കളയൊഴിഞ്ഞ തോട്ടത്തിലേ നല്ല പൂക്കൾ വിരിയൂ

HIGHLIGHTS
  • ∙ സ്വയം പരിശോധിക്കാതെയും പ്രവൃത്തിക്കാതെയും ജീവിതത്തിന്റെ തോട്ടത്തിൽ നിന്നു ദുശ്ശീലങ്ങളുടെ കളച്ചെടികൾ ഒഴിയില്ല
Happiness
Image Credit∙ JohnnyGreig/Istock
SHARE

ഞാനൊരു ചെറുകിട ഉദ്യാനപാലകനാണ്. എന്നുവച്ചാൽ വീട്ടുമുറ്റത്തെ ചെടികൾക്കൊക്കെ വെള്ളമൊഴിക്കുകയും വളമിടുകയും കള പറിക്കുകയും ഇടയ്ക്കൊക്കെ വെട്ടിവിടുകയുമൊക്കെ ചെയ്യുന്ന ഒരു നാടൻ ചെടിപ്രേമി.

വെള്ളമൊഴിക്കലും വളമിടലും പ്രൂണിങ്ങുമെല്ലാം രസകരമായ കാര്യങ്ങളാണ്. എന്നാൽ, കള പറിക്കുക ഒട്ടും എളുപ്പമല്ല, കള പറിക്കാതെ മറ്റെല്ലാം ചെയ്താലോ ഉദ്ദേശിച്ച ഫലമൊട്ടു കിട്ടുകയുമില്ല. മനുഷ്യജീവിതത്തിന്റെ അവസ്ഥയെ ഏതാണ്ട് ഇതിനോടു താരതമ്യം ചെയ്യാം. ഉടലിനു വേണ്ടതൊക്കെ ആഹാരത്തിലൂടെയും വ്യായാമത്തിലൂടെയും വിശ്രമത്തിലൂടെയും കിട്ടുന്നു. മനസ്സിനും മസ്തിഷ്കത്തിനും വേണ്ടതെല്ലാം വായനയിലൂടെ, വിദ്യാഭ്യാസത്തിലൂടെ, അനുഭവത്തിലൂടെ, ചിന്തയിലൂടെ എന്നിങ്ങനെ സ്വാംശീകരിക്കുന്നു.

ചെടിക്കു കളപോലെ നമുക്കു ഭീഷണിയാവുന്നതു തെറ്റായ ശീലങ്ങളും മനോഭാവനകളുമാണ്. എത്രതന്നെ വെള്ളമൊഴിച്ചാലും വളമിട്ടാലും, ധാരാളം കള കയറിയ മണ്ണിൽ വളരുന്ന ചെടി നന്നായി പുഷ്പിക്കാത്തതുപോലെയാണ് തെറ്റായ ആശയങ്ങളുടെയും ധാരണകളുടെയും ശീലങ്ങളുടെയും അനാവശ്യസ്വാധീനത്തിനു വിധേയരാവുന്ന വ്യക്തികൾ. കള നീക്കം ചെയ്യാത്ത തോട്ടമായിത്തീർന്നാൽ ജീവിതങ്ങൾ പാഴായിപ്പോകും. ആത്മപരിശോധനയിലൂടെയും നല്ല മാതൃകകളെ പിന്തുടരുന്നതിലൂടെയും നമുക്കു കള തിരിച്ചറിഞ്ഞ് അവ പിഴുതുമാറ്റാൻ സാധിക്കും. വേണ്ടാത്ത ശീലങ്ങളും മനോഭാവങ്ങളും നമ്മിലുള്ളത് ആദ്യമേ തിരിച്ചറിയണം.

മറ്റുള്ളവരുടെ മുന്നിൽ കാണിക്കുന്ന മുഖം പലപ്പോഴും മറയായിരിക്കും. ചിരിക്കുന്ന മുഖത്തിനു പിന്നിൽ ചിലപ്പോൾ നമ്മൾ കരയുന്നുണ്ടാവും. ധീരതയുടെ മറയ്ക്കു പിന്നിൽ ഭയക്കുന്നുണ്ടാവും. ഒറ്റയ്ക്കിരിയ്ക്കുമ്പോഴേ ശീലക്കേടുകളുടെ കളകളെക്കുറിച്ച് ഓർക്കാൻ കഴിയൂ. അതു വിനയപൂർവം കണ്ടെത്തി വേരോടെ പിഴുതുകളഞ്ഞ് മനസ്സിന്റെ തോട്ടം വൃത്തിയാക്കണം. കൊടുക്കുന്ന വളം പൂർണമായി പ്രയോജനപ്പെടണമെങ്കിൽ ഈ കള പറിക്കൽ ശീലിച്ചേ തീരൂ.

എന്നാൽ, ഇതത്ര ലളിതമല്ല. ചിലപ്പോൾ നാം തോട്ടത്തിലെ പാഴ്ചെടികൾ പറിച്ചുകളയുമ്പോൾ ചില ചെറിയ സസ്യങ്ങൾ അവിടെ നിൽക്കും. വലിയ കളകൾ പിഴുതുമാറ്റുന്ന തിരക്കിൽ ഈ ചെറുസസ്യങ്ങളെ ശ്രദ്ധിക്കില്ല. രണ്ടാഴ്ച കഴിഞ്ഞു നോക്കുമ്പോൾ നേരത്തേ ചെറിയ സസ്യമായിരുന്നവ വളർന്നു വലിയ പാ‌ഴ്‌ച്ചെടിയായി മാറിയിരിക്കും. കൂടുതൽ ബലമുപയോഗിച്ച് അതിനെ പിഴുതുകളയേണ്ടിവരും.

നമ്മുടെ വേണ്ടാത്ത ശീലനങ്ങളും സ്വഭാവവും ഇതുപോലെയല്ലേ? ഒരു ചെറിയ (വേണ്ടാത്ത) ആശയമായിരിക്കും. അവഗണിച്ചാൽ അതു വളർന്ന് ഒരു ശീലമാകും. പിന്നെ ആ ശീലം നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാകും. വേണ്ടാത്ത ഒരു വിചാരത്തെപ്പോലും അവഗണിക്കാതിരിക്കുക. ലോകനന്മയ്ക്കുവേണ്ടി പ്രവർത്തിച്ചവരും വിജയികളും നേതാക്കളുമെല്ലാം സ്വയം നിരീക്ഷിച്ച്‌, സ്വയം ശുദ്ധീകരിച്ചവരാണ്.

സ്വയം പരിശോധിക്കാതെയും പ്രവൃത്തിക്കാതെയും ജീവിതത്തിന്റെ തോട്ടത്തിൽനിന്നു ദുശ്ശീലങ്ങളുടെ കളച്ചെടികൾ ഒഴിയില്ല. കളകളൊഴിഞ്ഞ തോട്ടത്തിലേ നല്ല പൂക്കൾ വിരിയൂ. കളപറിക്കുമ്പോൾ പൂർണമായും പറിച്ചുകളയണം. വീണ്ടും കിളിർക്കാൻ വേണ്ട ഒന്നും അവിടെ ബാക്കിയാകരുത്. ഈ സ്വയം ശുദ്ധീകരിക്കാനുള്ള കഴിവ് തിരിച്ചറിയുന്ന നിമിഷം മുതൽ ജീവിതത്തിന്റെ നിയന്ത്രണം നമ്മുടെ കൈകളിൽ വന്നുചേരുന്നു. ഇല്ലെങ്കിൽ നമ്മൾ ഇരയുടെ വേഷം കെട്ടി ആരെയെങ്കിലും പഴിച്ചുകൊണ്ടിരിക്കും. പഠനത്തിലും തൊഴിലിലുമൊക്കെ, കളകളെ നീക്കി ജീവിതം വർണാഭമാക്കാനുള്ള ഘട്ടങ്ങൾ പലതുണ്ട്. അതൊക്കെ തിരിച്ചറിഞ്ഞു മുന്നേറാൻ കഴിയണം.

നല്ലൊരു ഉദ്യാനപാലകനാവാനായിരിക്കട്ടെ നമ്മുടെ പരിശ്രമം; ആ ഉദ്യാനം നമ്മുടെ മനസ്സുമാകട്ടെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE STORIES FROM Vazhi Vilakku

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS