ഇൻഡോ അമേരിക്കൻ ഡയറക്ടർ

Mail This Article
ലോകം മുഴുവൻ പുരോഗമിക്കുന്ന ആരോഗ്യ ഗവേഷണങ്ങളുടെ സ്പന്ദനമറിഞ്ഞു പ്രവർത്തിക്കാൻ കൊൽക്കത്തയിൽ വേരുകളുള്ള ഒരു ഡോക്ടറെയാണ് അമേരിക്ക നിയോഗിച്ചിരിക്കുന്നത്. ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യ എന്ന ഡോ. ജയന്ത ഭട്ടാചാര്യയെ (57) നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് യുഎസിലെ ഉന്നത ആരോഗ്യ ഗവേഷണ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി നിർദേശിച്ചത്. യുഎസിലെ രണ്ടാം ട്രംപ് സർക്കാരിൽ ഉന്നതപദവിയിലേക്കു നിർദേശിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന വിശേഷണവും ഇൻഡോ– അമേരിക്കൻ ഡോക്ടറായ ജയ് ഭട്ടാചാര്യയ്ക്കു സ്വന്തം.
ആരോഗ്യരംഗത്തെ ഗവേഷണങ്ങൾക്കായി പ്രതിവർഷം 48 ബില്യൻ ഡോളർ ചെലവഴിക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്). സെനറ്റിന്റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ ഡയറക്ടറായി നിയമിതനാകുന്ന ജയ് ഭട്ടാചാര്യ എൻഐഎച്ചിന്റെ നവീകരണത്തിനായി ഒട്ടേറെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. യുഎസിലെ ആരോഗ്യ ഏജൻസികളുടെ മേൽനോട്ടം വഹിക്കുന്ന ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് വകുപ്പ് മേധാവി റോബർട്ട് എഫ്. കെന്നഡിയുടെ കീഴിലായിരിക്കും ജയ് ഭട്ടാചാര്യ പ്രവർത്തിക്കുക.
1968ൽ കൊൽക്കത്തയിൽ ജനിച്ച ജയ് ഭട്ടാചാര്യ പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. സ്റ്റാൻഫഡ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദം സ്വന്തമാക്കി. ഡോക്ടർ എന്നതിലുപരി മികച്ച സാമ്പത്തിക വിദഗ്‍ധൻ കൂടിയായ അദ്ദേഹം സാമ്പത്തികശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. നിലവിൽ സ്റ്റാൻഫഡ് സർവകലാശാലയിലെ ആരോഗ്യ നയരൂപീകരണവിഭാഗം പ്രഫസറും വയോജനാരോഗ്യം സംബന്ധിച്ച വിഭാഗത്തിന്റെ ഡയറക്ടറുമായി പ്രവർത്തിക്കുകയാണ്.
ഗ്രേറ്റ് ബാരിങ്ടൻ ഡിക്ലറേഷൻ
കോവിഡ് കാലത്ത് സമ്പൂർണ ലോക്ഡൗണും നിർബന്ധിത വാക്സിനേഷനും മാസ്കും അനാവശ്യമാണെന്ന വാദവുമായി ജയ് ഭട്ടാചാര്യ രംഗത്തെത്തിയിരുന്നു. ലോക്ഡൗണിന് ബദൽമാർഗങ്ങൾ നിർദേശിച്ചുള്ള ഗ്രേറ്റ് ബാരിങ്ടൻ ഡിക്ലറേഷൻ തയാറാക്കിയത് അദ്ദേഹവും ചേർന്നാണ്. ലോക്‌ഡൗണിന് പകരം ഫോക്കസ്‌ഡ് പ്രൊട്ടക്‌ഷൻ എന്ന ആശയമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. കോവിഡ് ഡെൽറ്റ വൈറസ് രൂക്ഷമായിരുന്ന സമയത്ത് പ്രായമായവരെയും ഗുരുതര രോഗബാധയുള്ളവരെയും മാത്രം വീടുകളിലിരുത്തണമെന്നും യുവാക്കൾക്കു പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നുമായിരുന്നു വാദം. കോവിഡും പ്രതിരോധശേഷിയും സംബന്ധിച്ചുള്ള ജയ് ഭട്ടാചാര്യയുടെ പല നിർദേശങ്ങളും വിവാദമുയർത്തിയിരുന്നു.
നൊബേലിന്റെ ഈറ്റില്ലം
പൊതുആരോഗ്യ രംഗത്തെ ഗവേഷണങ്ങൾക്കായുള്ള യുഎസ് സർക്കാർ ഏജൻസിയാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത്. ബയോമെഡിക്കൽ രംഗത്ത് ലോകം ഉറ്റുനോക്കുന്ന സ്ഥാപനമാണിത്. വൈദ്യശാസ്ത്രമേഖലയിൽ നിർണായക സ്വാധീനം ചെലുത്തിയ കണ്ടുപിടിത്തങ്ങൾക്ക് നൂറിലേറെ തവണ നൊബേൽ പുരസ്കാരം തേടിയെത്തിയ ചരിത്രവുമുണ്ട് എൻഐഎച്ചിന്. 1887ൽ സ്ഥാപിതമായ എൻഐഎച്ചിന്റെ ആസ്ഥാനം മേരിലൻഡിലാണ്. മരുന്നുകളുടെയും വാക്സീനുകളുടെയും നിർമാണം ഉൾപ്പെടെ ഒട്ടേറെ നേട്ടങ്ങൾ ഇവരുടേതായിയുണ്ട്. 2009 മുതൽ ഫ്രാൻസിസ് കോളിൻസാണ് ഡയറക്ടർ.