വില്ലുവണ്ടിയിലെ വിമോചകൻ‌

HIGHLIGHTS
  • സംഘടിച്ചും വിദ്യ പകർന്നും ബ്രാഹ്മണ്യത്തിനു മുന്നിൽ ശിരസ്സുകുനിക്കാതെയും അയ്യൻകാളി ജാതിവ്യവസ്ഥയെ ചാമ്പലാക്കി
Ayyankali
SHARE

വെള്ളക്കാളകളെ കെട്ടിയ, ചിത്രപ്പണി ചെയ്ത ആ വില്ലുവണ്ടി സഞ്ചരിച്ചത് ചരിത്രത്തിലേക്കായിരുന്നു. തലയിൽക്കെട്ടും അരക്കയ്യൻ ഉടുപ്പുമായി, അരയിൽ കരുതലിന്റെ കഠാരയുമായി അതിനകത്തുണ്ടായിരുന്നത് കേരളീയ നവോത്ഥാനത്തിന്റെ പ്രകാശഗോപുരങ്ങളിലൊന്നായിരുന്നു–തിരുവനന്തപുരം വെങ്ങാനൂരിലെ മാല–അയ്യൻ ദമ്പതികളുടെ മകൻ കാളി.

വർഷം 1893. സവർണർക്കു മാത്രം സഞ്ചാരസ്വാതന്ത്ര്യമുണ്ടായിരുന്ന രാജപാതയിലൂടെ, കീഴ്‌വഴക്കങ്ങളെ ചവിട്ടിയരച്ചുകൊണ്ട് ഒരു അവർണൻ ആദ്യമായി സഞ്ചരിക്കുകയായിരുന്നു. വെങ്ങാനൂരിൽനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ നിരന്തരം ആക്രമണങ്ങളുണ്ടായി, അതിനെയെല്ലാം അതിജീവിച്ച് അയ്യൻകാളിയും ആർപ്പുവിളികളോടെ അനുയായികളും യാത്ര പൂർത്തിയാക്കി. വെല്ലുവിളികളെ നേരിട്ട് സഞ്ചരിച്ച വില്ലുവണ്ടി രാജപാതയെ ജനാധിപത്യത്തിനു തുറന്നുകൊടുക്കുകയായിരുന്നു.

ആളിക്കത്തിയ ആത്മവീര്യം

സംഘടിച്ചും വിദ്യ പകർന്നും ബ്രാഹ്മണ്യത്തിനു മുന്നിൽ ശിരസ്സുകുനിക്കാതെയും അയ്യൻകാളി ജാതിവ്യവസ്ഥയെ ചാമ്പലാക്കി. അനാചാരങ്ങളുടെ അടിവേരിളക്കാനും കേരളീയസമൂഹത്തിൽ ജനാധിപത്യവൽക്കരണം സാധ്യമാക്കാനും അയ്യൻകാളി നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്.

1863 ഓഗസ്റ്റ് 28നാണ് അയ്യൻകാളി ജനിച്ചത്. ജാതീയ വേർതിരിവുകളാൽ തീണ്ടാപ്പാടകലെ മാറ്റിനിർത്തപ്പെട്ട, നിശബ്ദരാക്കപ്പെട്ട മനുഷ്യരുടെ വേദനകൾ കുട്ടിക്കാലത്തേ അനുഭവിച്ചുതുടങ്ങി. പാടത്ത് എല്ലുമുറിയെ പണിയെടുത്തു. ഉടലുറപ്പു മാത്രമല്ല, ഉള്ളുറപ്പുമുണ്ടായിരുന്നു. സാമൂഹിക വിവേചനങ്ങൾ പരിഹരിക്കുകയെന്ന സ്വപ്നം കുട്ടിക്കാലത്തേ കൂട്ടുകാരുമായി പങ്കുവച്ചു.

അവഗണനകളും അടിച്ചമർത്തലുകളും ആത്മവീര്യം കെടുത്തിയില്ല, ഉള്ളിലെ കനലിനെ ആളിക്കത്തിച്ചു. കളരിയഭ്യസിച്ച ഒരു കൂട്ടം യുവാക്കൾ ഒപ്പമുണ്ടായിരുന്നു. പീഡനത്തിനിരയാകുമ്പോൾ ചോദിക്കാൻ അയ്യൻകാളിയെത്തുമെന്ന വിശ്വാസം കീഴാളവിഭാഗങ്ങൾക്കുണ്ടായി. സ്ത്രീകൾക്കു മാറുമറയ്ക്കാനും കല്ലുകൊണ്ടുള്ള ആഭരണങ്ങൾ പൊട്ടിച്ചെറിഞ്ഞ് സ്വർണവും വെള്ളിയും അണിയാനും ധൈര്യം നൽകിയത് ഈ മുന്നേറ്റങ്ങളായിരുന്നു.

പാഠ’മില്ലേ, പാടത്തേക്കുമില്ല!

കീഴാളർക്ക് അറിവു നിഷേധിച്ചുകൊണ്ടാണു സവർണർ മേധാവിത്തം നിലനിർത്തുന്നതെന്നു തിരിച്ചറിഞ്ഞ അയ്യൻകാളി, ദലിതരായ കുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിൽ പ്രവേശനത്തിനായി പരിശ്രമിച്ചു. സവർണർ ശക്തമായി എതിർത്തു. രാജകൽപനയുണ്ടായിട്ടും വിദ്യാലയങ്ങളുടെ വാതിൽ കീഴാളർക്കു മുന്നിൽ തുറന്നില്ല. സ്വന്തമായി കുടിപ്പള്ളിക്കൂടമുണ്ടാക്കി അയ്യൻകാളി തിരിച്ചടിച്ചു. അന്നു രാത്രിതന്നെ അതിനു തീയിട്ടുകൊണ്ട് സവർണപ്രമാണിമാർ പ്രതികരിച്ചു. പതറാതെ വീണ്ടും പള്ളിക്കൂടമുണ്ടാക്കി.

കാർഷിക പണിമുടക്കിലൂടെ വിദ്യാഭ്യാസപ്രക്ഷോഭം നടത്തിയ അയ്യൻകാളിയുടെ ഇടപെടലുകൾ ചരിത്രമാണ്. ‘പാഠ’മില്ലെങ്കിൽ ‘പാട’ത്തേക്കില്ലെന്ന കണിശമായ നിലപാടായിരുന്നു അത്.

1907ൽ സാധുജന പരിപാലനസംഘം രൂപീകരിച്ച് നവോത്ഥാനത്തിനു വഴിയും വെളിച്ചവുമായി. ഒരു സമുദായത്തിന്റെ മാത്രം ഉന്നമനമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. അതു മത, ജാതി നിരപേക്ഷമായിരുന്നു. ജാതിശ്രേണിയുടെ താഴേത്തട്ടിൽനിന്നു മുകളിലേക്ക് നവോത്ഥാനത്തിന്റെ ധാര കേരളത്തിൽ പ്രസരിച്ചു. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട പതാകവാഹകരിൽ ഒരാളായിരുന്നു അയ്യൻകാളി.

മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തിയപ്പോൾ ‘സ്വസമുദായത്തിൽനിന്നു പത്തു ബിഎക്കാരെ കാണണ’മെന്ന ആഗ്രഹമാണ് അദ്ദേഹം പങ്കുവച്ചത്. പിന്നാക്കവിഭാഗങ്ങളുടെ പടത്തലവനായിരുന്ന അയ്യൻകാളി 1941 ജൂൺ 18ന് ഓർമയായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Vaakkum Velichavum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS