Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈഫ് @ ഇൻഫോ പാർക്ക്

infopark-alp

30 കമ്പനികൾ, 400 ജീവനക്കാർ. ഐടി മേഖലയിൽ ആലപ്പുഴയുടെ മുഖമാവുകയാണ് പള്ളിപ്പുറം ഇൻഫോ പാർക്ക്. വിദേശ നിക്ഷേപമായും തൊഴിലവസരമായും ജില്ലയ്ക്ക് പ്രതീക്ഷകൾ സമ്മാനിക്കുന്ന ഇൻഫോ പാർക്കിലേക്ക് നമ്മുടെ ആലപ്പുഴ...

ചേർത്തലയിൽ നിന്നു 12 കിലോമീറ്റർ അകലെ മണൽക്കുന്നുകൾ മാത്രം നിറഞ്ഞ പള്ളിപ്പുറത്ത് ഐടി കമ്പനികൾക്കായി ഇൻഫോ പാർക്ക് എന്ന സ്വപ്നത്തിന്റെ വിത്തിടുമ്പോൾ നാട്ടുകാർക്ക് ഉൾപ്പെടെ ചോദ്യങ്ങൾ ധാരാളമായിരുന്നു. കൊച്ചിയും തിരുവനന്തപുരവുമൊക്കെ ഉപേക്ഷിച്ച് ഐടി കമ്പനികൾ ഈ ഗ്രാമത്തിലേക്ക് എത്തുമോ എന്നതു തന്നെയായിരുന്നു ഇതിൽ പ്രധാനം. പദ്ധതിയുടെ ആദ്യഘട്ടം നിർമാണം പൂർത്തിയായി മൂന്നു വർഷം പിന്നിടുമ്പോൾ ഇതിന് ഉത്തരം ലഭിച്ചു. 30 കമ്പനികൾ ഇൻഫോപാർക്കിൽ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

400 ജീവനക്കാരാണ് ഈ കമ്പനികളിൽ പ്രവർത്തിക്കുന്നത്. പാർക്കുമായി ബന്ധപ്പെട്ട് അൻപതിലധികം ജീവനക്കാരുമുണ്ട്. കൂടുതൽ കമ്പനികൾ ഇങ്ങോട്ടേക്കു വരാനുള്ള തയാറെടുപ്പിലുമാണ്. സ്വകാര്യ സംരംഭകർക്കും അവസരം നൽകുന്ന രണ്ടാംഘട്ട വികസനം കൂടി പൂർത്തിയാകുമ്പോൾ ഐടി മേഖലയിൽ ആലപ്പുഴയുടെ മേൽവിലാസമാകാനൊരുങ്ങുകയാണ് ഇൻഫോ പാർക്ക്.

സ്വപ്നങ്ങളിൽ സിലിക്കൺ വാലി

യുഎസിലെ സാന്റാക്ലാര വാലിക്കും ചേർത്തലയിലെ പള്ളിപ്പുറത്തിനും സമാനതകൾ ഏറെയാണ്. എവിടെ നോക്കിയാലും മണൽക്കൂമ്പാരം. സിലിക്ക മണലിന്റെ ശേഖരം കൊണ്ട് സമ്പന്നമായ നോർത്ത് കാലിഫോർണിയയിലെ സാന്റാക്ലാര വാലിയിൽ ഈ മണൽ അസംസ്കൃതവസ്തുവായി ഉപയോഗിക്കുന്ന ധാരാളം വ്യവസായശാലകളുയർന്നു. മണലെടുപ്പ് അമിതമായതോടെ അപകടം തിരിച്ചറിഞ്ഞ അധികൃതർ ഇതിനു കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ മാറി ചിന്തിച്ച സിലിക്ക മണൽ വ്യവസായികൾ വിവരസാങ്കേതികവിദ്യാ വ്യവസായത്തിലേക്കു മാറി. ഈ മാറ്റം സാന്റാക്ലാരാ വാലിയുടെയും മാറ്റമായി. ലോകത്തിന്റെ തന്നെ ഐടി തലസ്ഥാനമായി സാന്റാക്ലാര വാലി മാറി. ഒപ്പം പുതിയ പേരും ലഭിച്ചു. സിലിക്കൺ വാലി.

ആലപ്പുഴയുടെ സിലിക്കൺ വാലിയാകാൻ പള്ളിപ്പുറത്തിനും സാധ്യതകൾ ഏറെയാണ്. സിലിക്കാ മണൽ ഖനനത്തിനു കുപ്രസിദ്ധമായിരുന്നു ഇവിടവും. മണലെടുത്തതിനു ശേഷമുള്ള കുഴികൾ മാത്രമാണ് ഇപ്പോൾ എങ്ങും ബാക്കി. ഇവിടേക്കാണ് ഇൻഫോ പാർക്ക് എത്തിയത്. ചെറിയ പട്ടണങ്ങളിൽ ഐടി വ്യവസായത്തിന് അവസരമൊരുക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി തൃശൂരിനു സമീപം കൊരട്ടിയിലും പള്ളിപ്പുറത്തുമാണ് ഇൻഫോ പാർക്കുകൾ സ്ഥാപിച്ചത്. കാക്കനാട്ടെ ഇൻഫോ പാർക്കിന്റെ ഉപകേന്ദ്രങ്ങളായാണ് ഇവ പ്രവർത്തിക്കുക.

*വേണ്ടത് കംപ്യൂട്ടർ മാത്രം *

കംപ്യൂട്ടറുമായി വന്നാൽ കമ്പനി ആരംഭിക്കാൻ കഴിയുന്ന രീതിയിലുള്ള പ്ലഗ് ആൻഡ് പ്ലേ സംവിധാനമാണ് പള്ളിപ്പുറത്തെ ഇൻഫോ പാർക്കിൽ ഒരുക്കിയിരിക്കുന്നത്. ഫർണീച്ചറുകളും വൈദ്യുതിയും നെറ്റ് കണക്ടിവിറ്റിയും ഉൾപ്പെടെ ഐടി വ്യവസായത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇവിടെ തയാർ. 66 ഏക്കർ സ്ഥലത്തു പ്രവർത്തിക്കുന്ന പാർക്കിന്റെ 60 ഏക്കർ സ്ഥലത്തിനു പ്രത്യേക സാമ്പത്തിക മേഖലാ പദവിയുണ്ട്. സെസ് പദവിയുള്ള പ്രദേശത്തു തുടങ്ങുന്ന വ്യവസായ സ്ഥാപനങ്ങളെ കസ്റ്റംസ്, എക്സൈസ് ഡ്യൂട്ടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേന്ദ്ര വിൽപനനികുതി, പ്രാദേശിക നികുതികൾ തുടങ്ങിയവയിലും ഇളവുകളുണ്ട്. ആദ്യഘട്ടത്തിൽ നാലു നിലകളിലായി 2.4 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് ഒരുക്കിയിരിക്കുന്നത്. 250 മുതൽ 5000 സ്ക്വയർ ഫീറ്റ് വരെയുള്ള സ്ഥലമാണ് കമ്പനികൾക്കായി നൽകുക. പ്ലഗ് ആൻഡ് പ്ലേ രീതിയിലുള്ളതല്ലാത്ത സ്ഥലവും ലഭ്യമാണ്. പ്രധാന കെട്ടിടത്തിൽ ഓഫിസുകൾക്കുള്ള സ്ഥലം കൂടാതെ കോൺഫറൻസ് ഹാൾ, കഫേറ്റീരിയ, കന്റീൻ എന്നിവയുമുണ്ട്.

കേന്ദ്രീകൃത ശീതീകരണ സംവിധാനത്തിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൈദ്യുതി ലഭ്യതയ്ക്കായി 110 കെവി സബ്സ്റ്റേഷനും ജനറേറ്ററുമുണ്ട്. മുഴുവൻ സമയ ജലലഭ്യത ഉറപ്പുവരുത്താനായി നാലു ലക്ഷം ലീറ്റർ ശേഷിയുള്ള ഉപരിതല ജലസംഭരണിയും എട്ടു ലക്ഷം ലീറ്റർ ശേഷിയുള്ള ഭൂഗർഭ ജലസംഭരണിയും ഒരുക്കിയിട്ടുണ്ട്. മാലിന്യനിർമാർജനത്തിനുള്ള സംവിധാനവുമുണ്ട്.

സ്വപ്നങ്ങളിലേക്ക് തിരിച്ചുവരവ്

ഇൻഫോ പാർക്കിൽ പ്രവർത്തിച്ചു തുടങ്ങിയ ആദ്യ കമ്പനികളിലൊന്നായ വെബ്ന സൊല്യൂഷൻസിന്റെ സിഇഒ അനൂപിന് പാർക്കിന്റെ ഭാവിയെക്കുറിച്ചു മികച്ച പ്രതീക്ഷകളാണുള്ളത്. നാലു ജീവനക്കാരുമായി തുടങ്ങിയ വെബ്നയിൽ ഇപ്പോൾ 66 ജീവനക്കാരാണുള്ളത്. കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ ജോലി ചെയ്തിരുന്നവരാണ് ഇവരിൽ പലരും. വലിയ പട്ടണത്തിൽ അല്ല എന്നത് ആർക്കും പള്ളിപ്പുറത്തേക്ക് എത്താൻ തടസ്സമായില്ലെന്ന് അനൂപ് പറയുന്നു.

ബഹളങ്ങളിൽ നിന്നൊഴിഞ്ഞു ജോലി ചെയ്യാൻ ഒരിടം എന്നതാണ് പലർക്കും ഇവിടെ ഏറ്റവും ഇഷ്ടമായത്. മുതിർന്ന ജീവനക്കാരിൽ പലരും സ്വന്തം വാഹനങ്ങളിൽ കൊച്ചിയിൽ നിന്നാണു വരുന്നത്. മൂക്കാൽ മണിക്കൂർ കൊണ്ട് വൈറ്റിലയിൽ നിന്നു പാർക്കിലെത്താൻ കഴിയും.

ഗൾഫിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന പാത്ത് സൊല്യൂഷൻസിലെ ബോബി കുര്യാക്കോസ് പള്ളിപ്പുറത്തെ പ്രവർത്തനച്ചെലവിന്റെ കുറവാണ് ഇവിടേക്ക് കമ്പനികളെ ആകർഷിക്കുന്ന പ്രധാന ഘടകമായി ചൂണ്ടിക്കാട്ടുന്നത്. വലിയ പട്ടണങ്ങളിലേക്കാൾ മികച്ച സാഹചര്യങ്ങൾ കുറഞ്ഞ ചെലവിൽ ലഭിക്കുമ്പോൾ കൂടുതൽ കമ്പനികൾ ഇവിടേക്ക് ഇനിയും വരും എന്നാണു ബോബി പറയുന്നത്. ജില്ലയിലെ കോളജ് വിദ്യാർഥികൾക്കും ഇതു മികച്ചൊരു അവസരമാണ്. ഇൻഫോ പാർക്കിൽ പ്രവർത്തിക്കുന്ന പല കമ്പനികളും ജില്ലയിലെ എൻജിനീയറിങ് കോളജുകളിൽ ക്യാംപസ് റിക്രൂട്ട്മെന്റ് ആരംഭിച്ചിട്ടുണ്ട്. നിയമനങ്ങളിൽ ആലപ്പുഴ ജില്ലയിൽ നിന്നുള്ളവർക്ക് അൽപ്പം പരിഗണന ചില കമ്പനികളെങ്കിലും നൽകുന്നുമുണ്ട്.

*ഓഫിസിനായി ഒരു ക്ലിക്ക് *

ചേർത്തല ഇൻഫോ പാർക്കിൽ ഐടി അനുബന്ധ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ ആയി ഇതിനുള്ള അപേക്ഷ നൽകാം. ന്ദന്ദന്ദ.ദ്ധnക്ഷഗ്നണ്മന്റത്സk.ദ്ധn n എന്ന വെബ്സൈറ്റിൽ വ്യവസായത്തിനു സ്ഥലം അനുവദിക്കുന്നതിന് അപേക്ഷിക്കാനുള്ള ലിങ്ക് ലഭ്യമാണ്. അപേക്ഷ തയാറാക്കുന്നതിനു മുൻപ് തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ വിശദാംശങ്ങൾ കൈവശം ഉണ്ടാകണം. ഇന്ത്യൻ കമ്പനിയുടെ ശാഖ, വിദേശ കമ്പനിയുടെ ശാഖ, ഒരു ഉടമയുടെ കീഴിലുള്ള പുതിയ സ്ഥാപനം, ഒന്നു മുതൽ അഞ്ചു വരെ ഉടമകളുടെ കീഴിലുള്ള പുതിയ സ്ഥാപനം, അഞ്ചിൽ അധികം ഉടമകളുള്ള പുതിയ സ്ഥാപനം എന്നിങ്ങനെ തരംതിരിച്ചാണ് അപേക്ഷകൾ പരിഗണിക്കുന്നത്.

ആവശ്യമുള്ള സ്ഥലം, വൈദ്യുതി, വെള്ളം എന്നിവയുടെ ഏകദേശ അളവും തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിൽ എത്ര ജീവനക്കാരുണ്ടാകും എന്നും അപേക്ഷയിൽ പറയണം. ഇത്രയും വിവരങ്ങൾ ഉൾക്കൊള്ളുന്ന അപേക്ഷ ഓൺലൈനായി സമർപ്പിച്ചാൽ അധികൃതർ ആവശ്യമായ പരിശോധനകൾ നടത്തി സ്ഥലം അനുവദിക്കും.

കൊച്ചിയുടെ സാമീപ്യം

സ്മാർട് സിറ്റി യാഥാർഥ്യമാകുന്നതോടെ ഇന്ത്യയുടെ തന്നെ ഐടി തലസ്ഥാനമാകാൻ ഒരുങ്ങുന്ന കൊച്ചിയുടെ സാമീപ്യമാണു പള്ളിപ്പുറം ഇൻഫോ പാർക്കിലേക്കു കമ്പനികളെ ആകർഷിക്കാൻ സാധ്യതയുള്ള പ്രധാന ഘടകം. കൊച്ചിയിലേക്കാൾ കുറഞ്ഞ ചെലവിൽ കൊച്ചിയിലേതിനു സമാനമായ സൗകര്യങ്ങൾ ലഭ്യമാണെന്നതാണു നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന പല കമ്പനികളെയും ഇൻഫോ പാർക്കിലേക്ക് എത്തിച്ചത്. കൊച്ചിയിൽ നിന്നു ചേർത്തലയിലേക്കുള്ള ദൂരം 30 കിലോമീറ്റർ മാത്രമാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് 50 കിലോമീറ്ററും.

തുടക്കക്കാർക്കും മികച്ച അവസരം

വലിയ കമ്പനികൾക്കു മാത്രമല്ല, തുടക്കക്കാർക്കും ഇൻഫോ പാർക്ക് മികച്ച അവസരമാണ് ഒരുക്കുന്നത് എന്നതിന്റെ സാക്ഷ്യമാണ് ഇന്റലിപാറ്റേൺ എന്ന കമ്പനി. 25 വയസ്സിൽ താഴെയുള്ള ഏഴു പേരാണ് ഇന്റലിപാറ്റേണിന്റെ അണിയറയിൽ. കൊച്ചി ഇൻഫോ പാർക്കിൽ സ്റ്റാർട്ട് അപ്പായി റജിസ്റ്റർ ചെയ്ത കമ്പനി വളർച്ചയുടെ അടുത്ത ഘട്ടമെന്ന നിലയിലാണ് പള്ളിപ്പുറത്തേക്ക് എത്തിയത്.

കുറഞ്ഞ പ്രവർത്തനച്ചെലവിൽ മികച്ച സാഹചര്യങ്ങൾ എന്നത് തുടക്കക്കാർക്ക് ഏറ്റവും അനുകൂലമായ ഘടകമാണെന്നു കമ്പനി സിഇഒ ജോർജി ജോൺ പറയുന്നു. ഇത്രയും നല്ല അന്തരീക്ഷം കേരളത്തിലെവിടെയും തുടക്കക്കാർക്ക് ഈ നിരക്കിൽ ലഭിക്കില്ല. ആലപ്പുഴയിലെയും കോട്ടയത്തെയും ടൂറിസം കേന്ദ്രങ്ങളുടെ സാമീപ്യവും പാർക്കിന്റെ വളർച്ചയ്ക്ക് അനുകൂല ഘടകമാണ്.

പള്ളിപ്പുറവും മാറുന്നു

വർഷങ്ങൾക്കു മുൻപ് ഒന്നോ രണ്ടോ കടകൾ മാത്രമുണ്ടായിരുന്ന ഇൻഫോ പാർക്കിനു സമീപ പ്രദേശങ്ങളിൽ ഇപ്പോൾ വന്നിരിക്കുന്ന മാറ്റം പ്രദേശത്തിന്റെ വികസനവഴിയിലേക്കുള്ള മാറ്റത്തിന്റെ സൂചനയായാണു നാട്ടുകാർ കാണുന്നത്. ഹോട്ടലുകളാണ് ഏറ്റവുമധികം പുതുതായി വന്നിരിക്കുന്നത്. എല്ലാം ഇൻഫോ പാർക്കിലെ ജീവനക്കാരെ ലക്ഷ്യം വച്ചുള്ളവ. വാടകയ്ക്കു നൽകാനായി പുതുതായി വീടുകളും ഉയരുന്നു. ചേർത്തലയിലും പള്ളിപ്പുറത്തിനു സമീപ മേഖലകളിലും ഈ മാറ്റം കാണാനാകും.

പേയിങ് ഗസ്റ്റ് സംവിധാനവും ഹോസ്റ്റലുകളും ഒരുക്കിയവരുമുണ്ട്. ബസ് സർവീസ് പോലുള്ള അടിസ്ഥാന പ്രശ്നങ്ങളിൽ അധികൃതർ അൽപ്പം കൂടി ശ്രദ്ധിച്ചാൽ പ്രദേശത്തെ മാറ്റത്തിന് ഇനിയും വേഗം കൂടുമെന്നു നാട്ടുകാരുടെ സാക്ഷ്യം.

പരിമിതികൾ മറികടക്കാൻ

ഇൻഫോ പാർക്കിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവരിലധികവും കോട്ടയം, ആലപ്പുഴ, കൊച്ചി മേഖലകളിൽ നിന്നു വരുന്നവരാണ്. ചേർത്തലയിൽ വീടുകളിലും ഹോസ്റ്റലുകളിലും താമസിക്കുന്നവരുമുണ്ട്. സ്വന്തം വാഹനങ്ങൾ ഇല്ലാത്തവർക്കു യാത്ര തന്നെയാണ് പ്രധാന പ്രശ്നം. നിലവിൽ കൊച്ചിയിൽ നിന്നു ചേർത്തല വഴി പാർക്ക് അധികൃതർ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

പക്ഷേ, കോട്ടയം കൊച്ചി മേഖലകളിലേക്കു പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തിയാൽ മാത്രമേ യാത്രാ പ്രശ്നം പൂർണമായി പരിഹരിക്കാനാകു. രാവിലെയും വൈകിട്ടും സമീപ പട്ടണങ്ങളിൽ നിന്നു പാർക്കിലേക്കു ലോ ഫ്ലോർ ബസ് സർവീസ് ഏർപ്പെടുത്തണമെന്നാണു ജീവനക്കാരുടെ ആവശ്യം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.