Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയുടെ പ്രതീക്ഷകൾ തെറ്റിച്ചില്ല, നവീൻ തന്റെ വഴിക്കു നടന്നു, ഇന്ന് വരുമാനം 2173.6 കോടി രൂപ!

naveen-tewari

കുടുംബത്തോടൊപ്പം ജീവിക്കുമ്പോള്‍, നമ്മുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുക എന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പൂമ്പാറ്റയെ പിടിക്കാന്‍ നടക്കുന്ന കുട്ടിയുടെ കൗതുകത്തോടെ സ്വപ്നങ്ങള്‍ക്കു പിറകേ പോയാലും രക്ഷിതാക്കൾ പിന്നാലെവന്നു തിരികെക്കൊണ്ടുപോകും. ബന്ധുക്കളുടെയും മറ്റും കുട്ടികള്‍ വിദ്യാഭ്യാസത്തില്‍ മാത്രം ശ്രദ്ധിക്കുന്നവരാകുമ്പോള്‍ സ്വാഭാവികമായും മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികളെയും പഠിത്തത്തില്‍ മിടുക്കരാക്കാനാണു ശ്രദ്ധിക്കുക. തങ്ങളുെട കുട്ടി എല്ലാവരേക്കാളും മിടുക്കനാകണമെന്ന ചിന്തയാവും അവക്കെപ്പോഴും. നവീന്‍ തിവാരിയുടെ കുട്ടിക്കാലവും വ്യത്യസ്തമായിരുന്നില്ല.

അറിയില്ലേ നവീന്‍ തിവാരിയെ? മൊബൈല്‍ പരസ്യ മേഖലയിലെ പ്രമുഖ കമ്പനി ഇന്‍മൊബിയുടെ സ്ഥാപകന്‍. വീട്ടുകാരുടെ പ്രതീക്ഷയൊന്നും നവീന്‍ തെറ്റിച്ചില്ല. സ്‌കൂളിലും കോളേജിലുമെല്ലാം പ്രശസ്തമായ രീതിയില്‍ വിജയം നേടി. കാണ്‍പൂര്‍ ഐഐടിയില്‍ പഠിക്കുമ്പോഴാണ് അക്കാദമിക് വിദ്യാഭ്യാസം കൊണ്ടു നേടാവുന്ന ജോലികള്‍ക്കു പുറമേ കൂടുതലെന്തെങ്കിലും ചെയ്യണമെന്നു നവീനു തോന്നുന്നത്.

naveen-tewari-

രാജ്യാന്തരതലത്തില്‍തന്നെ ഏറ്റവും വലിയ സ്വതന്ത്ര മൊബൈല്‍ നെറ്റ്‌വര്‍ക്കിന്റെ ഉടമയാണ് ഇന്ന് ഈ മുപ്പത്തെട്ടുകാരന്‍. 190ലധികം രാജ്യങ്ങളിലായി ഈ നെറ്റ്‌വര്‍ക്ക് പരന്നുകിടക്കുന്നു. 1.56 ബില്ല്യണ്‍ വരുന്ന ഉപഭോക്തൃ സമൂഹം. അതില്‍ ഭൂരിഭാഗവും ചൈനയിലാണ്. ഉന്നതിയിലേക്കുള്ള നവീന്റെ യാത്രയുടെ തുടക്കം ഒന്നും പ്ലാന്‍ ചെയ്തിട്ടായിരുന്നില്ല. സ്വയം തിരിച്ചറിയുകയും ലോകത്തെ കൂടുതല്‍ വ്യക്തതയോടെ കാണുകയും ചെയ്യുക എന്നതായിരുന്നു നവീനെ മുന്നോട്ടു നയിച്ചത്. ഐഐടിയില്‍നിന്നു മെക്കാനിക്കല്‍ എൻജിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം തന്റെ ജീവിതോദ്ദേശ്യം എന്താണെന്ന് സ്വയം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു നവീന്‍.

കാണ്‍പൂര്‍ ഐഐടിയുമായി അടുത്ത ബന്ധമുള്ള കുടുംബമായിരുന്നു നവീന്റേത്. കുടുംബത്തില്‍ നിറയെ ഐഐടിക്കാര്‍! നവീന്റെ അമ്മൂമ്മ ആദ്യത്തെ ഐഐടി വനിതാ പ്രഫസര്‍. അച്ഛന്‍ ഐഐടി ഡീന്‍ ആയ ഡോക്ടര്‍ സച്ചിദാനന്ദ തിവാരി. അമ്മാവന്മാരും ഐഐടി പ്രഫസര്‍മാര്‍. ഇങ്ങനെയുള്ള സാഹചര്യത്തില്‍ വളര്‍ന്നു വരുന്ന കുട്ടിയെ സംബന്ധിച്ചിടത്തോളം ഐഐടി എന്നത് ആദ്യ ഓപ്ഷനാവുന്നത് സ്വാഭാവികം. അത് അടിച്ചേല്‍പ്പിക്കുന്നതായാലും സ്വയം ചിന്തിച്ചെടുക്കുന്ന തീരുമാനമാണെങ്കിലും അങ്ങനെ തന്നെയാണ്.

താന്‍ യോഗ്യനാണെന്നു തെളിയിക്കാന്‍ ഐഐടിയില്‍ അഡ്മിഷന്‍ നേടുക എന്നതായിരുന്നു അന്നത്തെ പ്രധാനലക്ഷ്യം. തന്റെ ഇടം അതല്ലെന്ന് അറിയാമായിരുന്നെങ്കിലും കുടുംബത്തിന്റെ പ്രതീക്ഷകള്‍ തകര്‍ക്കാന്‍ നവീന് ഇഷ്ടമുണ്ടായിരുന്നില്ല. ‘ആവുന്നതിന്റെ പരമാവധി ഞാന്‍ പരിശ്രമിച്ചു. ഐഐടിയില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ ജീവിതത്തിലെ ആദ്യകടമ്പ കടന്നതായി എനിക്കു തോന്നി. ഒരുപക്ഷേ, എനിക്ക് അഡ്മിഷന്‍ കിട്ടിയതില്‍ ഏറ്റവും സന്തോഷിച്ചത് എന്റെ അമ്മയായിരിക്കും. എനിക്കുവേണ്ടി സകലകാര്യങ്ങളും ചെയ്തുതന്നിരുന്നത് എന്റെ അമ്മയായിരുന്നു’ നവീന്‍ ഓര്‍ക്കുന്നു.

ബിടെക് കഴിഞ്ഞപ്പോള്‍ തുടര്‍ന്നു പഠിക്കാന്‍ നവീനു താൽപര്യം തോന്നിയില്ല. പകരം McKinsey യില്‍ ബിസിനസ് അനലിസ്റ്റ് ആയി ജോലിക്കു ചേര്‍ന്നു. കടുത്ത അക്കാദമീഷ്യനായിരുന്നെങ്കിലും എന്തുകൊണ്ടോ നവീന്റെ അച്ഛന്‍ ആ തീരുമാനത്തിനൊപ്പം നിന്നു. ഒരുപാട് അടിസ്ഥാനകാര്യങ്ങള്‍ പഠിക്കാനുള്ള പരിശീലനക്കളരിയായിരുന്നു നവീന് McKinsey മാറി. ഒരാള്‍ അയാളുടെ ഏറ്റവും ഉയര്‍ന്ന ശേഷിയില്‍ ജോലി ചെയ്യേണ്ടതിന്റെ ആവശ്യകത നവീനു ബോധ്യപ്പെടുന്നത് ഇവിടെ വച്ചായിരുന്നു.

naveentewari

ഇന്‍മോബി എന്ന ആശയം

2007 ലെ വേനല്‍ക്കാലം. തന്റെ സുഹൃത്തും സഹപാഠിയുമായ അഭയ് സിംഗാളിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു നവീന്‍. അപ്പോഴാണ്, പില്‍ക്കാലത്ത് ഇന്‍ മോബി കമ്പനി ആയി രൂപാന്തരപ്പെട്ട ആ ആശയം ഉരുത്തിരിയുന്നത്. കുറെ നേരം സംസാരിച്ചപ്പോള്‍ തങ്ങള്‍ക്കു തോന്നിയ ആശയം പ്രാവര്‍ത്തികമാക്കാന്‍ അവർ തീരുമാനിച്ചു. പിന്നീട് അമിത് ഗുപ്ത, മോഹിത് സക്‌സേന എന്നിവരെക്കൂടി ഉള്‍പ്പെടുത്തി.

മുംബൈ ആയിരുന്നു അവരുടെ കേന്ദ്രം. 'boys with powerpoint' എന്ന് അവരുടെ കൂട്ടുകെട്ട് അറിയപ്പെട്ടു. എസ്എംഎസ് ഉപയോഗിച്ചുള്ള സെര്‍ച്ച് എൻജിനായ mKhoj ആയിരുന്നു അവരുടെ ആദ്യ ഉൽപ്പന്നം. അത് അത്രയ്ക്ക് വിജയകരമായില്ല. പിന്നീട് മൊബൈല്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമായ ഇന്‍മോബിയായി വളര്‍ന്നത് ഈ സംരംഭമായിരുന്നു. വൈകാതെ അവർ പ്രവർത്തനം ബെംഗളൂരുവിലേക്കു മാറ്റി.

ഇന്ന് മൊബൈല്‍ അഡ്വര്‍ടൈസിങ് രംഗത്തെ അതികായന്മാരാണ് ഇന്‍മോബി. പുതിയ പ്രോഡക്ടുകളും സര്‍വീസുകളും കണ്ടെത്താനാണ് ഇത് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. സന്ദര്‍ഭോചിതവും വ്യക്ത്യാധിഷ്ഠിതവുമായ അനുഭവമാണ് ഇന്‍മോബി ഓരോ ഉപഭോക്താവിനും നല്‍കുന്നത്. ഇന്ന് ലോകമൊട്ടാകെ പതിനേഴ് ഓഫിസുകള്‍ ഇന്‍മോബിക്കുണ്ട്. മൂന്നു ഘട്ടങ്ങളിലായി 15.6 ദശലക്ഷം ഡോളര്‍ (ഏകദേശം 104.34 കോടി രൂപ) നിക്ഷേപം സമാഹരിക്കാന്‍ ഇന്‍മോബിക്കു സാധിച്ചു. 2007 ല്‍ 500,000 ഡോളര്‍, വിസിയില്‍ നിന്ന് 2008 ല്‍ 7.1 ദശലക്ഷം ഡോളര്‍, 2010 ല്‍ 8 ദശലക്ഷം ഡോളര്‍, സീരീസ് ബി ഫണ്ടിങ്ങില്‍ നിന്നും സോഫ്റ്റബാങ്ക് കോർപില്‍ നിന്നും 200 ദശലക്ഷം ഡോളര്‍ എന്നിങ്ങനെയായിരുന്നു നിക്ഷേപസമാഹരണം. ലഭ്യമായ വിവരങ്ങൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ചിലെ കണക്കുകൾ പ്രകാരം കമ്പനിയുടെ മൊത്തം വരുമാനം 320 മുതൽ 325 ദശലക്ഷം ഡോളറാണ് (ഏകദേശം 2173.6 കോടി രൂപ)

വിജയികളെ കണ്ടു പഠിക്കുക

naveen

അച്ഛനാണ് നവീന്റെ എന്നത്തെയും ഹീറോ. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ അച്ഛനെപ്പോലെ കഠിനാധ്വാനം ചെയ്യുന്ന മറ്റൊരു മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്നു നവീന്‍. അദ്ദേഹത്തിന്റെ സമര്‍പ്പണവും ആത്മാര്‍ഥതയും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഏറെ സ്വാധീനിച്ച വ്യക്തികളില്‍ രണ്ടാമത് മറ്റാരുമല്ല, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെൻഡുല്‍ക്കറാണ്! ‘ആ മനുഷ്യന്‍ എങ്ങനെ ഇന്ത്യന്‍ യുവത്വത്തിന്റെ ഐക്കണായി വളര്‍ന്നുവെന്നത് എന്നെ ഏറെ പ്രചോദിപ്പിച്ച കാര്യമായിരുന്നു. കഴിവിനൊപ്പം ആത്മാർഥതയും അര്‍പ്പണബോധവുമാണ് സച്ചിനെ ഇന്നത്തെ സച്ചിനാക്കിയത്.’ കുട്ടിക്കാലം മുതലുള്ള ക്രിക്കറ്റ് ഭ്രാന്ത് മറച്ചു വയ്ക്കാതെ നവീന്‍ പറയുന്നു.

വാരാന്ത്യങ്ങളില്‍ ബെംഗ്ളൂരില്‍ സൈക്ലിങ് ചെയ്യുന്നത് നവീന്റെ ഹോബിയാണ്. ഇപ്പോഴും ആഡംബര ജീവിതത്തോടു വലിയ പ്രതിപത്തിയില്ല. വിമാനത്തിൽ ഇക്കോണമി ക്ലാസുകളില്‍ മാത്രം യാത്ര. ‘ഞാന്‍ ഇപ്പോഴും മിഡില്‍ ക്ലാസ് ആണ്. ജീവിതത്തിന്റെ മൂല്യങ്ങള്‍ കൈവിടാതെ വേണം മുന്നോട്ടു പോവാനെന്നാണ് ആഗ്രഹം’ നവീന്‍ ജീവിതത്തോടുള്ള തന്റെ നയം വ്യക്തമാക്കി. 

related stories
Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.