ഇതു വിക്കി റോയിയുടെ കഥ. ബംഗാളിലെ ഒരു ഗ്രാമത്തിൽ ദരിദ്രകുടുംബത്തിലായിരുന്നു വിക്കിയുടെ ജനനം. വീട്ടിലെ പ്രയാസങ്ങൾ കാരണം മാതാപിതാക്കൾ വിക്കിയെ ദൂരെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെ താമസിക്കാൻ വിട്ടു.
അവിടെ വലിയ കരുതലൊന്നുമില്ലാതെ വിക്കി വളർന്നു. പതിനൊന്നാം വയസ്സിൽ, അമ്മാവന്റെ പോക്കറ്റിലോ പെട്ടിയിലോ ഉണ്ടായിരുന്ന 900 രൂപ എടുത്ത് അവൻ വീടു വിട്ടുപോകാൻ തീരുമാനിച്ചു. അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ ചെന്നപ്പോൾ കണ്ടതു ന്യൂഡൽഹി ട്രെയിൻ.
ഡൽഹി സ്റ്റേഷന്റെ വലിപ്പവും ജനത്തിരക്കും കണ്ട് അമ്പരന്ന ആ കുട്ടി പ്ലാറ്റ്ഫോമിലിരുന്നു കരഞ്ഞു. ‘നിങ്ങളും വീട്ടിൽനിന്ന് ഓടിപ്പോന്നതാണോ?!’.എന്നു ചോദിച്ച് ഒരു സംഘം കുട്ടികൾ അടുത്തെത്തി. ‘അതെ’ എന്നു പറഞ്ഞ വിക്കിയെ അവർ സമാധാനിപ്പിച്ച് ഒപ്പം കൂട്ടി. സ്റ്റേഷനിലെ കുപ്പികളും ചവറുമൊക്കെ പെറുക്കിയും കുപ്പികൾ വൃത്തിയാക്കി വെള്ളം നിറച്ചും വിറ്റ് അവർ ജീവിച്ചു. പക്ഷേ, ഗുണ്ടാനേതാക്കൾ അവരുടെ വരുമാനം തട്ടിയെടുത്തുകൊണ്ടിരുന്നു.
ആ ‘ജീവിതം’ അവസാനിപ്പിച്ച് വിക്കി ഡൽഹി നഗരത്തിലേക്കിറങ്ങി. അജ്മീരി ഗേറ്റിനടുത്തുള്ള ചായക്കടയിൽ പാത്രം കഴുകുന്ന ജോലി കിട്ടി. പാത്രങ്ങളേക്കാൾ തിളങ്ങുംവിധം വിക്കിയുടെ ജീവിതം മാറ്റിമറിച്ചത്, അവിടെ അവനെ കണ്ട ഡൽഹിയിലെ പ്രശസ്തമായ ‘സലാം ബാലക്’ ട്രസ്റ്റിന്റെ പ്രവർത്തകരാണ്.
തെരുവുബാലകരെ പുനരധിവസിപ്പിക്കുന്ന കേന്ദ്രത്തിലേക്കു ട്രസ്റ്റ് പ്രവർത്തകർ വിക്കിയെ മാറ്റി. അവന്റെ ഫൊട്ടോഗ്രഫിയോടുള്ള താൽപര്യം മനസ്സിലാക്കി വോളന്റിയർമാരിൽ ഒരാൾ ഒരു ചെറിയ ക്യാമറ സമ്മാനിച്ചു. അതിൽ വിക്കി പകർത്തിയ ദൃശ്യങ്ങൾ അതിമനോഹരമായിരുന്നു.
പതിനെട്ടു വയസ്സായപ്പോൾ ആ കേന്ദ്രത്തിൽനിന്നു പോകേണ്ട സമയമായി. മുതിർന്നവർക്ക് അവിടെ താമസിക്കാൻ പറ്റില്ല. ട്രസ്റ്റ് പ്രവർത്തകർതന്നെ വിക്കിയെ ഡൽഹിയിലെ അറിയപ്പെടുന്ന ഒരു ഫൊട്ടോഗ്രാഫറുടെ അസിസ്റ്റന്റാക്കി. ഫൊട്ടോഗ്രഫിയുടെ വിപുലമായ സങ്കേതത്തിലേക്കു വിക്കി ഇറങ്ങിച്ചെല്ലുന്നത് അവിടെനിന്നാണ്.
മത്സരങ്ങളിൽ വിക്കി സമ്മാനങ്ങൾ നേടാൻ തുടങ്ങി. 2007 ൽ സ്വന്തമായി ഡൽഹിയിൽ ഫോട്ടോ പ്രദർശനം നടത്തി. പ്രദർശനത്തിന്റെ പേരു തന്നെ വിക്കിയുടെ ജീവിതവുമായി ഏറെ അടുത്തുകിടക്കുന്നതായിരുന്നു–Street Dream (തെരുവിന്റെ സ്വപ്നം!).
തൊട്ടടുത്ത വർഷംതന്നെ വിക്കിയെത്തേടി ‘വലിയ’ അവസരമെത്തി. ന്യൂയോർക്കിലെ തകർക്കപ്പെട്ട വേൾഡ് ട്രേഡ് സെന്ററിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ക്യാമറയിൽ പകർത്താൻ സ്കോളർഷിപ്പോടെയുള്ള അവസരമായിരുന്നു അത്. നാലു രാജ്യങ്ങളിൽനിന്ന് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായിരുന്നു വിക്കി. അക്കാലത്തു ന്യൂയോർക്കിലെ ഇന്റർനാഷനൽ സെന്റർ ഫോർ ഫൊട്ടോഗ്രഫിയിൽനിന്നു ഡോക്യുമെന്ററി ഫൊട്ടോഗ്രഫി കോഴ്സ് പൂർത്തിയാക്കി.
2013 ലെ ഡൽഹി ഫോട്ടോ ഫെസ്റ്റിവലിൽ വിക്കിയുടെ ആദ്യ ഫോട്ടോ സമാഹാരം ‘ഹോം സ്ട്രീറ്റ് ഹോം’ പുറത്തിറക്കി. 2018 ൽ ഹ്യൂസ്റ്റൺ ഫോട്ടോഫെസ്റ്റ് ബിനാലെയിലും കൊച്ചി മുസിരിസ് ബിനാലെയിലും വിക്കി ഭാഗഭാക്കായി. യുഎന്നിൽ വരെ ക്ഷണിക്കപ്പെട്ട ‘താരമായി’ വിക്കി വളർന്നു.
വിക്കിയെ ഞാൻ പരിചയപ്പെടുന്നത് പുണെയിൽ INK Talks വേദിയിൽവച്ചാണ്. 14 വർഷം മുൻപു വിക്കി വീട്ടിലേക്കു തിരികെപ്പോയി മാതാപിതാക്കളെ വീണ്ടും കണ്ട അനുഭവം പങ്കുവച്ചു. ഈയിടെ തിരുവനന്തപുരത്തു വന്നപ്പോൾ വിക്കി എന്നെ വീണ്ടും വിളിച്ചു.
‘ഞാൻ വലിയ ധനികനല്ല. പക്ഷേ, എന്റെ ചിത്രങ്ങൾ വിറ്റാൽ എനിക്കു പണം കിട്ടും’ എന്നു വിക്കി പലപ്പോഴും പറയും. രാജസ്ഥാനിലെ ഒരു വിദൂരഗ്രാമത്തിൽ ജലദൗർലഭ്യമുണ്ടായപ്പോൾ അവിടത്തെ പ്രയാസങ്ങൾ ചിത്രങ്ങളാക്കി വിറ്റ് വിക്കി അവിടെയൊരു ജലസേചന പദ്ധതി തുടങ്ങിയതായി എനിക്കറിയാം.
വീടു വിട്ടുപോയ വിക്കിയുടെ തീരുമാനം നല്ല മാതൃകയല്ല. പക്ഷേ, അതിനുശേഷം തെരുവിൽ ആ ജീവിതം അവസാനിച്ചില്ല എന്നതാണ് ആരിലും ആദരവുണർത്തേണ്ട മാതൃക. ലോകം വണങ്ങിനിൽക്കുന്ന ഫൊട്ടോഗ്രഫി പ്രതിഭകളിലൊരാളായി വിക്കി ഇന്നു വളർന്നെങ്കിൽ അതു വെറുതെ ഉണ്ടായതല്ല. വിക്കിയുടെ ദൃഢനിശ്ചയംകൊണ്ടും കഠിനാധ്വാനംകൊണ്ടും മാത്രം സാധ്യമായതാണ്.