Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

123456 പാസ്‌വേഡ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക

password-123456

വലിയ കമ്പനികളുടെ വെബ്സൈറ്റുകളും പ്രശസ്ത സെലിബ്രിറ്റികളുടെ നഗ്നചിത്രങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളുമെല്ലാം ഹാക്ക് ചെയ്യപ്പെടുന്ന വാർത്ത സ്ഥിരം കേൾക്കുന്നവർ കരുതുന്നത് അതു പ്രശസ്തരായവരുടെ മാത്രം കാര്യമാണെന്നാണ്. എന്നാൽ പുതിയ പഠനങ്ങള്‍ അനുസരിച്ച് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ നല്ലൊരു ശതമാനവും ഉപയോഗിക്കുന്നതു വളരെ ദുർബലവും എളുപ്പത്തിൽ ഊഹിച്ചു കണ്ടെത്താനാവുന്നതും ആയ പാസ്‌വേഡുകൾ ആണെന്നു പുതിയ സർവേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

സാധാരണക്കാരി‍ൽ ഏറിയ പേരും ഉപയോഗിക്കുന്ന പാസ്‌വേഡുകളിൽ ഏറെയും ശുദ്ധ 'അസംബന്ധ'മാണെന്നാണു പുതിയ സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൈബർ സ്ട്രീറ്റ്‌വൈസ് എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി 2014 ഒക്ടോബറിൽ ആരംഭിച്ച സർവേയാണു പുതിയ റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത്.

മൂന്നിലൊന്നു ഇന്റർനെറ്റുപയോക്താക്കളും എളുപ്പത്തിൽ കണ്ടെത്താനാവുന്ന പാസ്‌വേഡുകളാണുപയോഗിക്കുന്നതെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു. വളർത്തുമൃഗത്തിന്റെ പേര്, ജനിച്ച വർഷം, ഇഷ്ടപ്പെട്ട ടീമിന്റെ പേര് എന്നിവയൊക്കെയാണ് ഇവർ പാസ്‌വേഡായി തിരഞ്ഞെടുക്കുന്നത്. ഇങ്ങനെ എളുപ്പത്തിൽ ഊഹിച്ചെടുക്കാവുന്ന പാസ്‌വേഡുകൾ സൃഷ്ടിക്കുന്നതിലൂടെ ഹാക്കർമാരുടെ ജോലി ഇത്തരക്കാർ എളുപ്പമാക്കുന്നു.

കഴിഞ്ഞവർഷം ഹാക്ക് ചെയ്യപ്പെട്ടവരുടെ പാസ്‌വേഡുകൾ സംബന്ധിച്ച രേഖകൾ പരിശോധിച്ചപ്പോൾ ഏറ്റവും കൂടുതൽ കണ്ടെത്തിയ പാസ്‌വേഡുകൾ 123456 എന്നതും "password" എന്നതുമാണെന്നു സർവേ വെളിപ്പെടുത്തുന്നു. എളുപ്പത്തിൽ മനസിലാക്കാവുന്ന പാസ്‌വേഡുകൾ സുരക്ഷയ്ക്കു വലിയ ഭീഷണിയാണു സൃഷ്ടിക്കുന്നത്. ജെന്നിഫർ ലോറൻസ്, കെല്ലി ബ്രൂക്ക് അടക്കമുള്ള ഹോളിവുഡ് താരസുന്ദരിമാരുടെ നഗ്നചിത്രങ്ങൾ മോഷ്ടിക്കപ്പെട്ടതും എളുപ്പത്തിൽ മനസിലാക്കാവുന്ന പാസ്‌വേഡുകൾ ഉപയോഗിച്ചതാണെന്നു സർവേ സൂചിപ്പിക്കുന്നു.

രേഖകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക ടെക് കമ്പനികളുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും ഓരോ ഇന്റർനെറ്റ് ഉപയോക്താവിന്റെയും കടമയാണെന്നു ആന്റി വൈറസ് നിർമാതാക്കളായ എസെറ്റ് (ESET) -ലെ ഐടി സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ് ആയ മാർക്ക് ജെയിംസ് പറയുന്നു.

ക്ലൗഡ് സ്റ്റോറേജുകളിൽ ഡേറ്റ സൂക്ഷിക്കുന്നവർ ഇത്തരം ഡേറ്റ നൽകേണ്ട കാര്യമുണ്ടോ എന്നു രണ്ടു വട്ടം ചിന്തിച്ചതിനു ശേഷം മാത്രമേ നൽകാവൂ. ഇനി നൽകുകയാണെങ്കിൽ അൽപം കഠിനവും എളുപ്പത്തിൽ മനസിലാക്കാനാവാത്തതുമായ പാസ്്വേഡുകളുപയോഗിച്ചു ഡേറ്റ സുരക്ഷിതമാക്കിയിരിക്കണം.

അധികമാൾക്കാരും നെറ്റിലെ സുരക്ഷയെക്കുറിച്ചു ലൈറ്റായി ചിന്തിക്കുന്നവരാണ്. അടുത്ത കാലത്തായി ആരംഭിച്ച സൈബർ സെക്യൂരിറ്റിയെക്കുറിച്ചുള്ള ബോധവൽക്കരണത്തിലൂടെ കൂടുതൽ ആൾക്കാർ ഇപ്പോൾ ഇന്റർനെറ്റ് സുരക്ഷയെക്കുറിച്ചു ബോധവാൻമാരായി മാറുന്നുണ്ടെന്നും ജെയിംസ് വെളിപ്പെടുത്തുന്നു.

related stories