നിങ്ങളുടെ ഡിഗ്രി/ഡിപ്ലോമ പിഎസ്‌സി അംഗീകരിക്കുമോ? എങ്ങനെ അറിയാം?

HIGHLIGHTS
  • യുജിസി അംഗീകാരമുള്ള സർവകലാശാലകൾ നൽകുന്ന യോഗ്യതകളാണ് പിഎസ്‌സി അംഗീകരിക്കുക
psc-online
SHARE

ഡിഗ്രി, ഡിപ്ലോമ എന്നിവയുടെ സ്വീകാര്യത സംബന്ധിച്ച് പിഎസ്‌സി തീരുമാനമെടുക്കുന്നത് 22–10–2018ലെ സർക്കുലർ അനുസരിച്ചാണ്. യുജിസി അംഗീകാരമുള്ള സർവകലാശാലകൾ നൽകുന്ന യോഗ്യതകളാണ് പിഎസ്‌സി അംഗീകരിക്കുക. എന്നാൽ യോഗ്യത കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതായിരിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്നുള്ള തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും.

സർക്കുലറിലെ പ്രസക്ത ഭാഗങ്ങൾ:

∙17–07–1965ലെ GO (MS) No.526/PD–യിലെ വ്യവസ്ഥകൾ പ്രകാരം പാർലമെന്റ്/സംസ്ഥാന നിയമസഭകൾ ഇവയിലേതെങ്കിലും പാസാക്കിയ നിയമപ്രകാരം സ്ഥാപിതമായിട്ടുള്ളതോ യുജിസി അംഗീകൃതമായിട്ടുള്ളതോ ആയ സർവകലാശാലകൾ നൽകുന്ന ഡിഗ്രി, ഡിപ്ലോമ എന്നിവ സർക്കാർ സർവീസിലേക്കുള്ള നിയമനങ്ങൾക്കു സ്വീകാര്യമാണ്. ഒരു തസ്തികയുടെ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് ഈ തസ്തികയുടെ നിലവിലുള്ള വിശേഷാൽ ചട്ടങ്ങൾ അനുസരിച്ചാണ്. ഈ വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ അടിസ്ഥാനത്തിലാണ് അപേക്ഷകളുടെ സ്വീകാര്യത. KS & SSR പാർട്ട് II ചട്ടം 10(a) (ii) പ്രകാരം വിശേഷാൽ ചട്ടത്തിൽ പരാമർശിക്കുന്ന യോഗ്യതകൾക്ക് തത്തുല്യമാണെന്ന് സർക്കാർ ഉത്തരവ് മുഖേന വ്യക്തമാക്കിയിട്ടുള്ള എല്ലാ യോഗ്യതകളും ബന്ധപ്പെട്ട തസ്തികയുടെ തിരഞ്ഞെടുപ്പിന് സ്വീകരിക്കാം.

∙യുജിസി അംഗീകൃതമായ യോഗ്യതകൾ വിശേഷാൽ ചട്ടത്തിൽ നിഷ്കർഷിക്കുന്നുണ്ടെങ്കിൽ State Universities, Deemed to be Universities, Central Universities, UGCയുടെ അംഗീകാരമുള്ള Private Universities, National Institutes established by Govt. of India, Institutes established by Govt. of Kerala, Institutions of Eminence Deemed to be Universities എന്നീ വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങൾ നൽകുന്ന യോഗ്യതകളും അവയ്ക്ക് തത്തുല്യമെന്നു സർക്കാർ ഉത്തരവുകളിലൂടെ വ്യക്തമാക്കിയിട്ടുള്ള യോഗ്യതകളും സ്വീകരിക്കാവുന്നതാണ്. യോഗ്യതകളുടെ സ്വീകാര്യത നിശ്ചയിക്കുന്നതിന് മുകളിൽ വ്യക്തമാക്കിയ പ്രകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് യോഗ്യത നേടിയ ഉദ്യോഗാർഥികളോട് യുജിസി അംഗീകൃതമെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടേണ്ടതില്ല.

∙ഏതെങ്കിലും തസ്തികയുടെ വിശേഷാൽ ചട്ടത്തിൽ നിഷ്കർഷിച്ചിട്ടുള്ള യോഗ്യത കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്നുള്ള തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതോടൊപ്പം കാലാകാലങ്ങളിൽ യുജിസി അംഗീകൃത സ്ഥാപനങ്ങളുടെ പട്ടിക പുതുക്കുമ്പോൾ അത് ബന്ധപ്പെട്ട റിക്രൂട്മെന്റ് വിഭാഗങ്ങൾ യോഗ്യതയുടെ സ്വീകാര്യത നിശ്ചയിക്കുന്നതിനായി പരിശോധിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

∙ചില സാഹചര്യങ്ങളിൽ അംഗീകൃത സർവകലാശാലകളിൽ നിന്നു ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകളാണെങ്കിലും കോഴ്സിന്റെ കാലപരിധിയിലോ വിഷയങ്ങളിലോ പിഎസ്‌സിക്ക് സംശയം തോന്നുകയാണെങ്കിൽ വിശദീകരണം ആവശ്യപ്പെട്ടേക്കാം. ഇത്തരം സാഹചര്യങ്ങളിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്ന് തുല്യതാ സർട്ടിഫിക്കറ്റോ ബന്ധപ്പെട്ട സർക്കാർ ഉത്തരവോ ഹാജരാക്കേണ്ടിവരും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS