സമന്വയത്തിന്റെ കവിത

HIGHLIGHTS
  • ഭാവനയുടെ മദിപ്പിക്കുന്ന വീഞ്ഞുഭരണികൾ മാത്രമായിരുന്നില്ല ഖുസ്രോയുടെ കാവ്യലോകം. സമന്വയത്തിന്റെ ദർശനമായ സൂഫിസത്തെ അതു ഹൃദയത്തിൽ ഏറ്റുവാങ്ങി
ameer-khusro
SHARE

ഒരിക്കൽ അമീർ ഖുസ്രോയുടെ ഗീതകങ്ങൾ, മതഭേദമില്ലാതെ ഒരുകൂട്ടം ഗായകർ പാടുന്നതു കേൾക്കുകയായിരുന്നു മഹാത്മാഗാന്ധി. ആ സംഗീതത്തിലലിഞ്ഞ ഗാന്ധിജി, ‘ഈ സാഹോദര്യം ജീവിതത്തിന്റെ മറ്റു കാര്യങ്ങളിൽ നമുക്ക് എപ്പോഴാണു കാണാനാകുക?!’ എന്നു ചോദിച്ചത്രേ!

ഭാവനയുടെ മദിപ്പിക്കുന്ന വീഞ്ഞുഭരണികൾ മാത്രമായിരുന്നില്ല ഖുസ്രോയുടെ കാവ്യലോകം. സമന്വയത്തിന്റെ ദർശനമായ സൂഫിസത്തെ അതു ഹൃദയത്തിൽ ഏറ്റുവാങ്ങി. കവിത മാത്രമല്ല ഗദ്യവും അദ്ദേഹത്തിന് അനായാസം വഴങ്ങി. സംഗീതകാരനുമായിരുന്നു.

കുട്ടിയിലേ കവി

ഉത്തർപ്രദേശിലെ പാട്യാലിയിൽ 1253ലാണ് അമീർ ഖുസ്രോ ജനിച്ചത്. ചെങ്കിസ് ഖാന്റെ പടയോട്ടത്തെ തുടർന്ന്, ഇന്നത്തെ ഉസ്ബെക്കിസ്ഥാനിൽനിന്നു നാടുവിട്ട് ഇന്ത്യയിലെത്തിയതായിരുന്നു, അദ്ദേഹത്തിന്റെ പിതാവ് അമീർ സൈഫുദ്ദീൻ. അമീർ സൈഫുദ്ദീൻ യുദ്ധത്തിൽ മരിച്ചതോടെ എട്ടു വയസ്സുകാരൻ ഖുസ്രോയുടെ ജീവിതം ഡൽഹിയിൽ പിതാവിന്റെ പിതാവിനൊപ്പമായി.

എട്ടാം വയസ്സു മുതൽ ഖുസ്രോ കവിതയെഴുതി. പതിനേഴാം വയസ്സിൽ ആദ്യ സമാഹാരം പുറത്തുവന്നു. പേർഷ്യനിലും പ്രാദേശികഭാഷയായ ഹിന്ദവിയിലും രചനകൾ നടത്തി. കവിതയെഴുതി ജീവിക്കുക ദുഷ്കരമാകുമെന്നു കരുതി സൈനികനായി. മംഗോളിയൻ സൈന്യവുമായുള്ള യുദ്ധത്തിനിടെ തടവുകാരനായി പിടിക്കപ്പെട്ടെങ്കിലും രക്ഷപ്പെട്ടു. അതോടെ പൂർണമായി കവിതയെഴുത്തിലേക്കു തിരിഞ്ഞു.

ആത്മീയവഴിയിൽ...

രാജകീയ കാവ്യസദസ്സുകളിൽ കവിത ചൊല്ലി ഖുസ്രോ പ്രശസ്തനായി. മാറിവന്ന സുൽത്താൻമാരുടെ സദസ്സുകളിൽ, ഓരോരുത്തരുടെയും താൽപര്യത്തിനനുസരിച്ചു വരികൾ ചമയ്ക്കാൻ അസാധാരണ വാഗ്‌വഴക്കമായിരുന്നു. ഉപജാപങ്ങളും ചതികളും നിറഞ്ഞ കൊട്ടാരങ്ങളിലെ സാഹചര്യം ഭാവനയുടെ കരുത്തുകൊണ്ടുമാത്രം ഖുസ്രോ അതിജീവിച്ചു.

ചോരക്കറയുണങ്ങാത്ത കൈകൾകൊണ്ടുള്ള കയ്യടികളിൽ മടുത്തിട്ടാവണം, നിസാമുദ്ദീൻ ഔലിയയ്ക്കരികിലേക്ക് ആത്മീയസാന്ത്വനം തേടി ഖുസ്രോ എത്തി. അഗാധമായിരുന്നു ആ ബന്ധം. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളിലും താങ്ങായിരുന്ന ഔലിയയുടെ മരണം ഖുസ്രോയെ തളർത്തി. 1325ൽ ഔലിയയുടെ മരണശേഷം ആറു മാസത്തിനകം ഖുസ്രോയും യാത്രയായി. ഡൽഹിയിലെ ദർഗയിൽ ഗുരുവിനടുത്താണ് ശിഷ്യന്റെ അന്ത്യനിദ്ര.

കാലാതീതമായ കാവ്യലോകം

പേർഷ്യനിൽ കുറിച്ച കവിതകളേക്കാൾ ഹിന്ദവിയിലെഴുതിയ ഗസലുകളും ഖവാലികളുമാണു ഖുസ്രോയെ ഇന്നും പ്രിയങ്കരനാക്കുന്നത്. ഖുസ്രോയുടെ വരികൾ വേദികളിലും മുശായിരകളിലും ചലച്ചിത്രങ്ങളിലുമെല്ലാം മുഴങ്ങുന്നു. മസ്‌നവികളും അദ്ദേഹത്തിന്റെ ഖ്യാതിയേറ്റി. തുർക്കിയിൽ വേരുകളുള്ള ഇന്ത്യക്കാരനായും ‘ഇന്ത്യയുടെ തത്ത’യെന്നും അദ്ദേഹം സ്വയം വിശേഷിപ്പിച്ചു. ഖുസ്രോയുടേ പേരിൽ പ്രചരിക്കുന്ന പല രചനകളും അദ്ദേഹത്തിന്റേതാണോയെന്ന് ഉറപ്പില്ല. 18–ാം നൂറ്റാണ്ടു മുതൽ മാത്രമാണ് അവ പുസ്തകങ്ങളിൽ വന്നത്. അപ്പോഴേക്കു പല തലമുറകൾ അതു പാടിപ്പതിഞ്ഞിരുന്നു. ‘ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇതാണ്, അത് ഇതാണ്, അത് ഇതാണ്’ എന്നു പാടിയ കവിയെ സമന്വയത്തിന്റെ ദർശനത്തിൽ വിശ്വസിക്കുന്നിടത്തോളം ഇന്ത്യയ്ക്കു മറക്കാനാകില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Vaakkum Velichavum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS