ഒന്നാം റാങ്ക് ലഭിച്ചയാൾക്ക് ആദ്യ അഡ്വൈസ് ലഭിക്കില്ലേ?

Mail This Article
ഒരു റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്ക് ജേതാവിനല്ലേ ആദ്യം നിയമന ശുപാർശ ലഭിക്കേണ്ടത്? എന്നാൽ ചില ലിസ്റ്റുകളിൽ അങ്ങനെയല്ല നിയമന ശുപാർശ നടക്കുന്നത്. എന്താണ് ഇതിനു കാരണം?
സാധാരണ റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ നൽകുമ്പോൾ ഒന്നാം റാങ്ക് ലഭിച്ചയാൾക്കാണ് ആദ്യ നിയമനം ലഭിക്കേണ്ടത്. എന്നാൽ, റിപ്പോർട്ട് ചെയ്ത ഒഴിവ് എൻജെഡിയാണെങ്കിൽ ഒന്നാം റാങ്ക് ജേതാവിനുതന്നെ നിയമനം ലഭിക്കണമെന്നില്ല.
എൻജെഡി ഒഴിവിലേക്കു നിയമനം നൽകുന്നത് ജോലിയിൽ പ്രവേശിക്കാത്ത ഉദ്യോഗാർഥിയുടെ ജാതി നോക്കിയല്ല, നിയമന ഊഴം നോക്കിയാണ്.
മെറിറ്റ് ഊഴത്തിൽ നിയമനം ലഭിച്ച ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കാത്തതുമൂലമുള്ള ഒഴിവാണെങ്കിൽ ആ വിഭാഗത്തിലെ ഉദ്യോഗാർഥിക്കു നിയമനം ലഭിക്കും. സംവരണ ഊഴത്തിൽ നിയമനം ലഭിച്ച ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കാത്തതുമൂലമുള്ള ഒഴിവാണെങ്കിൽ റാങ്ക് ലിസ്റ്റിലെ ആ വിഭാഗത്തിലുള്ളയാൾക്കാണു നിയമനം നൽകുക. ഇത്തരം സാഹചര്യങ്ങളിൽ ഒന്നാം റാങ്ക് ലഭിച്ച ഉദ്യോഗാർഥി ഏതു വിഭാഗത്തിൽ വരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും (ഒരു ഒഴിവ് മാത്രമുള്ളപ്പോൾ) നിയമനം.