സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: LDC, LD ടൈപ്പിസ്റ്റ്; തസ്തികമാറ്റം അനുവദിക്കാത്തത് എന്തുകൊണ്ട്?

Mail This Article
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ എൽഡി ക്ലാർക്ക്, എൽഡി ടൈപ്പിസ്റ്റ് തസ്തികയിൽ ജോലി ചെയ്യുന്നവരെ തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് പരിഗണിക്കില്ലെന്ന് കഴിഞ്ഞ ലക്കം തൊഴിൽവീഥിയിലെ സംശയനിവാരണത്തിൽ കണ്ടു. എന്താണ് ഇതിനു കാരണം? ഈ വിഭാഗക്കാർക്കുകൂടി അവസരം ലഭിക്കാൻ എന്തു ചെയ്യണം?
ഒരു തസ്തികയുടെ നിയമനച്ചട്ടങ്ങൾ (സ്പെഷൽ റൂൾസ്) അനുസരിച്ചാണ് പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. ഇതനുസരിച്ച്, സംസ്ഥാന സർക്കാരിലെ ഏതെങ്കിലും സബോഡിനേറ്റ് സർവീസിൽ ഉൾപ്പെടുന്ന താഴ്ന്ന ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് (എൽഡി ക്ലാർക്ക്/ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലും സമാനമായ മറ്റു തസ്തികയിലും ജോലി ചെയ്യുന്നവർ ഒഴികെ) സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള വിജ്ഞാപന പ്രകാരം അപേക്ഷിക്കാൻ അർഹതയുള്ളത്. താഴ്ന്ന ശമ്പള സ്കെയിലിലെ തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവരുടെ കാറ്റഗറിയിൽ 2 വർഷത്തെ സർവീസും ഈ തസ്തികയ്ക്ക് നേരിട്ടുള്ള നിയമനത്തിനു നിശ്ചയിച്ച ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരിക്കണം.
എൽഡി ക്ലാർക്ക്, എൽഡി ടൈപ്പിസ്റ്റ് ഉൾപ്പെടെയുള്ള തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ നൽകാൻ (മറ്റു വിധത്തിൽ യോഗ്യതയുണ്ടെങ്കിൽ) തടസ്സമില്ല. തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് അപേക്ഷ നൽകണമെങ്കിൽ ഈ തസ്തികയുടെ സ്പെഷൽ റൂൾസിൽ ഇതിനനുസരിച്ചു ഭേദഗതി വരുത്തണം. സർക്കാരും ബന്ധപ്പെട്ട വകുപ്പുകളുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾക്ക് സർക്കാരിന് അപേക്ഷ നൽകാം.
വിദൂരവിദ്യാഭ്യാസ യോഗ്യത
പരിഗണിക്കുമോ?
വിദൂരവിദ്യാഭ്യാസം വഴി ബിരുദ കോഴ്സ് ചെയ്തിരുന്നു. പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ നൽകാമോ?
യുജിസി അംഗീകൃത സർവകലാശാലയിൽനിന്ന് വിദൂരവിദ്യാഭ്യാസം വഴി ബിരുദം നേടിയവർക്കു സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ നൽകാൻ തടസ്സമില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം യോഗ്യത നേടിയിരിക്കണം എന്നേയുള്ളൂ.
ജനുവരി 29 രാത്രി 12 വരെയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാൻ അവസരമുള്ളത്. ഇതിനുള്ളിൽ പരീക്ഷാഫലം ഒൗദ്യോഗികമായി പ്രസിദ്ധീകരിക്കുകയും താങ്കൾ വിജയിക്കുകയും വേണം. അങ്ങനെയെങ്കിലേ അപേക്ഷ സ്വീകരിക്കൂ.
സർക്കാർ ജീവനക്കാർ
എന്തെല്ലാം രേഖകൾ
ഹാജരാക്കണം?
സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ ജോലി ചെയ്യുന്ന ഞാൻ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ നൽകുമ്പോൾ എന്തൊക്കെ രേഖകൾ ഹാജരാക്കണം?
നിലവിലുളള ജോലി സംബന്ധിച്ച വിവരങ്ങൾ അപേക്ഷയിൽ രേഖപ്പെടുത്തണം. ഇക്കാര്യം തെളിയിക്കാൻ ഓഫിസ് മേലധികാരിയിൽനിന്നു സർവീസ് സർട്ടിഫിക്കറ്റ് വാങ്ങി പിഎസ്‌സി ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം. സർവീസ് സർട്ടിഫിക്കറ്റിന്റെ മാതൃക ഗസറ്റിൽ ലഭ്യമാണ്.