'സർഗവീഥിയിലെ ഏകാന്തതാരകം'

HIGHLIGHTS
  • ‘കിങ്ഡം ഓഫ് ഗോഡ് ഈസ് വിത്തിൻ യു’ എന്ന പുസ്തകം അഗാധമായി സ്വാധീനിച്ച ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ‘ടോൾസ്റ്റോയ് ഫാം’ തുടങ്ങി
Tolstoy
ടോൾസ്റ്റോയി
SHARE

കുലപതികൾക്കു കുറവില്ലാത്തതാണു റഷ്യൻ സാഹിത്യം. അക്കൂട്ടത്തിൽ, ‘ഈ ചെറുപ്പക്കാരൻ ഞങ്ങളെയെല്ലാം മറയ്ക്കും, എഴുത്ത് നിർത്തുന്നതാണു നല്ലത്’ എന്ന് തുർഗനേവിനെപ്പോലൊരു എഴുത്തുകാരനെ വിസ്മയിപ്പിച്ച ഏകാന്തതാരകമായിരുന്നു ലിയോ ടോൾസ്റ്റോയ്.

ആഴവും പരപ്പും ഇണങ്ങിയ രചനകളിലൂടെ ടോൾസ്റ്റോയ് ഭാവനയുടെ വിചിത്രഭൂമികകൾ കാണിച്ചുതന്നു. ആശയാദർശങ്ങളിലൂടെ മഹാത്മാഗാന്ധിയെയും മാർട്ടിൻ ലൂഥർ കിങ് ജൂനിയറിനെയുമടക്കം പ്രചോദിപ്പിച്ചു. യുദ്ധത്തിന്റെ വിനാശങ്ങളെക്കുറിച്ചു മനുഷ്യരാശിയെ ഓർമിപ്പിച്ചു.

സത്യം തേടി സഞ്ചാരം

റഷ്യയിലെ യാസ്നായപോല്യാനയിൽ 1828ലാണു ടോൾസ്റ്റോയിയുടെ ജനനം. സമ്പത്തും പ്രതാപവും നിറഞ്ഞ കുടുംബം. ആറു വയസ്സാകുംമുൻപ് അമ്മയെയും ഒൻപതാം വയസ്സിൽ അച്ഛനെയും നഷ്ടമായി. ജീവിതാനന്ദങ്ങളിൽ മുഴുകുമ്പോഴും അതിന്റെ നിരർഥകതകളെക്കുറിച്ചു ബോധവാനായിരുന്നു. ലളിതജീവിതത്തെ ഉപാസിച്ചു. സത്യത്തെയും ദൈവത്തെയും തേടിയുള്ള ആത്മീയാന്വേഷണങ്ങളിൽ സഞ്ചരിച്ചു. ആത്മഹത്യയ്ക്കും സർഗാത്മകതയ്ക്കുമിടയിൽ ഒരു പെൻഡുലംപോലെ അദ്ദേഹത്തിന്റെ മനസ്സ് ഉലഞ്ഞുകൊണ്ടിരുന്നു.

ടോൾസ്റ്റോയിയുടെ ആശയങ്ങളിൽ അധികാരികൾ മണത്തത് വിപ്ലവമായിരുന്നു. യുദ്ധത്തിന്റെ വ്യർഥത തിരിച്ചറിഞ്ഞ് സൈനികസേവനം അവസാനിപ്പിച്ചു. യൂറോപ്പിലടക്കം ദീർഘ‌സഞ്ചാരം നടത്തി. 1858ൽ നാട്ടിലെത്തി കുടുംബസ്വത്തിന്റെ ചുമതലയേറ്റു. ബദൽ ആശയങ്ങളുടെ സ്കൂൾ തുടങ്ങിയെങ്കിലും അനാരോഗ്യംമൂലം ഏറെക്കാലം അതു തുടരാനായില്ല.

1862ലാണു സോഫിയയെ വിവാഹം കഴിച്ചത്. സ്നേഹനിർഭരമായിരുന്ന ദാമ്പത്യത്തിൽ അവസാനകാലത്ത് വിള്ളൽ വീണു. കുടിയാൻമാർക്കു ഭൂമി വീതിച്ചുനൽകാനുള്ള ടോൾസ്റ്റോയിയുടെ തീരുമാനം അതിന് ആക്കം കൂട്ടി. വീടുവിട്ടിറങ്ങിയ ടോൾസ്റ്റോയ് അസ്തപ്പോവ റെയിൽവേ സ്റ്റേഷനിൽ അവശനായി കുഴഞ്ഞുവീണു. 1910 നവംബർ 20ന് (പഴയ കലണ്ടർ അനുസരിച്ച് നവംബർ 7) ആ ഇതിഹാസം അസ്തമിച്ചു.

ഗാന്ധിജിയെ ഉലച്ച ടോൾസ്റ്റോയ് ടച്ച്!

അഞ്ചു കുടുംബങ്ങളുടെ ഭാഗ്യനിർഭാഗ്യങ്ങളിലൂടെ ചരിത്രത്തിന്റെ ചുരുളഴിച്ച ടോൾസ്റ്റോയ് കൃതിയായിരുന്നു ‘യുദ്ധവും സമാധാനവും’. അതൊരു നോവലായി അദ്ദേഹം കരുതിയില്ല. ‘കപടവിനയമില്ലാതെ പറയട്ടെ, ഇത് ഇലിയഡ് പോലെയാണ്’ എന്നു ടോൾസ്റ്റോയ് പറഞ്ഞതായി മാക്സിം ഗോർക്കി എഴുതിയിട്ടുണ്ട്.

രണ്ടു കുട്ടികളുടെ മരണമടക്കം ദുരന്തങ്ങൾ വേട്ടയാടിയപ്പോഴും ടോൾസ്റ്റോയ് പേന താഴെവച്ചില്ല. ‘അന്നാ കരെനീന’ എന്ന അനശ്വരകൃതി അങ്ങനെയാണു പിറന്നത്. സഹോദരൻ നിക്കൊളായ്ക്കൊപ്പം യുദ്ധഭൂമിയിൽ ചെലവഴിച്ച നാളുകളിലെ അനുഭവമാണ് ‘എ റെയ്ഡ്’ എന്ന കഥയായയത്. ഇക്കാലത്ത് ‘ദ് കൊസാക്ക്സ്’ എന്ന നോവൽ എഴുതിയെങ്കിലും ഏറെക്കഴിഞ്ഞാണു വെളിച്ചം കണ്ടത്. ‘ഉയിർത്തെഴുന്നേൽപ്’ എന്ന നോവൽ വന്നതിനെത്തുടർന്ന് ക്രൈസ്തവസഭയിൽനിന്നു പുറത്താക്കപ്പെട്ടു.

‘കിങ്ഡം ഓഫ് ഗോഡ് ഈസ് വിത്തിൻ യു’ എന്ന പുസ്തകം അഗാധമായി സ്വാധീനിച്ച ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ‘ടോൾസ്റ്റോയ് ഫാം’ തുടങ്ങി. ദ് പവർ ഓഫ് ഡാർക്നെസ്, ദ് ക്രൂസ്റ്റർ സൊനാറ്റ, ദ് ഡെത്ത് ഓഫ് ഇവാൻ ഇലിയിച്ച്, വാട്ട് ഈസ് ആർട്, ഹാജി മുറാദ് തുടങ്ങിയ കൃതികളും ടോൾസ്റ്റോയിയുടേതായുണ്ട്. പല വോള്യങ്ങളിലായി ഡയറിക്കുറിപ്പുകളും പ്രസിദ്ധീകരിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Vaakkum Velichavum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS