മുന്നേറ്റത്തിന്റെ വിപ്ലവനക്ഷത്രം

Mail This Article
കേരളത്തെ ഇന്നു കാണുന്ന കേരളമാക്കിത്തീർത്ത നവോത്ഥാനത്തിലെ വിപ്ലവവീര്യമാണ് അയ്യങ്കാളി. അനാചാരങ്ങളെ എതിര്‍ത്തും വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യം നേടുന്നതിനു പ്രാപ്തരാക്കിയും അയ്യങ്കാളി പിന്നാക്ക ജനവിഭാഗങ്ങളെ പുതിയ ലോകത്തേയ്ക്കും ഉണർവിലേക്കും നയിച്ചു. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ പെരുങ്കാറ്റുവിളയിലെ പ്ലാവറ വീട്ടില്‍ 1863 ഓഗസ്റ്റ് 28നാണ് അയ്യങ്കാളി ജനിച്ചത്. അച്ഛന്‍ അയ്യന്‍. അമ്മ മാല. പുലയ-പറയ വിഭാഗത്തില്‍പ്പെട്ട മനുഷ്യര്‍ സമൂഹത്തില്‍ എല്ലാതരത്തിലും ബഹിഷ്‌കൃതരായിരുന്ന, അവരെ മനുഷ്യരായി പോലും പരിഗണിക്കാതിരുന്ന ഒരു കാലത്തു അവര്‍ക്കു വേണ്ടി ആദ്യമുയര്‍ന്ന സ്വരമായിരുന്നു അയ്യങ്കാളിയുടേത്.
∙ വിവേചന വിരുദ്ധ സമരം
ജന്മിത്തവും മാടമ്പിത്തവും രാജാധികാരവുമെല്ലാം കൂടിച്ചേർന്ന ഭരണകൂടവും അതിന്മേലുള്ള ബ്രിട്ടിഷ് ആധിപത്യവുമായിരുന്നു അന്നത്തെ രാഷ്ട്രീയവ്യവസ്ഥ.
ബഹുവിധ ബഹിഷ്‌കരണങ്ങളാല്‍ ദുരിതപൂര്‍ണമായിരുന്നു അധഃസ്ഥിത വിഭാഗക്കാരുടെ ജീവിതം. കൃഷി ചെയ്യാന്‍ ജന്മിമാര്‍ക്കു വേണ്ട ഒരു ഉപകരണം മാത്രമായാണ് അന്നു താഴ്ന്ന വിഭാഗത്തില്‍പ്പെട്ട മനുഷ്യര്‍ പരിഗണിക്കപ്പെട്ടിരുന്നത്. പാടത്തു പണിയെടുത്തു വരുമ്പോള്‍ മണ്ണില്‍ കുഴികുത്തി അതില്‍ ഇലവച്ചായിരുന്നു ഇവര്‍ക്കു ഭക്ഷണം നല്‍കിയിരുന്നത്. റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും താഴ്ന്ന ജാതിക്കാർക്ക് അവകാശമുണ്ടായിരുന്നില്ല. അധഃസ്ഥിതര്‍ രോഗബാധിതരായാല്‍ ഡോക്ടര്‍മാര്‍ തൊട്ടുപരിശോധിക്കില്ല, ഗുളികകള്‍ എറിഞ്ഞുകൊടുക്കും. വസ്ത്രം ധരിക്കുന്നതിലും വിലക്കുകളുണ്ടായിരുന്നു. ഇത്തരം ഉച്ചനീചത്വങ്ങള്‍ക്കെതിരെ അയ്യങ്കാളി പോരിനിറങ്ങി. ജന്മികളുടെ അധികാരഹുങ്കിനോടു പ്രതികരിച്ച് അയ്യങ്കാളി മുന്നിലേക്കു വന്നപ്പോള്‍ നിരവധി എതിര്‍പ്പുകളുണ്ടായി. പിന്മാറാന്‍ ഉപദേശങ്ങളുണ്ടായി. എന്നാല്‍ അദ്ദേഹം അതിനു തയ്യാറായിരുന്നില്ല.
∙ പാഠം പടിക്കാൻ ആദ്യ സമരം
അധ:സ്ഥിത വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കുന്ന സവര്‍ണ വിഭാഗങ്ങളുടെ നീതി നിഷേധത്തിനെതിരേ ആയിരുന്നു അയ്യങ്കാളിയുടെ ആദ്യ സമരം. തിരുവിതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യങ്കാളിയായിരുന്നു. ജന്മിമാരുടെ പാടശേഖരങ്ങളില്‍ അധഃസ്ഥിത വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഇനി പണിക്ക് ഇറങ്ങില്ലെന്നു അയ്യങ്കാളി പ്രഖ്യാപിച്ചു. ആ തീരുമാനത്തെ പുച്ഛിച്ച ജന്മിമാര്‍ തുടക്കത്തില്‍ സ്വയം കൃഷിയിറക്കി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതു വന്‍ പരാജയമായതോടെ പ്രതികാരത്തിനായി അവര്‍ പാടങ്ങള്‍ തരിശിട്ടു. അതോടെ തൊഴിലും വരുമാനവുമില്ലാതെ കര്‍ഷകര്‍ ദുരിതത്തിലായി. എന്നാല്‍ സമരത്തില്‍ നിന്നു പിന്മാറാതെ പോരാടാന്‍ അയ്യങ്കാളി അവര്‍ക്കു പ്രചോദനമായി. ഒടുവില്‍ നിലവറകളിലെ നെല്ലു തീര്‍ന്നുതുടങ്ങിയപ്പോള്‍ മറ്റു വഴിയില്ലാതെ ജന്മിമാര്‍ കീഴടങ്ങി. തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കുകയും കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം അനുവദിക്കുകയും ചെയ്തതോടെ 1905-ല്‍ സമരം ഒത്തുതീര്‍പ്പായി.
സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെയും അയ്യങ്കാളി അതിശക്തമായ പ്രതിഷേധ പ്രകടനം തന്നെ നടത്തി. വില്ലുവണ്ടിയില്‍ സഞ്ചരിക്കുന്ന ജന്മിമാരെ കണ്ടാലുടന്‍ കീഴാളര്‍ വഴി മാറി നടക്കണമെന്നായിരുന്നു നിയമം. ഇതിനെതിരെ ഇതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചുകൊണ്ടായിരുന്നു അയ്യങ്കാളിയുടെ പ്രതിഷേധം. അദ്ദേഹം ജന്മിമാരെപ്പോലെ വസ്ത്രം ധരിച്ച് സ്വന്തമായൊരു കാളവണ്ടി വാങ്ങി അതില്‍ പൊതുവഴിയിലൂടെ സഞ്ചരിച്ചു. ആ യാത്ര ജന്മിവര്‍ഗ്ഗത്തെ വിളറിപിടിപ്പിച്ചു. വഴി തടയാന്‍ ശ്രമിച്ച സവര്‍ണ ജാതിക്കാരെ കത്തി കാണിച്ചു അയ്യങ്കാളി ഭയപ്പെടുത്തി. അനുയായികള്‍ അദ്ദേഹത്തിനു ആര്‍പ്പുവിളിച്ചു. സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ അയ്യങ്കാളി നടത്തിയ ആ ഒറ്റയാള്‍ പോരാട്ടം ചരിത്രത്തിലെ ധീരോദാത്തമായ ചുവടുവെയ്പാണ്. ഒട്ടും ഭയമില്ലാതെ അധികാര വര്‍ഗത്തിനു നേരെ നിവര്‍ന്നു നിന്നു സംസാരിച്ച അയ്യങ്കാളി സ്വന്തം സമുദായത്തിലുള്ളവര്‍ക്കു അയ്യങ്കാളി യജമാനനായി.
∙ കല്ലുമാല സമരം
അധഃസ്ഥിതരെന്നു കരുതപ്പെട്ടിരുന്ന എല്ലാവരെയും അക്കാലത്ത് മേല്‍വസ്ത്രം ഉപയോഗിക്കുന്നതില്‍ നിന്നും കര്‍ശനമായി വിലക്കിയിരുന്നു. അയ്യങ്കാളി ഈ അനീതിക്കെതിരെ പോരാടാനുറച്ചു. തന്റെ ജാതിയിലുള്ള സ്ത്രീകള്‍ മുലക്കച്ചയണിഞ്ഞു നടക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. എന്നാല്‍ അയ്യങ്കാളിയെ അനുസരിച്ച സാധുജനങ്ങളെ അയിത്താചരണത്തിന്റെ വക്താക്കള്‍ വേട്ടയാടി. മാതാപിതാക്കളുടേയും സഹോദരങ്ങളുടെയും മുന്നിലിട്ട് സ്ത്രീകളുടെ മുലക്കച്ചകള്‍ വലിച്ചുകീറുകയും ഭീകരമായി മര്‍ദ്ദിക്കുകയും ചെയ്തു. കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു ഇത്തരത്തില്‍ ഏറ്റവും ക്രൂരമായ മര്‍ദ്ദനമുറകള്‍ അരങ്ങേറിയത്.
തിരുവതാംകൂറിലെ വിവിധ പ്രദേശങ്ങള്‍ കലാപഭൂമികളായി. സവര്‍ണരുടെ കിരാതപ്രവര്‍ത്തനങ്ങള്‍ ഏറിയപ്പോള്‍ പ്രതികരിക്കാന്‍ അയ്യങ്കാളി സ്വസമുദായത്തോട് ആവശ്യപ്പെട്ടു. ആക്രമണത്തെത്തുടര്‍ന്നു നാടും വീടും വിട്ടവരോടു കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. 1915-ല്‍ നടന്ന ചരിത്രപ്രസിദ്ധമായ ഈ മഹാസഭയില്‍വച്ച് അടിമത്തത്തിന്റെ അടയാളമായി കഴുത്തില്‍ ധരിച്ചിരുന്ന കല്ലുമാലയും കാതിലെ ഇരുമ്പുവളയങ്ങളും ഉപേക്ഷിക്കാന്‍ അദ്ദേഹം സ്ത്രീകളോടു ആവശ്യപ്പെട്ടു. അയ്യങ്കാളിയുടെ നിർദേശം കേട്ട സ്ത്രീകള്‍ ആവേശത്തോടെ മാലയും വളയും ഊരി വലിച്ചെറിഞ്ഞു. വിപ്ലവകരമായ ഈ സാമൂഹിക മുന്നേറ്റം 'കല്ലുമാല സമരം' എന്ന പേരിലാണ് അറിയപ്പെടുന്നത്.
∙ ആദ്യത്തെ പള്ളിക്കൂടം
1904-ല്‍ വെങ്ങാനൂരില്‍ ദലിതരുടെ ആദ്യത്തെ പള്ളിക്കൂടം അയ്യങ്കാളി നിര്‍മിച്ചു. എന്നാല്‍ സവര്‍ണര്‍ അന്നു രാത്രി തന്നെ ആ കുടിപ്പള്ളിക്കൂടം തീയിട്ടു. അതേത്തുടര്‍ന്നാണു അയ്യങ്കാളിയുടെ നേതൃത്വത്തില്‍ കര്‍ഷകസമരം അരങ്ങേറിയത്. സമരം വിജയിച്ചതിനെത്തുടര്‍ന്ന് 1907-ല്‍ പുലയക്കുട്ടികള്‍ക്കു പള്ളിക്കൂടത്തില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായി. പ്രസ്തുത ഉത്തരവിന്റെ പിന്‍ബലത്തില്‍ പഞ്ചമിയെന്ന എട്ടു വയസ്സുകാരിയെ അയ്യങ്കാളിയും സംഘവും നെയ്യാറ്റിന്‍കര താലൂക്കിലെ ഊരൂട്ടമ്പലം പെണ്‍പള്ളിക്കൂടത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പക മൂത്ത സവർണവിഭാഗം പുലയപ്പെണ്‍കുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്നു രാത്രി തന്നെ തീയിട്ടു. പിന്മാറാൻ അയ്യങ്കാളി തയ്യാറായിരുന്നില്ല. അയിത്തജാതിക്കാര്‍ക്കായി പ്രത്യേക പള്ളിക്കൂടം വേണമെന്ന ആവശ്യവുമായി നിവേദനം തയാറാക്കുകയും മിച്ചല്‍ സായിപ്പിനെ ഇക്കാര്യം ബോധിപ്പിക്കുകയും ചെയ്തു. പരിശ്രമം വിജയിച്ചു. 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവുണ്ടായി.
സമുദായത്തിനു വേണ്ടി അഹോരാത്രം പ്രയത്‌നിച്ച അയ്യങ്കാളി 40 വയസ്സു മുതല്‍അർബുദ രോഗബാധിതന്‍ ആയിരുന്നു. എന്നാല്‍ സ്വന്തം അസുഖത്തെ തെല്ലും വകവയ്ക്കാതെ പിന്നെയും പതിറ്റാണ്ടുകളോളം അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. 1941 ജൂണ്‍ 18നു എഴുപത്തിയേഴാം വയസ്സിലാണ് അയ്യങ്കാളിയുടെ വിയോഗം. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ വെങ്ങാനൂരില്‍ സ്മാരകവും സ്‌കൂളും നിലവിലുണ്ട്. 2002 ഓഗസ്റ്റ് 12 ല്‍ അയ്യങ്കാളിയുടെ ചിത്രം അച്ചടിച്ച തപാല്‍ സ്റ്റാംപിറങ്ങി. 2019 ഓഗസ്റ്റ് 28 ന് തിരുവനന്തപുരത്തെ വിജെടി (വിക്ടോറിയ ജൂബിലി ടൗണ്‍) ഹാൾ 'അയ്യങ്കാളി ഹാള്‍' എന്നു പേരു മാറ്റി.