ഭൂമിയെ കാക്കാൻ ബദൽ ഊർജം

HIGHLIGHTS
  • 2050 ആകുമ്പോഴേക്കു ലോക ഊർജാവശ്യത്തിന്റെ 35% (6000 ജിഗാവാട്ട്) നിർവഹിക്കുക കാറ്റിൽനിന്നുള്ള വൈദ്യുതിയായിരിക്കും
Wind-mill
SHARE

അമേരിക്കയിലെ അതിശൈത്യം, ഓസ്ട്രേലിയയിലെ കാട്ടുതീ, ഗൾഫിലെ മഞ്ഞുവീഴ്ച... ലോകമെങ്ങും കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ജോഷിമഠിലെ ഭൂമി ഇടിഞ്ഞുതാഴലടക്കം ഇന്ത്യയിലും ഇതിന്റെ പ്രതിഫലനങ്ങൾ കുറവല്ല.

പ്രവചിക്കാനാവാത്ത ഈ കാലാവസ്ഥാമാറ്റങ്ങളുടെ മൂലകാരണം ആഗോളതാപനമാണെന്ന് എല്ലാവർക്കുമറിയാം. കാർബൺ ഡൈ ഓക്സൈഡ് ഉൾപ്പെടെ ഹരിതഗൃഹവാതകങ്ങളുടെ അനിയന്ത്രിത പുറന്തള്ളലാണ് ആഗോളതാപനത്തിനു വഴിയൊരുക്കുന്നതെന്നും വ്യക്തം. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള ഊർജ ഉൽപാദനവും ഉപഭോഗവുമാണ് ഈ വാതകങ്ങളുടെ പുറന്തള്ളലിന് ഇടയാക്കുന്നത്.

മാറ്റം അനിവാര്യം

സൗരോർജം, കാറ്റിൽനിന്നുള്ള ഊർജം തുടങ്ങി പുനരുപയോഗ ഊർജ മാതൃകകളിലേക്കുള്ള മാറ്റമാണ് ഇതിനുള്ള പ്രതിവിധികൾ. ആഗോളതലത്തിലെ വൈദ്യുതോൽപാദനത്തിന്റെ 7% മാത്രമാണ് ഇപ്പോൾ കാറ്റിൽനിന്നുള്ളത്. ലോകമാകെ 837 ജിഗാവാട്ട് വൈദ്യുതി ഇപ്പോൾ കാറ്റിൽനിന്ന് ഉൽപാദിപ്പിക്കുന്നു. വർഷത്തിൽ 120 കോടി ടൺ കാർബൺ ഡൈ ഓക്സൈഡിന്റെ പുറന്തള്ളൽ കുറയ്ക്കാൻ ഇതു പര്യാപ്തമാണ്. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ആകെ കാർബൺ ബഹിർഗമനത്തോതിനു തുല്യമാണ് ഈ കണക്ക്. 2050 ആകുമ്പോഴേക്കു ലോക ഊർജാവശ്യത്തിന്റെ 35% (6000 ജിഗാവാട്ട്) നിർവഹിക്കുക കാറ്റിൽനിന്നുള്ള വൈദ്യുതിയായിരിക്കും.

സിഡ്‌നി മാതൃക

ആഗോള ഹരിതഗൃഹ വാതകനിർഗമനത്തിന്റെ 70 ശതമാനവും വൻ നഗരങ്ങളിൽനിന്നാണ്. ലോകത്തെ പ്രധാനപ്പെട്ട 100 നഗരങ്ങൾ, ആവശ്യത്തിന്റെ 70 ശതമാനവും പുനരുപയോഗ ഊർജമാക്കിക്കഴിഞ്ഞു. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നി ഊർജാവശ്യത്തിന്റെ നൂറു ശതമാനവും കണ്ടെത്തുന്നതു പുനരുപയോഗ ഊർജത്തിൽനിന്നാണ്–75% കാറ്റിൽനിന്നും ബാക്കി സൗരോർജത്തിൽനിന്നും.

ബ്രിട്ടന്റെ കുതിപ്പ്

അമേരിക്ക 2022ൽ ഊർജോപഭോഗത്തിന്റെ 23 ശതമാനവും പുനരുപയോഗ മേഖലയിൽനിന്നു കണ്ടെത്തി. യൂറോപ്യൻ യൂണിയൻ കഴിഞ്ഞ വർഷം 15 ജിഗാവാട്ട് ശേഷിയുള്ള കാറ്റാടിപ്പാടങ്ങൾ സ്ഥാപിച്ചു.

ബ്രിട്ടനിൽ ഈയിടെ ഒറ്റ ദിവസം 16,398 മെഗാവാട്ട് വൈദ്യുതി കാറ്റിൽനിന്ന് ഉൽപാദിപ്പിച്ച് റെക്കോർഡ് ഇട്ടിരുന്നു. ആ ദിവസം രാജ്യത്തിന്റെ ഊർജ ഉപഭോഗത്തിന്റെ 63% കാറ്റിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ചു നടന്നു. ബ്രിട്ടന്റെ ആകെ ഉൽപാദനത്തിന്റെ 27% നിലവിൽ കാറ്റിൽനിന്നാണ്. 1393 കാറ്റാടിയന്ത്രങ്ങളുള്ള ഫിൻലൻഡ് 5677 മെഗാവാട്ട് വൈദ്യുതി കാറ്റിൽനിന്ന് ഉണ്ടാക്കുന്നു. പീക് ലോഡ് സമയത്തുള്ള കേരളത്തിന്റെ ആകെ വൈദ്യുതി ഉപഭോഗം ഏകദേശം ഇതിനടുത്തു വരും! ജർമനി, സ്വീഡൻ, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ഈ മേഖലയിൽ മുന്നിട്ടുനിൽക്കുന്നു.

അഭിമാനനേട്ടം കേരളത്തിനും

കാറ്റ്, സൗരോർജം തുടങ്ങിയവയിൽ നിന്നായി 120 ജിഗാവാട്ട് വൈദ്യുതിയാണ് ഇന്ത്യ ഉൽപ്പാദിപ്പിക്കുന്നത്. 2030 ൽ 500 ജിഗാവാട്ട് ആക്കുകയാണു ലക്ഷ്യം. കാറ്റിൽ നിന്നു നിലവിൽ 42 ജിഗാവാട്ട് വൈദ്യുതി രാജ്യം ഉൽപ്പാദിപ്പിക്കുന്നു. പുനരുപയോഗ ഊർജമാതൃകയിൽ കേരളത്തിനും അഭിമാനിക്കാവുന്ന നേട്ടമുണ്ട്. സമ്പൂർണ്ണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളം കൊച്ചിയിലേതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Videsha Vishesham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS