ADVERTISEMENT

ഇന്ത്യൻ ആധ്യാത്മിക നവോത്ഥാനത്തിന്റെ പിതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് സ്വാമി വിവേകാനന്ദൻ. 39 വർഷം മാത്രമാണ് ഈ ഭൂമിയിൽ ജീവിച്ചതെങ്കിലും ജീവിതകാലമത്രയും അർഥപൂർണമാക്കിയ മാഹാത്മാവെന്നു തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. സ്വാമി വിവേകാനന്ദന്റെ ജൻമദിനമാണ് ദേശീയ യുവജനദിനമായി ആഘോഷിക്കപ്പെടുന്നത്.

കൊൽക്കത്തയിൽ നിയമപണ്ഡിതനും വക്കീലുമായ വിശ്വനാഥ ദത്തയുടേയും ഭുവനേശ്വരിയുടേയും മകനായി 1863 ജനുവരി 12നാണ് സ്വാമി വിവേകാനന്ദൻ ജനിച്ചത്. നരേന്ദ്രനാഥ ദത്ത എന്നായിരുന്നു മാതാപിതാക്കളിട്ട പേര്. നരേന്ദ്രൻ എന്നും നരേൻ എന്നുമൊക്കെ അടുപ്പമുള്ളവർ വിളിച്ചു. മറ്റുള്ളവരോട് അപാരമായ കരുണയും സ്നേഹവും പ്രകടിപ്പിച്ചിരുന്ന നരേന്ദ്രന്റെ ഏറ്റവും വലിയ ആഗ്രഹം ഈശ്വരനെ കാണുക എന്നതായിരുന്നു. അതിനായി ശിവനെ ധ്യാനിക്കുന്നതു ശീലമാക്കി. അങ്ങനെ കുട്ടിക്കാലത്തു തന്നെ ഏകാഗ്രമായ ധ്യാനം സ്വായത്തമാക്കി.

1870ൽ ഏഴാം വയസ്സിൽ നരേന്ദ്രനെ മാതാപിതാക്കൾ മെട്രോപൊളിറ്റൻ സ്കൂളിൽ ചേർത്തു. 1879ൽ ഹൈസ്കൂൾ പരീക്ഷയിൽ ഒന്നാംക്ലാസോടെ വിജയം. പിന്നീടു പ്രസിഡൻസി കോളജിൽ ചേർന്നു. ഒരു വർഷത്തിനു ശേഷം ജനറൽ അസംബ്ലീസ് ഇൻസ്റ്റിറ്റ്യൂഷനിൽ ചേർന്നു പാശ്ചാത്യ തത്വശാസ്ത്രവും ലോക ചരിത്രവും പഠിച്ചു. 1884ൽ നരേന്ദ്രൻ ബിഎയ്ക്കു പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് പിതാവിന്റെ മരണം. അതോടെ സാമ്പത്തികമായി തകർന്നു. പ്രാർഥനകൾക്ക് ഉത്തരം കിട്ടാതെ വന്നതോടെ നിരീശ്വരവാദത്തിലേക്കു തിരിയുന്ന സാഹചര്യത്തിലാണ് ഗുരു ശ്രീരാമകൃഷ്ണ പരമഹംസനെ സമീപിക്കുന്നത്. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ പിന്നീടുള്ള ജീവിതത്തിൽ മുതൽക്കൂട്ടായി. ഹിന്ദുമതത്തിലെ ദുരാചാരങ്ങളെ എതിർത്തിരുന്ന ബ്രഹ്മസമാജത്തിന്റെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായ നരേന്ദ്രൻ പിന്നീട് സമാജം പ്രവർത്തകനുമായി.

നരേന്ദ്രൻ സ്വാമി വിവേകാനന്ദനായ വഴി

ഭാരതത്തിന്റെ യഥാർഥ ചിത്രം നേരിട്ടറിയാനായി നരേന്ദ്രൻ 1890ൽ ഒരു ഭാരതപര്യടനത്തിനിറങ്ങി. ഹിമാലയം മുതൽ കന്യാകുമാരിവരെ നീണ്ട ഈ യാത്രയ്ക്കിടയിൽ ദുഃഖിതരും പീഡിതരും അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും പെട്ടു ജീവിതം ഹോമിക്കപ്പെടുന്നവരും ജാതിമത ഭ്രാന്തുകൾ പിടിപെട്ടവരുമൊക്കെയാണു ഭാരതത്തിന്റെ യഥാർഥ പ്രതിനിധികൾ എന്നദ്ദേഹം തിരിച്ചറിഞ്ഞു. യാത്രയിലുടനീളം പണ്ഡിതരും പാമരരുമായും അദ്ദേഹം ആശയവിനിമയം നടത്തി. കൊട്ടാരങ്ങളിലും കുടിലുകളിലും അന്തിയുറങ്ങി. ഈ യാത്രയ്ക്കിടെ രജപുട്ടാനയിലെത്തിയപ്പോൾ ഖേത്രി രാജാവായ അജിത് സിംഹനാണ് അദ്ദേഹത്തിന് സ്വാമി വിവേകാനന്ദൻ എന്ന പേര് നൽകിയത്. മൂന്നു സമുദ്രങ്ങളുടെ സംഗമസ്ഥലമായ കന്യാകുമാരിയിലായിരുന്നു സ്വാമി വിവേകാനന്ദൻ തന്റെ ഭാരതപര്യടനം അവസാനിപ്പിച്ചത്. അവിടെ കടലിലേക്കു തള്ളി നിൽക്കുന്ന ഉയർന്ന പാറയിലേക്കു കയറിച്ചെന്ന വിവേകാനന്ദൻ മണിക്കൂറുകളോളം അവിടെ ധ്യാനത്തിലിരുന്നു. പുതിയൊരു പദ്ധതിയുമായി നവചൈതന്യത്തോടെയാണ് വിവേകാനന്ദൻ ഇവിടെ നിന്നു തിരികെ പോയത്. അദ്ദേഹം ധ്യാനത്തിലിരുന്ന ആ പാറയിലാണ് ഇന്നത്തെ വിവേകാനന്ദ സ്മാരകമുള്ളത്.

കേരളത്തിന്റെ സാമൂഹിക–സാംസ്കാരിക ചരിത്രത്തിലും സ്വാമി വിവേകാനന്ദന്റെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ബെംഗളൂരുവിലെത്തിയ വിവേകാനന്ദനെ കണ്ടു കേരളത്തിലെ ജാതീയമായ ഉച്ചനീചത്വങ്ങളെക്കുറിച്ചും അനാചാരങ്ങളെക്കുറിച്ചും ധരിപ്പിച്ചത് ഡോ. പൽപ്പുവായിരുന്നു. സ്വന്തം സമുദായത്തിൽപ്പെട്ട ഒരു സന്യാസിയെ മുമ്പിൽ നിർത്തി ഒരു സംഘടന രൂപീകരിച്ച് നാട്ടിൽ ഇതിനെതിരായി പ്രവർത്തിക്കണമെന്നു സ്വാമി വിവേകാനന്ദൻ ഡോ. പൽപ്പുവിന് ഉപദേശം നൽകി. അതനുസരിച്ചാണ് ശ്രീനാരായണ ധർമപരിപാലനയോഗം രൂപീകരിക്കപ്പെട്ടത്.

കേരളത്തിന്റെ ദാരുണമായ സാമൂഹികസ്ഥിതി കേട്ടറിഞ്ഞ സ്വാമി വിവേകാനന്ദൻ 1892 നവംബറിൽ തീവണ്ടിമാർഗം ഷൊർണൂരിലെത്തി. തൃശൂർ വരെ കാളവണ്ടിയിലും തുടർന്നങ്ങോട്ടു തിരുവിതാംകൂർവരെ വഞ്ചിയിലുമായി യാത്ര ചെയ്തു. യാത്രയ്ക്കിടെ കൊടുങ്ങല്ലൂർ ക്ഷേത്രസന്ദർശനം നടത്താനായി മൂന്നുദിവസം കാത്തിരുന്നിട്ടും വിലക്കുകാരണം അദ്ദേഹത്തിനു ക്ഷേത്രത്തിൽ കടക്കാനായില്ല. കേരളത്തിലെ ജാത്യാചാരങ്ങളുടെയും അയിത്തത്തിന്റെയും തീവ്രത സ്വാമിജിക്കു തിരിച്ചറിയാനായത് ഈ സംഭവത്തോടെയാണ്. കേരളത്തെ ‘ഭ്രാന്താലയം’ എന്നു വിശേഷിപ്പിച്ചതും ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ്.

ഹൃദയങ്ങൾ കീഴടക്കിയ പ്രസംഗം

1893 സെപ്‌റ്റംബർ 11ന് അമേരിക്കയിലെ ഷിക്കാഗോയിൽ ലോക മതങ്ങളുടെ മഹാസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സ്വാമി വിവേകാനന്ദൻ നടത്തിയ പ്രസംഗം ഏറെ പ്രശസ്തമാണ്. കൊളംബസ് അമേരിക്ക കണ്ടെത്തിയതിന്റെ നാന്നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഷിക്കാഗോ വിശ്വമേളയിലെ മതമഹാ സമ്മേളനമായിരുന്നു രംഗം. വിവിധ മതരാജ്യങ്ങളെ പ്രതിനിധീകരിച്ച് അറുപതോളം മതപ്രഭാഷകർ പങ്കെടുത്ത ചടങ്ങിൽ ഏഴായിരത്തോളം ശ്രോതാക്കളാണുണ്ടായിരുന്നത്.

‘അമേരിക്കയിലെ എന്റെ സഹോദരീ സഹോദരൻമാരെ’ എന്നു സദസ്സിനെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അദ്ദേഹം പ്രസംഗമാരംഭിച്ചത്. ആദ്യത്തെ സംബോധനയിൽ തന്നെ വിവേകാന്ദനിൽ ആകൃഷ്ടരായ ശ്രോതാക്കളെ പിടിച്ചിരുത്തുന്നതായിരുന്നു പിന്നീടങ്ങോട്ടുള്ള സംസാരം മുഴുവൻ. സ്വന്തം മതത്തെക്കുറിച്ച് വർണിച്ചവർക്കിടയിൽ വ്യത്യസ്ഥനായി അദ്ദേഹം എല്ലാ മതങ്ങളും സത്യമാണ് എന്ന തത്വം പങ്കുവച്ചു.

വേദാന്ത സൊസൈറ്റി

ഷിക്കാഗോയിലെ പ്രശസ്തമായ പ്രസംഗത്തിനു ശേഷം ഒരു ലക്ചർ ബ്യൂറോയുടെ ക്ഷണപ്രകാരം അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ വിവേകാനന്ദൻ പ്രഭാഷണ പര്യടനം നടത്തി. പ്രസംഗം കേട്ട് ആകൃഷ്ടരായ പലരും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. അമേരിക്കയിൽ സ്ത്രീകൾക്ക് ലഭിക്കുന്ന തുല്യതയും സ്വാതന്ത്രവും കണ്ടറിഞ്ഞപ്പോൾ ഇന്ത്യയിൽ വനിതകളുടെ സ്വാതന്ത്രത്തിനുവേണ്ടി ശക്തമായി പ്രതികരിക്കണമെന്ന് വിവേകാനന്ദൻ തീരുമാനിച്ചു. വിവിധ മതങ്ങളേയും സംസ്കാരങ്ങളേയും കണ്ടറിപ്പോൾ വിവേകാനന്ദൻ പറഞ്ഞു. ‘ഹിന്ദു മതത്തെപ്പോലെ മനുഷ്യമഹത്വത്തെപ്പറ്റി ഉത്കൃഷ്ടമായ രീതിയിൽ പഠിപ്പിക്കുന്ന മറ്റൊരു മതമില്ല, എന്നാൽ അതേസമയം തന്നെ ലോകത്തിൽ മറ്റൊരു മതവും പാവങ്ങളുടേയും അനാഥരുടേയും പിടലിക്കു ചവിട്ടി അവരെ ഇതുപോലെ താഴ്ത്തുന്നുമില്ല’. 1894ൽ വിവേകാനന്ദൻ ന്യൂയോർക്കിൽ വേദാന്ദ സൊസൈറ്റി സ്ഥാപിച്ചു. 1895ൽ വിവേകാനന്ദൻ ഫ്രാൻസ് വഴി ഇംഗ്ലണ്ടിലേക്കു പോയി. ലണ്ടനിൽ മിസ് മുള്ളറും മിസ്റ്റർ സ്റ്റർഡിയും അദ്ദേഹത്തെ സ്വീകരിച്ചു. ഇംഗ്ലണ്ടിൽ പ്രഭാഷണ പരമ്പരയ്ക്കൊപ്പം ക്ലാസുകളും അദ്ദേഹം നടത്തി. ഇവിടെ വച്ച് ശിഷ്യത്വം സ്വീകരിച്ച മിസ് മാർഗരറ്റ് ഇ നോബിൾ എന്ന 28കാരിയായ സ്കൂൾ ഹെഡ്മിസ്ട്രസ് വിവേകാനന്ദനൊപ്പം ഇന്ത്യയിലെത്തുകയും സന്യാസിസംഘാംഗമാകുകയും ചെയ്തു. പിന്നീട് സിസ്റ്റർ നിവേദിത എന്ന പേരിൽ പ്രശസ്തയായി.

ദരിദ്രരെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുമ്പോഴാണ് സ്വാമി വിവേകാനന്ദൻ ഏറ്റവുമധികം സംതൃപ്തിയനുഭവിച്ചത്. സർവസംഗ പരിത്യാഗം, നിരപേക്ഷമായ കർമം, വേദാന്ദമായ ധർമം എന്നിവയാണ് വിവേകാനന്ദ സന്ദേശത്തിലെ മുഖ്യവിഷയങ്ങൾ. ലോകത്തെ സേവിക്കുക, സത്യത്തെ കണ്ടെത്തുക ഈ രണ്ടു കാര്യങ്ങളാണ് ഒരു സന്യാസിയുടെ രണ്ടു പ്രതിജ്ഞകളെന്ന് അദ്ദേഹം വിശ്വസിച്ചു.

വിശ്രമമില്ലാത്ത പ്രവർത്തനങ്ങളും ആസ്തമയുടെ ബുദ്ധിമുട്ടുകളും സ്വാമി വിവേകാനന്ദന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു. 1899ൽ ലണ്ടനിലേക്കും പിന്നീട് അമേരിക്കയിലേക്കും പോയ സ്വാമി വിവേകാനന്ദൻ നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. 1900ൽ പാരിസിൽ യൂനിവേഴ്സൽ എക്സ്പൊസിഷനോടനുബന്ധിച്ചു നടന്ന മതചരിത്രമഹാസഭയിൽ സംസാരിച്ചു. പിന്നീട് വിയന്ന, ഏതൻസ്, കെയ്റോ സന്ദർശങ്ങൾ നടത്തുകയും ഒടുവിൽ ഇന്ത്യയിൽ തിരിച്ചെത്തുകയും ചെയ്തു. അപ്പോളേക്കും രോഗാവസ്ഥ കൂടുതൽ വഷളായിരുന്നു. 1902 ജൂലൈ 4 വെള്ളിയാഴ്ച രാത്രിയോടെ അദ്ദേഹം ബംഗാളിലെ ബേലൂർ മഠത്തിൽ സമാധിയായി.

English Summary:

Opinion

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com