സ്വാഭിമാനി, കീഴാളശബ്ദം

HIGHLIGHTS
  • ‘ഈ അധർമരാജ്യത്തിന് എന്നു ഗുണമുണ്ടാകും?’ എന്ന് യാഥാസ്ഥിതികർക്കു നേരെ ചോദ്യമുയർത്തിയ രാമസ്വാമി ‘വൈക്കം വീരർ’ എന്നു വാഴ്ത്തപ്പെട്ടു
ramaswami-naicker
E. V. Ramaswamy Naicker
SHARE

െതരുവുനായ്ക്കൾക്കൊപ്പം എച്ചിൽ പങ്കിട്ടു വിശപ്പടക്കേണ്ടിവന്ന ഗതികെട്ട ദിവസമാണ് ജാതീയത എന്താണെന്നു രാമസ്വാമി അറിഞ്ഞത്. തമിഴ്നാട്ടിലെ ഈറോഡിൽ നിന്നു കാശിയിൽ തീർഥാടനത്തിന് എത്തിയ ആ ചെറുപ്പക്കാരൻ തിരിച്ചെത്തിയത്  യുക്തിവാദിയായിട്ടായിരുന്നു !

വൈക്കം വീരർ

വ്യാപാരിയായ വെങ്കിടപ്പനായ്ക്കരുടെയും ചിന്നതായ് അമ്മാളുടെയും മകനായി 1879 സെപ്റ്റംബർ 17ന്, ഈറോഡിലെ കന്നഡ സംസാരിക്കുന്ന കുടുംബത്തിലാണു രാമസ്വാമിയുടെ ജനനം. 12–ാം വയസ്സിൽ അച്ഛനൊപ്പം വ്യാപാരം തുടങ്ങി. 19 വയസ്സുള്ളപ്പോൾ പതിമൂന്നുകാരി നാഗമ്മാളിനെ വിവാഹം ചെയ്തു. പെൺകുഞ്ഞ് പിറന്നെങ്കിലും അൽപായുസ്സായിരുന്നു. ‌

ഈറോഡിലെ പ്രമാണിമാരിൽ ഒരാളായിരുന്ന രാമസ്വാമി അതെല്ലാം ഉപേക്ഷിച്ച് 1919ൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. വൈകാതെ കോൺഗ്രസിന്റെ മദ്രാസ് പ്രവിശ്യ അധ്യക്ഷനായായി. 1924ൽ തുടങ്ങിയ വൈക്കം സത്യഗ്രഹത്തിൽ രാമസ്വാമിയും ഭാര്യയും സജീവമായി പങ്കെടുത്തു. ‘രാമസ്വാമിയുടെ രാഷ്ട്രീയജീവിതത്തിനു ചിറകു മുളച്ചത് വൈക്കം സത്യഗ്രഹത്തിലാണ്’ എന്നെഴുതിയത് പ്രശസ്ത ചരിത്രകാരൻ സുനിൽ ഖിൽനാനിയാണ്. ‘ഈ അധർമരാജ്യത്തിന് എന്നു ഗുണമുണ്ടാകും?’ എന്ന് യാഥാസ്ഥിതികർക്കു നേരെ ചോദ്യമുയർത്തിയ രാമസ്വാമി ‘വൈക്കം വീരർ’ എന്നു വാഴ്ത്തപ്പെട്ടു. ഈ സമരത്തിനിടെ രണ്ടുവട്ടം ജയിലിലായി.

ദ്രാവിഡസ്ഥാൻ സങ്കൽപം

ജാതിയെ സമ്പൂർണമായി നിർമാർജനം ചെയ്യുന്നതിൽ പല നേതാക്കൾക്കും താൽപര്യമില്ലെന്നു തിരിച്ചറിഞ്ഞ രാമസ്വാമി 1925ൽ കോൺഗ്രസ് വിട്ട് സ്വാഭിമാന പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു. ജാതീയതയെ തൂത്തെറിയുക, തൊട്ടുകൂടായ്മ ഇല്ലാതാക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യങ്ങൾ. ദേവദാസി സമ്പ്രദായം ഇല്ലാതാക്കണമെന്നും രാമസ്വാമി ആവശ്യപ്പെട്ടു.

ദ്രാവിഡത്തനിമയിൽ വിശ്വസിച്ച രാമസ്വാമി ജസ്റ്റിസ് പാർട്ടി വിട്ട് ദ്രാവിഡർ കഴകം സ്ഥാപിച്ചു. മഹാരാഷ്ട്ര, കർണാടക, കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് ഉൾപ്പെടുന്ന ദ്രാവിഡസ്ഥാനായിരുന്നു അദ്ദേഹത്തിന്റെ സങ്കൽപരാജ്യം. രാമസ്വാമി നായ്ക്കരുടെ വലംകയ്യായിരുന്നു സി.എൻ.അണ്ണാദുരൈ. പക്ഷേ, അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അദ്ദേഹം ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) രൂപീകരിച്ചു. മദ്രാസ് മുഖ്യമന്ത്രി സി.രാജഗോപാലാചാരി സ്കൂളുകളിൽ ഹിന്ദി നിർബന്ധിതമാക്കിയതിനെതിരെ രാമസ്വാമിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭമുണ്ടായി. തുടർന്ന് രാജഗോപാലാചാരിക്കു രാജിവയ്ക്കേണ്ടിവന്നു. 

നാടിന്റെ 'പെരിയാർ'

സ്വാതന്ത്രസമര സേനാനി, സാമൂഹികപരിഷ്കർത്താവ്, യുക്തിവാദി, തമിഴ് സ്വാഭിമാന പ്രസ്ഥാനത്തിന്റെ അമരക്കാരൻ, പത്രാധിപർ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം യാഥാസ്ഥിതികത്വത്തോട് രാമസ്വാമി നായ്ക്കർ പോരാടി. 'പെരിയാർ' എന്ന് അദ്ദേഹം പേരെടുത്തു. മനുസ്മൃതിയും വേദങ്ങളുമൊക്കെ കീഴാളസമുദായങ്ങളെ ചൂഷണം ചെയ്യാനുളള ഉപാധികളായാണ് അദ്ദേഹം വിലയിരുത്തിയത്. തിരുവളളുവരുടെ 'തിരുക്കുറൾ' ആയിരുന്നു പ്രചോദിപ്പിച്ച ഗ്രന്ഥം. ജാതിശ്രേണിയെ പിടിച്ചുകുലുക്കിയ ആ പോരാളി 1973 ൽ ഒാർമയായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Vaakkum Velichavum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS