തിരയടങ്ങാത്ത ഗുരുസാഗരം

HIGHLIGHTS
  • അദ്ദേഹം ഒരിക്കലും പരലോകത്തിനായി ഇഹലോകത്തെ നിരാകരിക്കുകയോ വിലകുറച്ചു കാണുകയോ ചെയ്തില്ല
  • ബ്രഹ്മചര്യത്തിലോ സമ്പൂർണ പരിത്യാഗത്തിലോ നാനക് വിശ്വസിച്ചില്ല. ‘അച്ചടക്കമുള്ള ലൗകികത’യാണ് അദ്ദേഹം മുന്നോട്ടുവച്ചത്
guru-nanak
SHARE

ചെറുപ്പത്തിൽ അവധൂത സഞ്ചാരത്തിനിടെ ഹിമാലയത്തിലെത്തിയ ഗുരു നാനക്കിനോട്, വർഷങ്ങളായി അവിടെ ധ്യാനത്തിലായിരുന്ന സിദ്ധർ ചോദിച്ചുവത്രെ: ‘കുട്ടീ, താഴെ എന്താണു സ്ഥിതി?’. ‘വിവേകികളെല്ലാം ഇവിടെ വന്നു ധ്യാനത്തിലിരുന്നാൽ അവിടെ എന്തു സംഭവിക്കുമെന്നാണു നിങ്ങൾ കരുതുന്നത്?’ എന്നായിരുന്നു നാനക്കിന്റെ മറുപടി.

നാനക്കെന്ന ആദ്യ സിഖ് ഗുരുവിന്റെ വിശ്വാസദർശനം വെളിപ്പെടുത്തുന്നതാണ് ഈ മറുപടി. അദ്ദേഹം ഒരിക്കലും പരലോകത്തിനായി ഇഹലോകത്തെ നിരാകരിക്കുകയോ വിലകുറച്ചു കാണുകയോ ചെയ്തില്ല. ജീവിതത്തിലൂടെ മുക്തിയെന്നതായിരുന്നു നാനക് ദർശനം.

ധാന്യപ്പുര വിട്ട് ധ്യാനം

1469 ഏപ്രിൽ 15ന് ലഹോറിനടുത്തു തൽവംഡിയിലാണ് അദ്ദേഹം ജനിച്ചത്. ഇന്നു നാൻകാന സാഹിബ് എന്നറിയപ്പെടുന്ന ആ സ്ഥലം പാക്കിസ്ഥാനിലാണ്. സാമാന്യം സാമ്പത്തികസ്ഥിതിയുള്ള ഖത്രി കുടുംബമായിരുന്നു അത്. പിതാവ് കണക്കെഴുത്തുകാരനായിരുന്നു.

ചെറുപ്പത്തിലേ പേർഷ്യൻ അടക്കമുള്ള ഭാഷകൾ പഠിച്ച നാനക് മനോഹരമായ ഗീതകങ്ങൾ കുറിച്ചു. ധാന്യപ്പുരയിൽ ജോലി ചെയ്തിരുന്ന നാനക് ദീർഘസഞ്ചാരത്തിനിറങ്ങി. വർഷങ്ങൾ നീണ്ട സഞ്ചാരത്തിനിടെ അദ്ദേഹം മക്കയിലും മദീനയിലും ശ്രീലങ്കയിലുമെല്ലാം എത്തിയതായി പറയപ്പെടുന്നു. ചക്രവർത്തിമാർ തൊട്ടു സാധാരണ മനുഷ്യർ വരെയുള്ളവരുമായി ഇടപഴകി.

ബുദ്ധനെപ്പോലുള്ളവർ നടത്തിയ മഹായാത്രകളെ അത് അനുസ്മരിപ്പിച്ചു. എന്നാൽ, അവരെപ്പോലെ നാനക് കുടുംബബന്ധങ്ങൾ മുറിച്ചെറിഞ്ഞില്ല. വിവാഹിതനാകുകയും കുടുംബജീവിതം നയിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം സപര്യ തുടർന്നു. ആത്മീയയാത്രയിലും കുടുംബാംഗങ്ങൾക്ക് അദ്ദേഹം ഇടം നൽകി. മധ്യവയസ്സിലെത്തിയപ്പോൾ റാവി നദിയുടെ തീരത്ത് കർതാർപൂരിൽ ഗ്രാമം സ്ഥാപിച്ച് താമസിച്ചു. ‌ലൗകികജീവിതം ഒരു കുറവല്ലെന്നും മുക്തിക്കു തടസ്സമല്ലെന്നും സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചുകൊടുത്തു.

സത്യമെന്ന ദൈവം

ബ്രഹ്മചര്യത്തിലോ സമ്പൂർണ പരിത്യാഗത്തിലോ നാനക് വിശ്വസിച്ചില്ല. ‘അച്ചടക്കമുള്ള ലൗകികത’യാണ് അദ്ദേഹം മുന്നോട്ടുവച്ചത്. അധ്വാനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ഒരിക്കൽ ധനികനായൊരാളുടെ വീട്ടിൽനിന്ന് ആഹാരം കഴിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു. ആ മനുഷ്യന്റെ കൈകളിൽ തഴമ്പില്ലെന്നു കണ്ടതോടെ നാനക് ആഹാരം കഴിക്കാൻ വിസമ്മതിച്ചു.

സ്വന്തം കൈകൾകൊണ്ടുള്ള കർമവും ദാനവും ജപവുമായിരുന്നു നാനക്കിന്റെ പ്രമാണങ്ങൾ. അക്കാലത്തു ബാബാ നാനക് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. മാനുഷികസത്തയെ ഉയർത്തിപ്പിടിച്ച അദ്ദേഹം, സന്യാസിമാരുടെയും ഫക്കീർമാരുടെയും വസ്ത്രങ്ങളുടെ സമന്വയമായിരുന്നു അണിഞ്ഞത്. അരൂപിയായ ദൈവത്തിൽ നാനക് വിശ്വസിച്ചു. സത്യമെന്നാണ് അതിനെ വിളിച്ചത്.

തുല്യതയുടെ പന്തി

സാമൂഹികമാറ്റങ്ങൾക്കായി പ്രവർത്തിക്കാൻ അനുയായികളെ നാനക് പ്രചോദിപ്പിച്ചു. മനുഷ്യർ മത, ജാതികളാൽ കള്ളിതിരിക്കപ്പെട്ട കാലത്ത് അദ്ദേഹം സാമൂഹിക അടുക്കളകൾ തുറക്കുകയും പന്തിഭേദമില്ലാതെ നാനാജാതിമതസ്ഥർക്കൊപ്പമിരുന്ന് ആഹാരം കഴിക്കുകയും ചെയ്തു. ആ സിഖ് പാരമ്പര്യം ഇന്നും തുടരുന്നു. സ്ത്രീ–പുരുഷ തുല്യതയുടെ വക്താവായിരുന്നു. നാനക്കിന്റെ ആദ്യ അനുയായികളിലൊരാൾ മൂത്ത സഹോദരിയായിരുന്നു. അനശ്വരദർശനങ്ങൾ ബാക്കിവച്ച്, 1539 സെപ്റ്റംബർ 22ന് ഗുരു നാനക് ഓർമയായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Vaakkum Velichavum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS