ADVERTISEMENT

തെലുങ്കു നവോത്ഥാന പ്രസ്ഥാനത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന വ്യക്തിയാണു കന്ദുരി വീരേശലിംഗം പന്തലു. ആന്ധ്രയെ ആധുനികതയിലേക്കു നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഒന്നാണു സാമൂഹികമാറ്റത്തിനു വേണ്ടി വീരേശലിംഗം പന്തലു നടത്തിയ പ്രവർത്തനങ്ങൾ. സാഹിത്യമാർഗ പ്രദീപകൻ, സാമൂഹിക പരിഷ്കരണത്തിന്റെയും പുരോഗതിയുടേയും പതാകവാഹകൻ, ദക്ഷിണേന്ത്യയിലെ ഈശ്വരചന്ദ്ര വിദ്യാസാഗർ എന്നീ വിശേഷണങ്ങൾക്ക് ഉടമയാണ് വീരേശലിംഗം.

ആന്ധ്രയിലെ രാജമഹേന്ദ്രയിൽ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ സുബ്ബരായുഡുവിന്റെയും പൂർണമ്മയുടെയും ഏകമകനായി 1848ലാണ് വീരേശലിംഗം പന്തലു ജനിച്ചത്. നാലു വയസ്സു മാത്രം പ്രായമുള്ളപ്പോൾ പിതാവിനെ നഷ്ടപ്പെട്ട അദ്ദേഹത്തെ പിന്നീടു പിതൃസഹോദരനായ വെങ്കിട്ടരത്നമാണ് വളർത്തിയത്.

1861ൽ വീരേശലിംഗം ബാപ്പമ്മയെന്ന രാജ്യലക്ഷ്മിയെ വിവാഹം കഴിച്ചു. വിവാഹസമയത്ത് അദ്ദേഹത്തിനു 14 വയസ്സായിരുന്നു പ്രായം. രാജ്യലക്ഷ്മിക്ക് 9 വയസ്സും. 1869ൽ മെട്രിക്കുലേഷൻ പൂർത്തിയാക്കിയ വീരേശലിംഗം സ്കൂൾ അധ്യാപകനായി ജോലി ആരംഭിച്ചു. തെലുങ്ക്, സംസ്‌കൃതം, ഇംഗ്ലിഷ് എന്നീ മൂന്നു ഭാഷകളിൽ പണ്ഡിതനായിരുന്നു വീരേശലിംഗം. 1872ൽ കൊറംഗി ഇംഗ്ലിഷ് ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായി നിയമനം ലഭിച്ചു. 1874ൽ ധവളേശ്വരം ആംഗ്ലോ വെർണാക്കുലർ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി. 1876ൽ ജോലി രാജിവച്ച് പൂർണസമയ പൊതുപ്രവർത്തനത്തിനിറങ്ങിയെങ്കിലും സുഹൃത്തുക്കളുടെ നിർബന്ധപ്രകാരം വീണ്ടും തിരികെ ജോലിയിൽ പ്രവേശിച്ചു.

വിദ്യയുടെ വിലക്ക് ഭേദിച്ച്...

സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും വിധവകളുടെ പുനർവിവാഹത്തെയും പ്രോത്സാഹിപ്പിച്ച ആദ്യകാല സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാളായിരുന്നു വീരേശലിംഗം പന്തലു. ശൈശവ വിവാഹത്തിനെതിരെ ശക്തമായി പ്രതികരിച്ച അദ്ദേഹം സ്ത്രീധന സമ്പ്രദായത്തിനെതിരെയും ശബ്ദമുയർത്തി. അക്കാലത്തു നിഷിദ്ധമായിരുന്ന സ്ത്രീവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു വീരേശലിംഗത്തിന്റെ ഏറ്റവും വലിയ പരിഷ്കാരങ്ങളിലൊന്ന്. നിരക്ഷരയായിരുന്ന സ്വന്തം ഭാര്യയെ വിദ്യ അഭ്യസിപ്പിച്ചായിരുന്നു തുടക്കം. പിന്നീടവർ നിരവധി ഭക്തിഗാനങ്ങൾ രചിച്ചിട്ടുണ്ട്. സ്തീവിദ്യാഭ്യാസ പ്രചരണത്തിനു വേണ്ടി അദ്ദേഹം പ്രസംഗങ്ങൾ നടത്തുകയും ധാരാളം ലേഖനങ്ങൾ എഴുതുകയും ചെയ്തു. 1874ൽ ഒരു ബാലികാപാഠശാല ആരംഭിച്ചു. പിന്നീടു പണപ്പിരിവു നടത്തി പെൺകുട്ടികൾക്കായി നിരവധി പാഠശാലകൾ തുറന്നു. പ്രായപൂർത്തിയായ സ്ത്രീകൾക്ക് ദിനപാഠശാലകൾ, തൊഴിലാളികൾക്ക് നിത്യപാഠശാലകൾ, ഹരിജനങ്ങൾക്ക് സൗജന്യ പാഠശാലകൾ എന്നിവയും വീരേശലിംഗം പന്തലു നിർമിച്ചു. ആന്ധ്രയിലാദ്യമായി പെൺകുട്ടികളെ ഹൈസ്കൂളിൽ പ്രവേശിപ്പിച്ചത് വീരേശലിംഗമാണ്. രാജമഹേന്ദ്രയിലാണു ഹൈസ്കൂൾ തുറന്നത്.

1876ൽ വീരേശലിംഗം പന്തലു ‘വിവേക വർധിനി’ എന്ന പേരിൽ ഒരു ജേണൽ ആരംഭിക്കുകയും ആ പ്രദേശത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചു ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ മാസിക ആദ്യം അച്ചടിച്ചിരുന്നത് ചെന്നൈയിൽ നിന്നാണ്. എന്നാൽ രചനകൾ ജനപ്രീതി നേടിയതോടെ വീരേശലിംഗം രാജമഹേന്ദ്രയിൽ സ്വന്തം പ്രസ്സ് സ്ഥാപിച്ചു.

അക്കാലത്തു സമൂഹത്തിൽ വിധവകളുടെ പുനർവിവാഹം വിലമതിക്കപ്പെട്ടിരുന്നില്ല. ഇതിനെതിരെ ശക്തമായി പ്രതികരിച്ച വീരേശലിംഗം ഹിന്ദു ധർമ ശാസ്ത്രത്തിലെ വാക്യങ്ങൾ ഉദ്ധരിച്ചാണ് ഈ ആചാരത്തെ എതിർത്തത്. പുനർവിവാഹ അസോസിയേഷൻ എന്ന പേരിൽ ഒരു സംഘടന സ്ഥാപിക്കുകയും വിധവകളെ വിവാഹം കഴിക്കാൻ തയാറുള്ള അവിവാഹിതരായ യുവാക്കളെ കണ്ടെത്താൻ തന്റെ വിദ്യാർഥികളെ ആന്ധ്രയിലെങ്ങും നിയോഗിക്കുകയും ചെയ്തു. 1881 ഡിസംബർ 11നു വീരേശലിംഗം ആദ്യത്തെ വിധവ പുനർവിവാഹം നടത്തി.

സമൂഹത്തിന്റെ കടുത്ത അവഹേളനങ്ങൾക്കിടയിലും തന്റെ ജീവിതകാലത്ത് 40 വിധവകളെ പുനർവിവാഹിതരാകാൻ വീരേശലിംഗം സഹായിച്ചു. പരിഷ്‌കരണ പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹം രാജ്യമെമ്പാടും ശ്രദ്ധ നേടി.

ആന്ധ്രയുടെ രാജാ റാം മോഹൻ റോയ്

സാമൂഹിക നവീകരണത്തിനും അന്ധവിശ്വാസങ്ങളുടെ ഉന്മൂലനത്തിനും സാമൂഹിക തിന്മകൾക്കും സ്ത്രീകളുടെ പുനരുജ്ജീവനത്തിനും വേണ്ടി ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്ത വ്യക്തിയാണ് വീരേശലിംഗം പന്തലു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് 1893ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിനു ‘റാവു ബഹാദൂർ’ എന്ന പദവി നൽകി ആദരിച്ചു. വീരേശലിംഗത്തിന്റെ ‘രാജശേഖര ചരിത്രമു’ എന്ന നോവൽ തെലുങ്കു സാഹിത്യത്തിലെ ആദ്യ നോവലായി കണക്കാക്കപ്പെടുന്നു. ആത്മകഥയും ഉപന്യാസവും തെലുങ്ക് സാഹിത്യത്തിൽ അവതരിപ്പിച്ചതിന്റെ ഖ്യാതിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ആധുനിക ശാസ്ത്രത്തെക്കുറിച്ചുള്ള ആദ്യത്തെ തെലുങ്ക് പുസ്തകവും വീരേശലിംഗം പന്തലു രചിച്ചതാണ്. തെലുങ്കിൽ നിരവധി നാടകങ്ങൾ രചിച്ചതിനൊപ്പം പ്രശസ്തമായ ഇംഗ്ലിഷ് കൃതികൾ തെലുങ്കിലേക്കു വിവർത്തനം ചെയ്തും വീരേശലിംഗം സജീവമായി. സ്ത്രീ വിമോചനത്തിനായിട്ടായിരുന്നു അദ്ദേഹത്തിന്റെ രചനകളേറെയും. അക്കാലത്തു സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ, ഇരട്ടത്താപ്പുകൾ, അധഃപതനങ്ങൾ എന്നിവയെക്കുറിച്ചുള്ള ആക്ഷേപഹാസ്യം കൂടിയായിരുന്നു അദ്ദേഹത്തിന്റെ കൃതികൾ. തെലുങ്ക് സമൂഹത്തിന്റെ നവീകരണത്തിനു നൽകിയ സംഭാവനകൾക്കാണ് വീരേശലിംഗം ഏറ്റവുമധികം ആദരണീയനായത്. ‘ആന്ധ്രയിലെ രാജാ റാം മോഹൻ റോയ്’ എന്നൊരു വിശേഷണവും അദ്ദേഹത്തിനുണ്ട്.

1885ലെ ആദ്യ ഇന്ത്യൻ നാഷനൽ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്ത ചുരുക്കം ചിലരിൽ ഒരാളായിരുന്നു വീരേശലിംഗം പന്തലു. 1919 മേയ് 27ന് 71 ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. വിശാഖപട്ടണം ബീച്ച് റോഡിൽ വീരേശലിംഗത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണാർഥം ഇന്ത്യൻ തപാൽ വകുപ്പ് 1974ൽ 25 പൈസയുടെ തപാൽ സ്റ്റാംപും പുറത്തിറക്കി.

പത്രപ്രവർത്തനപാതയിൽ

‘ആധുനിക തെലുങ്കു പത്രപ്രവർത്തനത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് വീരേശലിംഗമാണ്. ധവളേശ്വരത്ത് അധ്യാപകനായിരുന്ന സമയത്താണ് വിവേകവർധിനി എന്ന പത്രം ആരംഭിച്ചത്. പത്രപ്രവർത്തനത്തിന്റെയും എഴുത്തിന്റെയും പേരിൽ ഒട്ടേറെ അപകീർത്തിക്കേസുകൾ അദ്ദേഹത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. 1881ൽ സത്യസംവർധിനി എന്ന ഈശ്വരവാദി മാസിക പ്രസിദ്ധീകരിച്ചു. 1883 മുതൽ 1886 വരെ വനിതാമാസികയായ ‘സിതിഹിതബോധിനി’ പ്രസിദ്ധപ്പെടുത്തിയിരുന്നു. സാമ്പത്തിക ബാധ്യതയെത്തുടർന്ന് 1890ൽ ‘വിവേകവർധിനി’ നിർത്തിയെങ്കിലും 1905ൽ സത്യവാദിനി എന്ന മാസിക ആരംഭിച്ചു. 

English Summary:

Opinion

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com