ADVERTISEMENT

നവോത്ഥാന കാലഘട്ടത്തിൽ കേരളം കണ്ട ആദ്യത്തെ സാമൂഹിക പരിഷ്‌കർത്താവായിരുന്നു ശിവരാജയോഗി തൈക്കാട്‌ അയ്യാ ഗുരു സ്വാമികൾ. യോഗാചാര്യനും പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന തൈക്കാട് അയ്യാ ഗുരുക്കൻമാരുടെ ഗുരു എന്നു വിശേഷണമുള്ള നവോത്ഥാന നായകനാണ്. ശ്രീനാരായണഗുരുവിനും ചട്ടമ്പിസ്വാമികൾക്കും മഹാത്മാ അയ്യങ്കാളിക്കുമെല്ലാം യോഗവിദ്യയുടെയും വേദാന്തത്തിന്റെയും പ്രചോദനത്തിന്റെയും വെളിച്ചം പകർന്ന ഗുരുനാഥനാണ് അയ്യാ ഗുരു. ജാതിവ്യവസ്ഥയുടെ പൊള്ളത്തരങ്ങൾ തിരിച്ചറിഞ്ഞ അയ്യാ ഗുരു വിദ്യ പകർന്നും എല്ലാ മനുഷ്യരെയും ചേർത്തുപിടിച്ചുമാണ് സാമൂഹികപരിഷ്കരണത്തിനും സമത്വത്തിനുമായി പരിശ്രമിച്ചത്.

1814ൽ പാമ്പുംകാട് എന്ന ഗ്രാമത്തിലാണു തൈക്കാട് അയ്യായുടെ ജനനം. കാശ്യപഗോത്രജനായ മുത്തുകുമാരനാണ് അച്ഛൻ. അമ്മ ശൈവ വെള്ളാള സമുദായാംഗമായ രുക്മിണി അമ്മാളും. സുബ്ബരായനെന്നായിരുന്നു അയ്യാസ്വാമികളുടെ ആദ്യ നാമം. അച്ഛനിൽ നിന്നു വൈദ്യവും മർമശാസ്ത്രവും വ്യാകരണവുമെല്ലാം പഠിച്ച സുബ്ബരായൻ സംസ്കൃതത്തിലും ഇംഗ്ലിഷിലും പ്രാവീണ്യം നേടി. പന്ത്രണ്ടാം വയസ്സിൽ മന്ത്രോപദേശം സ്വീകരിച്ച അയ്യാ പതിനാറാം വയസ്സിൽ ബർമ, സിംഗപ്പൂർ, പെനാങ്, ആഫ്രിക്ക തുടങ്ങിയയിടങ്ങളിൽ 3 വർഷത്തോളം നീണ്ട ദേശാടനത്തിനു തിരിച്ചു. സച്ചിദാനന്ദസ്വാമികൾ, ചട്ടിപരദേശി എന്നീ സിദ്ധന്മാരുടെ കൂടെയുള്ള ആ യാത്രയിലാണു യോഗവിദ്യ അഭ്യസിച്ചത്. 27-ാം വയസ്സിൽ, ഗുരുവിന്റെ ആഗ്രഹപ്രകാരം സ്വാമികൾ കേരളത്തിലെ കൊടുങ്ങല്ലൂർ ദേവീക്ഷേത്രം സന്ദർശിക്കുകയും അവിടെനിന്ന് തിരുവിതാംകൂർ പര്യടനം നടത്തുകയും ചെയ്തു. ഗുരുവിന്റെ നിർദേശപ്രകാരമാണ് തൈക്കാട് അയ്യ വിവാഹിതനായത്. കൊല്ലം സ്വദേശിയായ കമലമ്മാളിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ദമ്പതികൾക്ക് മൂന്നു ആൺമക്കളും രണ്ടു പെൺമക്കളുമുണ്ടായിരുന്നു. മക്കളിൽ രണ്ടാമത്തെയാളായ പഴനിവേൽ അച്ഛന്റെ പാത പിന്തുടരുകയും പിൽക്കാലത്ത് അദ്ദേഹത്തിന്റെ ആധ്യാത്മിക ചിന്താപാരമ്പര്യം നിലനിർത്തുകയും ചെയ്തു. വൈവാഹിക ജീവിതം നയിക്കുമ്പോഴും അയ്യ തന്റെ ആത്മീയ പ്രവർത്തനങ്ങൾ തുടർന്നു. ഗ്രന്ഥങ്ങൾ രചിച്ചും മദ്രാസിലെ പണ്ഡിതസഭയിൽ വേദാന്തമടക്കമുള്ള വിഷയങ്ങൾ സംസാരിച്ചും അയ്യാ ഗുരു ശ്രദ്ധ നേടി.

തൈക്കാട് റസിഡൻസിയിലെ സൂപ്രണ്ട്

കോഴിക്കോട്ട് ബ്രിട്ടിഷ് സൈനിക ക്യാംപിലേക്കു സാധനങ്ങൾ എത്തിക്കുന്ന ജോലിയും അയ്യാ ഗുരു ഏറ്റെടുത്തിരുന്നു. ഇക്കാലത്തു പരിചയമുണ്ടായിരുന്ന അത്തോൾ മക്ഗ്രിഗറെന്ന ഉദ്യോഗസ്ഥൻ റസിഡന്റായപ്പോൾ അദ്ദേഹത്തിന്റെ നിർദേശപ്രകാരം തൈക്കാട് റസിഡൻസിയുടെ സൂപ്രണ്ടായി അയ്യാ ഗുരുവിനെ തിരുവിതാംകൂർ മഹാരാജാവ് നിയമിച്ചു. അതിനു ശേഷമാണ് അദ്ദേഹം തൈക്കാട് അയ്യാ എന്നറിയപ്പെട്ടത്. ആളുകൾ അദ്ദേഹത്തെ ബഹുമാനത്തോടെ ‘സൂപ്രണ്ട് അയ്യാ’ എന്നു വിളിച്ചു. അയ്യാവ് സ്വാമികള്‍ എന്നും തൈക്കാട് അയ്യാവ് എന്നും അദ്ദേഹം അറിയപ്പെട്ടു. അയ്യാവ് എന്നാൽ പിതാവ് എന്നാണ് അർഥം. റസിഡൻസി സൂപ്രണ്ടായിരിക്കുന്ന സമയത്താണ് അയ്യാ ഗുരു സ്വാമിയെക്കുറിച്ചും അദ്ദേഹത്തിന്റെ അത്ഭുത സിദ്ധികളെക്കുറിച്ചും കൂടുതൽ പേർ അറിയുന്നത്.

ശ്രീശങ്കരാചാര്യർക്കു ശേഷം കേരളത്തിൽ ഏറ്റവും വലിയ ശിഷ്യസമ്പത്തിനുടമയായ വ്യക്തിയാണു തൈക്കാട് അയ്യാ ഗുരു സ്വാമികൾ. രാജകുടുംബാംഗങ്ങൾ മുതൽ കർഷകർ വരെ നീളുന്ന ശിഷ്യസമ്പത്തിന് ഉടമയായിരുന്നു അദ്ദേഹം. അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാൾ അയ്യായുടെ ആത്മീയ മഹത്വം കേട്ടറിഞ്ഞ് അദ്ദേഹത്തെ കൊട്ടാരത്തിലേക്കു ക്ഷണിക്കുകയും ശിഷ്യനാവുകയും ചെയ്തു. ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമികളും യോഗവിദ്യയും വേദാന്തവും അഭ്യസിച്ചതു തൈക്കാട് അയ്യാ ഗുരുവിൽ നിന്നാണ്. അയ്യാവിനെ കാണാനും ശിഷ്യത്വം സ്വീകരിക്കാനുമായി നിരവധി ആളുകൾ തൈക്കാട് എത്തി. മക്കിടി ലബ്ബ, തക്കല പീർമുഹമ്മദ്, പേട്ടയിൽ ഫെർണാണ്ടസ്, സ്വയംപ്രകാശ യോഗിനിയമ്മ, കൊല്ലത്തമ്മ, മണക്കാട് ഭവാനി തുടങ്ങി അൻപതിലേറെ പ്രമുഖർ അയ്യാ സ്വാമികളുടെ ശിഷ്യഗണത്തിൽ ഉൾപ്പെട്ടു. ജാതിഭേദമില്ലാതെ ശിഷ്യരെ സ്വീകരിച്ച അയ്യാ ഗുരു വനിതകളെയും ശിഷ്യഗണത്തിന്റെ ഭാഗമാക്കിയിരുന്നു.

ഒരു ജാതി, ഒരു മതം, ഒരു ദൈവം

കേരളത്തിൽ ജാതിഭ്രാന്ത് അതിസങ്കീർണമായിരുന്ന കാലത്തു ജാതിമതലിംഗ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും ഒരുപോലെ കണ്ടു സാധാരണക്കാർക്കൊപ്പം സഹകരിച്ച യോഗിവര്യനാണ് അയ്യാ ഗുരു സ്വാമികൾ. പത്തൊൻപതാം നൂറ്റാണ്ടിൽ തൈക്കാട് അയ്യാ കേരളത്തിൽ മിശ്രഭോജനം ആരംഭിച്ചു. ലോകത്തില്‍ ആദ്യമായി സാമ്പ്രദായിക രീതിയില്‍ ഇലയിട്ടു വിഭവങ്ങള്‍ വിളമ്പി ഒരേ പന്തിയില്‍ ബ്രാഹ്‌മണരുൾപ്പെടെയുള്ള നാനാജാതി മതസ്ഥരെ ഉച്ചനീചത്വങ്ങളും അയിത്തവുമില്ലാതെ ഒരുമിച്ചിരുത്തി യഥാര്‍ഥ പന്തിഭോജനം നടത്തിയ വിപ്ലവകാരിയാണു തൈക്കാട് അയ്യാ ഗുരു. 

'ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി താൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ’ (ഒരു ജാതി, ഒരു മതം, ഒരു ദൈവം) എന്ന വാക്കുകൾ അയ്യാ ഗുരു സ്വാമിയുടേതാണ്. ഏതൊരു യോഗിക്കും ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ കഴിയുമെന്നു തൈക്കാട് അയ്യാ വാദിച്ചു. ശിവ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ ശ്രീനാരായണ ഗുരുവിനു പ്രേരണയായത് ഇതാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന വാക്കുകൾ ജനകീയമായതും ശ്രീനാരായണ ഗുരുവിലൂടെയാണ്.  

1873 ൽ തിരുവിതാംകൂര്‍ റസിഡന്റ് ആയി നിയമിതനായ അയ്യാ ഗുരു 1909ൽ സമാധിയാകുന്നതിനു ഒരാഴ്ച മുൻപു വരെയും അവിടെ ജോലി നോക്കിയിരുന്നു. ജോലി ചെയ്യാതെ വേതനം വാങ്ങില്ല എന്ന തീരുമാനമെടുത്ത അയ്യാ പെൻഷൻ തുക വാങ്ങുന്നതിനെതിരായിരുന്നു. ആ നിലപാടിനു വഴങ്ങിയാണ് ആജീവനാന്തം സര്‍ക്കാര്‍ ജോലി ചെയ്യാന്‍ മഹാരാജാവ് ഗുരുവിനെ അനുവദിച്ചത്. 1909 ജൂലൈ 20 നാണു തൈക്കാട് അയ്യാ ഗുരു സമാധിയായത്.

കൃതികളും പ്രസ്ഥാനവും

ഒട്ടേറെ സ്ത്രോത്രകൃതികളും വ്യാഖ്യാനങ്ങളും തൈക്കാട് അയ്യാ ഗുരു രചിച്ചിട്ടുണ്ടെങ്കിലും പലതും ഇന്നു ലഭ്യമല്ല. ബ്രഹ്മോത്തരകാണ്ഡം, പഴനിവൈഭവം, കുമാരകോവിൽ കുറവൻ, കേദാരേശ്വര വ്രതം, ഹനുമാൻ പാമലൈ, ഉജ്ജയിനി മഹാകാളി, പഞ്ചരത്നം തുടങ്ങിയവയാണു പ്രധാന കൃതികൾ. ശൈവജ്ഞാന പാരമ്പര്യത്തിന്റെ പതാകവാഹകനായിരുന്നു തൈക്കാട് അയ്യാ ഗുരു.‘മനോന്മണീയം’ എന്ന ഗ്രന്ഥത്തിലൂടെ പ്രശസ്തനായ പ്രഫ. പി.സുന്ദരം പിള്ളയുമായി ചേർന്ന് 1884ൽ അയ്യാ ഗുരു സ്ഥാപിച്ചതാണു ശൈവപ്രകാശ സഭ.

English Summary:

Opinion

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com