക്യാപിറ്റലിസ്റ്റായ സ്റ്റീവ് ആന്‍ഡേഴ്സനെ കണ്ടുമുട്ടി. ബേസ്ലൈന്‍ വെഞ്ച്വേഴ്സ് ഉടമയായിരുന്നു അദ്ദേഹം. തന്‍റെ ഐഡിയ കെവിന്‍ അദ്ദേഹവുമായി പങ്കു വച്ചു. അന്ന് രണ്ടു ലക്ഷത്തി അമ്പതിനായിരം ഡോളര്‍ പുതിയ ഉദ്യമത്തിനായി നല്‍കാമെന്ന് സ്റ്റീവ് വാഗ്ദാനം നല്‍കി. സിലിക്കന്‍ വാലിയിലെ മറ്റു രണ്ടു പ്രമുഖ വെഞ്ച്വര്‍ കാപിറ്റലിസ്റ്റുകള്‍ ആയിരുന്ന മാർക് ആൻഡ്രീസൻ, ബെൻ ഹൊറോവിറ്റ്സ് എന്നിവരും 250,000 ഡോളർ നിക്ഷേപിച്ചതോടെ കെവിന്‍ നെക്സ്റ്റ്സ്റ്റോപ് വിട്ടു.

മിക്ക സ്റ്റാര്‍ട്ടപ്പുകളിലും സഹസ്ഥാപകര്‍ കാണും. തനിക്കും ഒരു കൂട്ട് വേണമെന്ന് തോന്നിയിരുന്നു കെവിന്. അങ്ങനെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ തന്‍റെ ജൂനിയര്‍ ആയിരുന്ന മൈക്ക് ക്രീഗറിനെ കെവിന്‍ കൂടെക്കൂട്ടി. മീബോ എന്ന് പേരുള്ള ഒരു ചാറ്റ് പ്ലാറ്റ്ഫോം ഉണ്ടാക്കുന്ന ശ്രമത്തിലായിരുന്നു അന്ന് മൈക്ക്. 2010 മാര്‍ച്ചില്‍ കെവിന്‍റെ 'ബര്‍ബന്‍'ലേയ്ക്ക് മൈക്കും വലതുകാല്‍ വച്ച് കടന്നുവന്നു. ടെക് ബ്ലോഗുകളില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടെങ്കിലും പക്ഷേ, അന്നൊന്നും ബര്‍ബന്‍ പ്രത്യേകിച്ച് എന്തെങ്കിലും ഒരു സവിശേഷത അവകാശപ്പെടാന്‍ ഉണ്ടായിരുന്നില്ല.

ഫോട്ടോകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ട് തങ്ങളുടെ പ്രോജക്റ്റ് മുന്നോട്ടു കൊണ്ടുപോവാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ വികസിപ്പിച്ചെടുത്ത ഫോട്ടോ ആപ്പ് ആദ്യമായി ഐഫോണില്‍ പരീക്ഷിച്ചു. ഐഫോണ്‍ 4ലായിരുന്നു ആദ്യപരീക്ഷണം. അതിനു ഹൈ ക്വാളിറ്റി ബില്‍റ്റ് ഇന്‍ ക്യാമറ ഉണ്ടായിരുന്നു. ഹോള്ഗ ക്യാമറയിലേതു പോലെയുള്ള ചിത്രങ്ങള്‍ ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് വിവിധ രീതികളില്‍ ക്രമീകരിക്കാമായിരുന്നു. 'ഇന്‍സ്റ്റന്റ് ടെലിഗ്രാം' എന്ന് കെവിന്‍ അതിനെ വിളിച്ചു. പിന്നീടത് ഇന്‍സ്റ്റഗ്രാമായി മാറി. എട്ടാഴ്ചയോളം പരിശ്രമിച്ച് കെവിനും കൂട്ടുകാരനും കൂടി ഇന്‍സ്റ്റഗ്രാമിന്‍റെ ഡിസൈനും കോഡുമെല്ലാം നവീകരിച്ചു.

ഒക്ടോബര്‍ ആറിനായിരുന്നു ആദ്യമായി തങ്ങളുടെ ആപ്പ് അവര്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. ടെക് ബ്ലോഗുകളിലൂടെയും മറ്റും ആപ്പിനെ കുറിച്ചറിഞ്ഞ ആളുകള്‍ അതിന്‍റെ വരവ് കാത്തിരിക്കുക തന്നെയായിരുന്നു. അപ്ലിക്കേഷന്‍ ആദ്യമായി ലോഞ്ച് ബട്ടന്‍ പ്രസ് ചെയ്ത ശേഷം കെവിന്‍ അതെക്കുറിച്ച് ട്വീറ്റ് ചെയ്തു. ആളുകളുടെ ഒഴുക്കായിരുന്നു പിന്നീട്. ട്രാഫിക് കാരണം സെര്‍വറുകള്‍ ഡൗണ്‍ ആവാന്‍ തുടങ്ങി. ലോഞ്ച് ചെയ്തു വെറും രണ്ടു മണിക്കൂറിനകം ആയിരുന്നു അത്. ലോഞ്ച് പരാജയമായേക്കുമോ എന്നവര്‍ ഭയന്നു. പക്ഷേ, രണ്ടുപേരും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഒരുപോള കണ്ണടയ്ക്കാതെ ഇരുവരും അഹോരാത്രം പണിചെയ്തു. ഡൗണ്‍ ആയ സെര്‍വറുകള്‍ പൂര്‍വസ്ഥിതിയിലാക്കി.

ആദ്യത്തെ ഇരുപത്തിനാല് മണിക്കൂറുകള്‍ക്കകം കാല്‍ ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സൈനപ്പ് ചെയ്തത്. ആളുകള്‍ക്ക് അതങ്ങ് ഇഷ്ടപ്പെട്ടു. ഇന്‍സ്റ്റഗ്രാമിന്റെ തനതായ ശൈലി വളരെ സിംപിളും ആളുകള്‍ക്ക് ഈസിയായി ഉപയോഗിക്കാന്‍ സാധിക്കുന്നതുമായിരുന്നു. ഇതിനിടെ നിരവധി ആപ്പുകള്‍ ഇതേ ശൈലിയില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും അവയ്ക്കൊന്നിനും ഏഴയലത്ത് പോലും എത്താന്‍ സാധിച്ചില്ല.

ഒന്‍പതു മാസങ്ങള്‍ കൊണ്ട് ഇന്‍സ്റ്റഗ്രാമിന് ഏഴു മില്ല്യന്‍ ആളുകള്‍ ഉപഭോക്താക്കളായി മാറി. ജസ്റ്റിന്‍ ബീബര്‍, റയാന്‍ സീക്രെസ്റ്റ് മുതലായ സെലിബ്രിറ്റികള്‍ കൂടി തങ്ങളുടെ ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാം വഴി ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെ ആപ്പിന്റെ സോഷ്യല്‍ ഗ്രാഫ് കുത്തനെ ഉയര്‍ന്നു. അങ്ങനെയാണ് ഇത് ഫെയ്സ്ബുക്കിന്‍റെ കണ്ണില്‍പ്പെടുന്നത്.

ആളുകള്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാന്‍ ഇന്‍സ്റ്റഗ്രാം കൂടുതല്‍ ഉപയോഗിച്ച് തുടങ്ങിയതോടെ ഫെയ്സ്ബുക്ക് വഴിയുള്ള ഫോട്ടോ ഷെയറിംഗ് കുറഞ്ഞു. മൊബൈല്‍ ഫോണുകള്‍ക്ക് വേണ്ടി മാത്രമുണ്ടായിരുന്ന പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ വ്യത്യസ്തത പുലര്‍ത്തുന്നതാകയാല്‍ ആളുകള്‍ കൂടുതല്‍ അതിലൂടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാനായിരുന്നു ഇഷ്ടപ്പെട്ടത്. ലോഞ്ച് ചെയ്ത് വെറും രണ്ടു വര്‍ഷമായപ്പോള്‍ 2012 ഏപ്രില്‍ മാസത്തില്‍ തങ്ങള്‍ ഇന്‍സ്റ്റഗ്രാം ഏറ്റെടുക്കാന്‍ പോവുകയാണെന്ന് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചു. അതോടെ കെവിന്‍ ടെക് ലോകത്തെ താരമായി മാറി.

ഫെയ്സ്ബുക്ക് ഏറ്റെടുത്ത ശേഷവും കെവിനും അദ്ദേഹത്തിന്റെ പതിനാറംഗ ടീമും അങ്ങനെത്തന്നെ നിലനിന്നു. പ്രത്യേകിച്ച് ഒരുമാറ്റവും ആര്‍ക്കും ഇല്ല. ഇന്‍സ്റ്റഗ്രാമിന്റെ സവിശേഷതകള്‍ കൂട്ടാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. കൂടുതല്‍ ഫോട്ടോ ഫില്‍ട്ടറുകള്‍ വന്നു. ട്വിറ്ററിലും ഫെയ്സ്ബുക്കിലും പെട്ടെന്ന് ഷെയര്‍ ചെയ്യാനും ആളുകളെ ടാഗ് ചെയ്യാനും ഒക്കെയുള്ള സൗകര്യങ്ങള്‍ വന്നു. പരസ്യങ്ങള്‍ക്കായി സ്പോണ്‍സേഡ് ചിത്രങ്ങള്‍ ന്യൂസ്ഫീഡില്‍ പ്രത്യക്ഷപ്പെട്ടു. 2012 നവംബറില്‍ വെബ് ബ്രൗസര്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ കാണാനുള്ള സൗകര്യം കൊണ്ടുവന്നു.

Kevin-Systrom-

മുപ്പത്താറുകാരനായ കെവിന്‍ ഏറെ വിനയാന്വിതനുമാണ്. ഇന്ന് കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നു. എന്നാല്‍ എത്ര ഉയര്‍ന്ന വിജയത്തിലും അഹങ്കരിക്കാത്ത ഒരു മനസാണ് കെവിന്റേത്. ആളുകളുടെ സന്തോഷത്തിനും സുരക്ഷിതത്വത്തിനും മുന്‍‌തൂക്കം നല്‍കണമെന്ന് കെവിന് നിര്‍ബന്ധമാണ്‌. യുവമാനസ്സുകള്‍ കീഴടക്കിയുള്ള ആ ജൈത്രയാത്ര ഇപ്പോഴും തടസ്സമില്ലാതെ തുടരുന്നതും അതുകൊണ്ടാണ്.

വരുമാനം ഉണ്ടാക്കുന്ന യന്ത്രമെന്നാണ് ഇൻസ്റ്റഗ്രാമിനെ കുറിച്ച് സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയത്. 2016 ലെ അവസാനത്തെ റിപ്പോർട്ടുകൾ പ്രകാരം ഇൻസ്റ്റഗ്രാമിന്റെ വരുമാനം 3.2 ബില്ല്യൺ ഡോളറാണ് ( ഏകദേശം 21,832 കോടി രൂപ). ഫെയ്സ്ബുക്ക് വരുമാനത്തിന്റെ പ്രധാന പങ്കും വരുന്നത് ഇൻസ്റ്റഗ്രാമിൽ നിന്നു തന്നെ.

related stories
Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.