Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെക്കി@25

technopark-tvm

ഒരു പെണ്ണിനോടും ചോദിക്കാൻ പാടില്ലാത്ത രണ്ടു ചോദ്യങ്ങളാണ് മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ അമേരിക്കയിലെ സിലിക്കൺ വാലിയിലെ ആപ്പിൾ കംപ്യൂട്ടർ ഫാക്ടറിയിൽ കണ്ടുമുട്ടിയ മെക്സിക്കോക്കാരിയോടു ചോദിച്ചത്.

ഒന്നാമത്തെ ചോദ്യം: ഹൗ ഓൾഡ് ആർ യു? മറുപടി: 42 രണ്ടാമത്തെ ചോദ്യം: ഹൗ മച്ച് സാലറി? മറുപടി: 12 ഡോളർ എടോ ഇതു നമ്മുടെ നാട്ടിലേക്കാളും കഷ്ടമാണല്ലോ എന്നു നിരാശപ്പെട്ട നായനാരോട് കൂടെയുണ്ടായിരുന്നവർ പറഞ്ഞു–സർ, മാസശമ്പളമല്ല, ഒരു മണിക്കൂറിലെ ശമ്പളമാണ് 12 ഡോളർ. ശെടാ, അതു നമ്മുടെ ചീഫ് സെക്രട്ടറിയെക്കാൾ കൂടുതലാണല്ലോ എന്ന് ആശ്ചര്യപ്പെട്ടതിനു ശേഷം നായനാരുടെ മൂന്നാമത്തെ ചോദ്യം (കൂടെയുള്ളവരോട്) – എടോ ഇതുപോലൊരെണ്ണം നമുക്കു തുടങ്ങിയാലെന്താ? കേരളത്തിന്റെ തലവര മാറ്റിയ ഐടി വിപ്ലവത്തിനു തുടക്കമിട്ട മൂന്നു ചോദ്യങ്ങൾ.

വർഷം 1989. നായനാരുടെ കൂടെയുണ്ടായിരുന്നത് അന്നത്തെ മന്ത്രിമാരായിരുന്ന കെ.ആർ. ഗൗരിയമ്മ, ബേബി ജോൺ, വ്യവസായ ഉപദേഷ്ടാവ് കെ.പി.പി. നമ്പ്യാർ. സിലിക്കൺ വാലിയിൽ വഴികാട്ടിയായി പോയത് ഇന്നത്തെ ആസൂത്രണ ബോർഡ് അംഗം ജി. വിജയരാഘവൻ. ഐടി എന്ന വാക്കുപോലും പരിചിതമല്ലാത്ത കാലത്ത് ടെക്നോളജി പാർക്ക് എന്ന ഭ്രാന്തൻ സ്വപ്നത്തിനു പിന്നാലെപോയവർക്കു കിട്ടിയ അംഗീകാരം കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.

ആ സ്വപ്നം സത്യമായിട്ട് 25 വർഷമാകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാർക്ക് എന്ന പെരുമയിലേക്കുള്ള കുതിപ്പിന്റെ രജതജൂബിലി. 5000 പേർക്കു നേരിട്ടു ജോലി നൽകാൻ ലക്ഷ്യമിട്ടു തുടങ്ങിയ സ്ഥാപനത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നത് 50,000 പേർ. പരോക്ഷമായി തൊഴിൽ ലഭിക്കുന്നത് മൂന്നു ലക്ഷത്തോളം പേർക്ക്. കേരളം ബിസിനസ് തുടങ്ങാൻ പറ്റിയ നാടല്ലെന്ന വിശ്വാസത്തെയും പ്രചാരണത്തെയും അതിജീവിച്ച് ലോക ഐടി ഭൂപടത്തിൽ സ്വന്തമായി ഇടം നേടിയെടുത്ത മുന്നേറ്റം.

ഈയിടെ നിര്യാതനായ കെ.പി.പി. നമ്പ്യാരാണ് ഇലക്ട്രോണിക്സ് ടെക്നോളജി പാർക്ക് എന്ന ആശയം സർക്കാരിനു മുന്നിൽ വയ്ക്കുന്നത്. അന്ന് വ്യവസായ വകുപ്പ് അഡ്വൈസറായിരുന്നു അദ്ദേഹം. സിലിക്കൺ വാലിയെയും സിംഗപ്പൂരിലെ ടെക്നോളജി പാർക്ക് പോലെയും കേരള സർവകലാശാലയുടെ കീഴിൽ ഒരു സ്ഥാപനം എന്നതായിരുന്നു അദ്ദേഹം മുന്നോട്ടുവച്ച നിർദേശം. ഡോ. എം.പി. നായർ, എൻ.ടി. നായർ, എ.കെ. നായർ, എം.ആർ. നാരായണൻ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രാഥമികചർച്ചകൾ നടന്നു. തുടർന്ന് സിംഗപ്പൂർ പാർക്കിനെ അടിസ്ഥാനമാക്കി ടാറ്റ കൺസൽട്ടൻസി സർവീസസ് പദ്ധതി രൂപരേഖ തയാറാക്കി. സി ഡാക്കിലെ ഉദ്യോഗസ്ഥനായിരുന്ന ജി. വിജയരാഘവൻ ഈ ഘട്ടത്തിലാണ് പദ്ധതിയുമായി സഹകരിക്കുന്നത്. പദ്ധതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കാര്യമായ അനക്കങ്ങളൊന്നുമുണ്ടായില്ല.

അതിനിടെയാണ് മുഖ്യമന്ത്രി നായനാർ അമേരിക്കൻ സന്ദർശനത്തിനു പുറപ്പെടുന്നതും ആപ്പിൾ ഫാക്ടറി സന്ദർശിക്കുന്നതും. കംപ്യൂട്ടർ മേഖലയിൽ ഇത്രയും പേർക്കു ജോലി കിട്ടുമെങ്കിൽ നമ്മളെന്തിനാടോ എതിർക്കുന്നതെന്നായിരുന്നു സിലിക്കൺ വാലി സന്ദർശനത്തിനുശേഷമുള്ള നായനാരുടെ ചോദ്യം. ചരിത്രപരമായ വിഡ്ഢിത്തങ്ങളിലൊന്നായ സിപിഎമ്മിന്റെ കംപ്യൂട്ടർ വിരുദ്ധ സമരങ്ങൾക്ക് അന്ത്യം കുറിച്ച ചോദ്യമായി പിന്നീട് അതു മാറുകയും ചെയ്തു. പിന്നീട് കഴക്കൂട്ടത്ത് ടെക്നോപാർക്ക് നിർമാണത്തിന്റെ ശിലാസ്ഥാപനവേളയിൽ നായനാർ തന്നെ അതു തുറന്നുപറഞ്ഞിട്ടുണ്ട് – ഞങ്ങൾ അമേരിക്കയിൽ പോയില്ലായിരുന്നുവെങ്കിൽ ഈ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുകയേ ഇല്ലായിരുന്നു.

ഇലക്ട്രോണിക്സ് ടെക്നോളജി പാർക്സ് കേരള എന്ന സ്ഥാപനം ചാരിറ്റബിൾ സൊസൈറ്റി ആയാണ് ആദ്യം റജിസ്റ്റർ ചെയ്തത്. ടെക്നോപാർക്ക് എന്ന പേരു വരുന്നത് പിന്നീടാണ്. കേരള സർവകലാശാലയുടെ കീഴിൽ കഴക്കൂട്ടത്ത് വൈദ്യൻകുന്നിൽ കാടുപിടിച്ചുകിടന്ന 50 ഏക്കർ സ്ഥലമാണ് പാർക്കിനു വേണ്ടി കണ്ടെത്തിയത്. സർവകലാശാല സിൻഡിക്കറ്റ് യോഗത്തിൽ കംപ്യൂട്ടർ പാർക്കിനായി 50 ഏക്കർ സ്ഥലം വിട്ടുകൊടുക്കുന്നതിനെ സിൻഡിക്കറ്റ് അംഗങ്ങൾ എതിർത്തു. എന്നാൽ, ഗൗരിയമ്മ ശക്തമായ നിലപാടെടുത്തു – സ്ഥലം വിട്ടുകൊടുക്കാനുള്ള തീരുമാനം പാർട്ടിയുടേതാണ്. സിൻഡിക്കറ്റ് അംഗങ്ങളായ ജി. സുധാകരൻ, കെ.വി. ദേവദാസ് എന്നിവർ ഉൾപ്പെടെയുള്ളവർ മുൻകൈയെടുത്ത് സ്ഥലം വിട്ടുകൊടുക്കാൻ ഏർപ്പാടുണ്ടാക്കി.

കെ.പി.പി. നമ്പ്യാരുടെ ഓഫിസിന്റെ ഒരു മൂലയിലിട്ടിരുന്ന സോഫയായിരുന്നു ടെക്നോപാർക്കിന്റെ ആദ്യ ഓഫിസ്.ജി. വിജയരാഘവൻ, കെ.ജി. സതീഷ് കുമാർ, എം. വാസുദേവൻ, കെ. രാമചന്ദ്രൻ, കെ.സി. ചന്ദ്രശേഖരൻ നായർ, ചിത്ര, ഗീത, ജെയ്സമ്മ തുടങ്ങി 11 പേരായിരുന്നു ആദ്യസാരഥികൾ. ഒരു ഫുട്ബോൾ ടീമിനുള്ളത്രയും പേർ മാത്രം. സി ഡാക്കിൽ ജോലി ചെയ്തിരുന്ന 32 വയസ്സുകാരനായ വിജയരാഘവനെ ആദ്യം ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയിലും പിന്നീട് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ആയും നിയമിച്ചു. കേരളത്തിലെ ആദ്യത്തെ സിഇഒ. അന്ന് ആ കസേരയ്ക്കു മാനേജിങ് ഡയറക്ടർ എന്നോ മറ്റോ പേരു നൽകിയിരുന്നെങ്കിൽ ഒരുപക്ഷേ ആ ഫയൽ അന്നേ ചുവപ്പുനാടയിൽ കുരുങ്ങിയേനെ.

മാർച്ച് 31ന് മുഖ്യമന്ത്രി ഇ.കെ. നായനാർ ടെക്നോപാർക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പ്. കെ. കരുണാകരൻ മുഖ്യമന്ത്രി. പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായവകുപ്പുമന്ത്രി. കെ.എം. ചന്ദ്രശേഖരൻ വ്യവസായവകുപ്പ് സെക്രട്ടറി. ഇടതുസർക്കാർ നിയമിച്ച ഉദ്യോഗസ്ഥരെ മാറ്റാൻ കടുത്ത സമ്മർദത്തിനിടെ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ കുഞ്ഞാലിക്കുട്ടി വിജയരാഘവനോട് ആവശ്യപ്പെട്ടു. അവതരണം കഴിഞ്ഞതോടെ കുഞ്ഞാലിക്കുട്ടി പറഞ്ഞു–എന്തൊക്കെയാണ് സർക്കാർ ചെയ്തുതരേണ്ടതെന്നു മാത്രം എഴുതിത്തന്നാൽ മതി.

ആ സ്വാതന്ത്യ്രമാണ് ടെക്നോപാർക്കിനെ ഇന്നത്തെ നിലയിലേക്കു വളർത്തിയത്. ജൂലൈയിൽ നിർമാണപ്രവർത്തനങ്ങൾ തുടങ്ങി. നിലവിലുള്ള തൊഴിൽരീതികളും നിർമാണസമ്പ്രദായങ്ങളും മാറ്റിയെഴുതിയാണ് ടെക്നോപാർക്കിൽ കെട്ടിടങ്ങളുയർന്നത്. കേരളത്തിൽ ആദ്യമായി വാഹനം, സെക്യൂരിറ്റി, ശുചീകരണം എന്നിവ പൂർണമായി കരാർ കൊടുത്ത സ്ഥാപനമായിരുന്നു ടെക്നോപാർക്ക്. ഒരുകോടി രൂപയായിരുന്നു ആദ്യ അലോട്മെന്റ്. ഇന്നത്തെ പാർക്ക് സെന്ററാണ് ആദ്യഘട്ടത്തിൽ നിർമിച്ചത്. ടെൻഡറിലൂടെ എത്തിയ കരാറുകാർ മൂന്നുവർഷം ആവശ്യപ്പെട്ടപ്പോൾ ആറു മാസത്തെ കാലാവധിയാണ് നൽകിയത്. അങ്ങനെയാണ് ബുൾഡോസർ എന്ന അദ്ഭുതയന്ത്രം കേരളത്തിൽ ആദ്യമായി എത്തുന്നത്. തൊട്ടുപിന്നാലെ യൂണിയനുകൾ കൊടിനാട്ടി.

വിജയരാഘവന്റെ നേതൃത്വത്തിൽ കരുണാകരനെ ചെന്നുകണ്ടു. ഐഎൻടിയുസി ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധത്തെക്കുറിച്ച് അറിയിച്ചു. കരുണാകരൻ ഉടൻ ഐജി സുകുമാരൻനായരെ വിളിച്ചു– ഇവർ ആവശ്യപ്പെടുന്ന എന്തും ചെയ്തുകൊടുക്കണം. രാഷ്ട്രീയം നോക്കേണ്ട. പിന്നീടൊരിക്കലും യൂണിയൻകാരുടെ പ്രശ്നമുണ്ടായില്ല.

പാർക്ക് സെന്ററിനു പിന്നാലെ പമ്പ, പെരിയാർ കെട്ടിടങ്ങളുടെ പണി പൂർത്തിയായി. കമ്പനികളെ ക്ഷണിച്ച് രാജ്യമൊട്ടുക്കും പരസ്യം ചെയ്തു. കേരളത്തിലേക്കു വരാൻ എല്ലാ കമ്പനികൾക്കും മടിയുണ്ടായിരുന്നു. ആദ്യം ബ്രഹ്മ, സീ വ്യു, നെസ്റ്റ് തുടങ്ങിയ ഇന്ത്യൻ കമ്പനികളും ഐവിഎൽ എന്ന മൾട്ടിനാഷനൽ കമ്പനിയുമാണ് താൽപര്യം പ്രകടിപ്പിച്ച് എത്തിയത്. പതിവു സർക്കാർ രീതികളിൽനിന്നു മാറിയുള്ള ബിസിനസ് രീതികളാണ് ടെക്നോപാർക്ക് ആദ്യംമുതൽ സ്വീകരിച്ചത്.

റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ആദ്യംതന്നെ ഒരുക്കി. അന്നൊക്കെ ലാൻഡ് ഫോൺ കണക്ഷൻ കിട്ടാൻ മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. കെട്ടിടങ്ങളുടെ നിർമാണം തുടങ്ങിയ സമയത്തുതന്നെ 20 ലാൻഡ് ഫോൺ കണക്ഷനുകൾ ടെക്നോപാർക്ക് ഓഫിസിൽ എടുത്തു. ടെക്നോപാർക്കിൽ സ്ഥലം എടുക്കുന്ന കമ്പനിക്ക് ആദ്യ ദിവസംതന്നെ ടെലിഫോൺ കണക്ഷൻ നൽകിയത് ബിസിനസ് ലോകത്തു വലിയ ചർച്ചാവിഷയമായി. കേരളത്തിൽ ആദ്യമായി അവശ്യസേവന നിയമത്തിൽപ്പെടുത്തിയ ബിസിനസ് മേഖലയാണ് ടെക്നോപാർക്ക്. അതോടെ സമരങ്ങളുണ്ടാകില്ലെന്ന് ഉറപ്പായി.

കമ്പനി ഉദ്യോഗസ്ഥർക്കു വാടകവീടും കുട്ടികൾക്ക് സ്കൂൾ അഡ്മിഷനുമൊക്കെ ടെക്നോപാർക്കിലെ ‘ഫുട്ബോൾ ടീമാണ് ഒരുക്കിക്കൊടുത്തത്. തൊട്ടുപിന്നാലെ ടിസിഎസ് പോലുള്ള വലിയ സ്ഥാപനങ്ങൾ വന്നു. ടിസിഎസ് കേരളത്തിൽ ക്യാംപസ് തുടങ്ങാൻ പോകുന്നുവെന്നു കേട്ടപ്പോൾ പലരും എതിർത്തു. ചെന്നൈയും അവർ പരിഗണിച്ചിരുന്നു. എന്നാൽ, ഒറ്റദിവസംകൊണ്ട് ലൈസൻസുകളെല്ലാം അനുവദിച്ചതോടെ അവർ ടെക്നോപാർക്കിലെത്തി. ടൂൺസ്, യുഎസ്ടി ഗ്ലോബൽ തുടങ്ങിയവ കൂടി പിന്നാലെ എത്തിയതോടെ ടെക്നോപാർക്കിനു സ്വന്തമായി മേൽവിലാസമായി. കേരളത്തിലെ ഐടി ബൂമിനു തുടക്കം കുറിച്ചത് ടെക്നോപാർക്കിന്റെ വരവായിരുന്നു. 10 മുതൽ നാലു വരെ ജോലി ചെയ്തു ശീലിച്ച മലയാളിയുടെ കാഴ്ചപ്പാടുതന്നെ മാറി. 1995 നവംബറിൽ പ്രധാനമന്ത്രി നരസിംഹറാവു ടെക്നോപാർക്ക് രാഷ്ട്രത്തിനു സമർപ്പിച്ചു.

വി.കെ. മാത്യൂസ് എന്ന കിഴക്കമ്പലം സ്വദേശി വിദേശത്തെ മികച്ച ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സോഫ്റ്റ്വെയർ സ്ഥാപനം തുടങ്ങാനായി ടെക്നോപാർക്കിലെത്തി. പലരും എതിർത്തു. ഇയാൾ ഇത് എന്തു കണ്ടിട്ടാ എന്നായിരുന്നു ബന്ധുക്കളുടെ പോലും ആശങ്ക. വ്യോമയാന രംഗത്തെ സോഫ്റ്റ്വെയറുകളിലായിരുന്നു കമ്പനിയുടെ തുടക്കം മുതലുള്ള ശ്രദ്ധ. നിള എന്ന പേരുള്ള കെട്ടിടത്തിലെ ഒരു മുറിയിൽ തുടങ്ങിയ ഐബിഎസ് ഇപ്പോൾ ലോകത്തെ ഒന്നാംനിര കമ്പനികളിലൊന്നാണ്. പല രാജ്യങ്ങളും ക്ഷണിച്ചിട്ടും ഐബിഎസിന്റെ പ്രധാന ക്യാംപസ് ഇപ്പോഴും ടെക്നോപാർക്കിൽ തന്നെയാണ്. അന്നും ഇന്നും മാത്യൂസിന്റെ ഓഫിസ് മുറി പോലും മാറ്റിയിട്ടില്ല.

ടെക്നോപാർക്കിന്റെ വളർച്ച കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലായിരുന്നു. 50 ഏക്കറിൽ നിന്ന് 333 ഏക്കറിലേക്ക് ടെക്നോപാർക്ക് വളർന്നു. ആകെ വിസ്തീർണം 45 ലക്ഷം ചതുരശ്ര അടിയായി. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാർക്ക്. കമ്പനികളുടെ എണ്ണം 330. ആദ്യഘട്ടത്തിൽ ടെക്നോപാർക്കിലേക്കു വരാൻ മടിച്ച ഇൻഫോസിസ്, മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ ശ്രമഫലമായാണ് പത്തു വർഷം മുൻപ് എത്തിയത്.

ആദ്യത്തെ 25 കൊല്ലത്തിനിടെ അരലക്ഷം പേർക്കു ജോലി കൊടുത്ത ടെക്നോപാർക്കിൽ അടുത്ത അഞ്ചു കൊല്ലത്തിനിടെ ഉണ്ടാകാൻ പോകുന്ന തൊഴിലവസരങ്ങളുടെ എണ്ണം 56,000. പരോക്ഷ തൊഴിലവസരങ്ങളുടെ എണ്ണം അഞ്ചുലക്ഷം കവിയും. ടെക്നോപാർക്കിനു തൊട്ടടുത്ത് ടെക്നോസിറ്റി എന്ന പേരിൽ 423 ഏക്കറിൽ പുതിയ പാർക്ക് ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ കോർപറേറ്റ് ട്രെയിനിങ് സെന്റർ ടിസിഎസ് നിർമിക്കുന്നത് ടെക്നോസിറ്റിയിലാണ്. കൊല്ലം കുണ്ടറയിൽ 40 ഏക്കറിൽ പുതിയ പാർക്ക് ഉയരുന്നു.

ലോകമെമ്പാടും സാമ്പത്തികമാന്ദ്യം വന്ന് ഐടി കമ്പനികൾ തളർന്നപ്പോൾ പോലും ടെക്നോപാർക്കിലെ കമ്പനികൾ പിടിച്ചുനിന്നു. ഏറ്റവും മികച്ച തലച്ചോറുള്ള ടെക്കികളാണ് ടെക്നോപാർക്കിൽ ജോലി ചെയ്യുന്നത് എന്നതുതന്നെ അതിനു കാരണം. ഇതിൽ ഭൂരിഭാഗവും മലയാളികൾ. ഒരുപക്ഷേ ടെക്നോപാർക്കിന്റെ ഏറ്റവും വലിയ മൂലധനവും സാധ്യതയും അതുതന്നെയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.