കോങ്കണ്ണുള്ളവർക്കു വനിതാ സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ അപേക്ഷ നൽകാൻ സാധിക്കുമോ? ഇതു സംബന്ധിച്ച വിവരങ്ങൾ എന്തെല്ലാമാണ്?
സ്ക്വിന്റ് അല്ലെങ്കിൽ കണ്ണിന്റെയോ കൺപോളകളുടെയോ മോർബിഡ് ആയിട്ടുള്ള അവസ്ഥ എന്നിവ വനിതാ സിപിഒ തസ്തികയിൽ അയോഗ്യതയായി കണക്കാക്കും. വർണാന്ധതയുള്ളവരെയും പരിഗണിക്കില്ല. രണ്ടു കണ്ണുകൾക്കും പൂർണ കാഴ്ചശക്തി ഉണ്ടായിരിക്കണം. കണ്ണട വയ്ക്കാതെ കാഴ്ചശക്തി സാക്ഷ്യപ്പെടുത്തേണ്ട അളവുകൾ ഇങ്ങനെ: ദൂരക്കാഴ്ച: 6/6 സ്നെല്ലൻ (രണ്ടു കണ്ണുകൾക്കും), സമീപക്കാഴ്ച: 0.5 സ്നെല്ലൻ (രണ്ടു കണ്ണുകൾക്കും).
മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കൈകാലുകൾ, കോമ്പല്ല് (മുൻ പല്ല്), ഉന്തിയ പല്ലുകൾ, കേൾവിയിലും സംസാരത്തിലുമുള്ള കുറവുകൾ എന്നിങ്ങനെയുള്ള ശാരീരിക പ്രത്യേകതകളും അയാഗ്യതയായി കണക്കാക്കും.
കായികക്ഷമതാ പരീക്ഷാസമയത്തു സർക്കാർ സർവീസിൽ അസിസ്റ്റന്റ് സർജൻ/ജൂനിയർ കൺസൽറ്റന്റ് റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസറിൽനിന്നു ശാരീരിക ക്ഷമതയും കണ്ണട കൂടാതെയുള്ള കാഴ്ചശക്തിയും തെളിയിക്കുന്നതിനു മെഡിക്കൽ സർട്ടിഫിക്കറ്റ് (അസ്സൽ) ഹാജരാക്കണം.