എന്തുമെഴുതും ചാറ്റ്ജിപിടി!

HIGHLIGHTS
  • മനുഷ്യർ പരസ്പരം സംവദിക്കുന്നതുപോലെ ഈ പ്രോഗ്രാമിനും മറ്റൊരാളുമായി സംവദിക്കാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഴിയും
  • ഒരുമാസത്തിനിടെ കോടുക്കണക്കിനാളുകൾ ഈ പ്രോഗ്രാം ഉപയോഗിച്ചു
digital-pill
Photo: vectorsector/Shutterstock
SHARE

‘ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അഹിംസാ സിദ്ധാന്തത്തിന്റെ സ്വാധീനം’ എന്ന വിഷയത്തിൽ ഉപന്യാസം എഴുതാൻ വിദ്യാർഥികളോട് അധ്യാപകൻ ആവശ്യപ്പെട്ടെന്നിരിക്കട്ടെ. നിമിഷങ്ങൾക്കുള്ളിൽ അതിഗംഭീരമായ ഉപന്യാസം തയാറാക്കിത്തരുന്നൊരു ‘സഹായി’ ഇപ്പോൾ വിദേശരാജ്യങ്ങളിലെ അധ്യാപകരുടെ ഉറക്കം കെടുത്തുകയാണ്.

ന്യൂയോർക്കിൽ നിരോധനം

ചാറ്റ്ജിപിടി (ChatGPT) എന്ന നിർമിതബുദ്ധി (Artificial Intelligence-AI) അധിഷ്ഠിത ചാറ്റ്ബോട്ട് ആണ് സ്കൂളുകൾ ഉൾപ്പെടെ വിവിധ മേഖലയിൽ അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബർ അവസാനമാണു ചാറ്റ്ജിപിടി സൗജന്യമായി ഉപയോക്താക്കൾക്കു ലഭിച്ചു തുടങ്ങിയത്. വിദ്യാഭ്യാസമേഖലയിൽ എഐയുടെ ഭാവി ഇടപെടൽ സംബന്ധിച്ച വലിയ സംവാദങ്ങൾക്കു പാശ്ചാത്യരാഷ്ട്രങ്ങളിൽ ഈ ചാറ്റ്ബോട്ട് കാരണമായി.

മനുഷ്യർ എഴുതുന്നതിനൊപ്പമോ അതിലേറെയോ മികച്ച രചനകൾ ഏതു ഭാഷയിലും ചാറ്റ്ജിപിടി സൃഷ്ടിച്ചു നൽകിത്തുടങ്ങിയതോടെ ന്യൂയോർക്കിലെ വിദ്യാഭ്യാസ വകുപ്പ് വിദ്യാർഥികൾക്കിടയിൽ ഇതിന്റെ ഉപയോഗം നിരോധിച്ചു. കുട്ടികളുടെ പഠനനിലവാരത്തെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്നാണിത്.

ഗൂഗിൾ എന്തു ചെയ്യും?

ലോകം കീഴടക്കിയ സെർച് എൻജിൻ ഗൂഗിളിന്റെ അപ്രമാദിത്വം ചാറ്റ്ജിപിടി അവസാനിപ്പിക്കുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. ഇത്തരമൊരു പ്രോഗ്രാം വികസിപ്പിക്കാൻ രണ്ടു വർഷത്തിലേറെയായി ഗൂഗിളും ശ്രമിക്കുകയാണെന്നാണു വിവരം. അതേസമയം, ഓപ്പൺഎഐ കമ്പനിയിൽ 100 കോടി ഡോളർ നിക്ഷേപിച്ചിട്ടുള്ള മൈക്രോസോഫ്റ്റ് ആയിരിക്കുമോ അടുത്ത അത്ഭുതം സൃഷ്ടിക്കുക എന്നും ടെക്‌ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു. ചാറ്റ്ജിപിടി ഉപയോഗിച്ചു ചെയ്ത ഹോം വർക്കുകളുമായി ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾ എന്നാകും എത്തിത്തുടങ്ങുക? അതോ തുടങ്ങിയോ?

എന്താണ് ചാറ്റ്ജിപിടി?

മൈക്രോസോഫ്റ്റുമായി അടുത്ത ബന്ധം പുലർത്തുന്ന, യു എസിലെ സാൻഫ്രാൻസിസ്കോ ആസ്ഥാനമായ സ്റ്റാർട്ടപ് ഒാപ്പൺ എെഎ (OpenAI) ആണ് ചാറ്റ്ജിപിടിയുടെ സ്രഷ്ടാക്കൾ. സാം ഒാൾട്മാൻ ആണ് കമ്പനിയുടെ സിഇഒ. ജിപിടി എന്നാൽ ജനറേറ്റീവ് പ്രീട്രെയിൻഡ് ട്രാൻസ്ഫോമർ (Generative Pre-trained Transformer). മനുഷ്യർ പരസ്പരം സംവദിക്കുന്നതുപോലെ ഈ പ്രോഗ്രാമിനും മറ്റൊരാളുമായി സംവദിക്കാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഴിയും. 2022 നവംബർ 30 നാണു പ്രോഗ്രാം പുറത്തിറക്കിയത്. കഴിഞ്ഞ ഒരുമാസത്തിനിടെ കോടുക്കണക്കിനാളുകൾ ഈ പ്രോഗ്രാം ഉപയോഗിച്ചു. ഇ–മെയിൽ സന്ദേശങ്ങൾ എഴുതുന്നതുപോലെയുളള പ്രായോഗിക ആവശ്യങ്ങൾക്കും ചിലർ ഈ സംവിധാനം ഉപയോഗിക്കുന്നു. ഈ ഇടപെടലുകളെല്ലാം തന്നെ ചാറ്റ്ജിപിടിയെ കൂടുതൽ കാര്യശേഷിയുളള പ്രോഗ്രാം ആക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS