മഹാരാഷ്ട്രീയത്തിലെ ദേവേന്ദ്ര മോടി

Mail This Article
ഇന്ത്യയുടെ ‘മഹാരാഷ്‌ട്രീയ’ കളത്തിലെ മികച്ച കരുനീക്കങ്ങളും പിഴയ്ക്കാത്ത കണക്കുകൂട്ടലുകളുമായി ‘ജൂനിയർ ചാണക്യൻ’ എന്ന വിശേഷണത്തിലേക്കു കൂടിയാണു ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് സ്ഥാനമുറപ്പിക്കുന്നത്. മറാത്ത മണ്ണിൽ ആഴത്തിലോടിയ ശിവസേനയെ നെടുകെ പിളർത്തിയും എൻസിപി– അജിത് പവാർ വിഭാഗത്തെ കൂടെച്ചേർത്തുമെല്ലാം മഹാരാഷ്ട്രയുടെ രാഷ്ട്രീയഭൂപടംതന്നെ മാറ്റിയെഴുതിയാണ് മഹായുതി സഖ്യത്തെ വൻവിജയത്തിലേക്കു നയിച്ചു മുഖ്യമന്ത്രി പദത്തിലേക്കുള്ള ഫഡ്നാവിസിന്റെ തിരിച്ചുവരവ്. അഞ്ചു വർഷം മുൻപു മൂന്നാം ദിവസം മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടിവന്നതിനും പിന്നെ ഉപമുഖ്യമന്ത്രിയായി ഒതുങ്ങിപ്പോയതിനുമുള്ള മധുരപ്രതികാരം കൂടെയാണീ അൻപത്തിനാലുകാരന്റെ മൂന്നാം വരവ്.
∙രാഷ‌്ട്രീയം സിരകളിൽ
ബിജെപിയുടെ മാതൃസംഘടന രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ (ആർഎസ്എസ്) ഹൃദയഭൂമിയായ നാഗ്പുരിൽ നിന്നാണു ദേവേന്ദ്ര ഫഡ്നാവിസിന്റെ വരവ്. ‘രാജ്യത്തിനുള്ള നാഗ്പുരിന്റെ സമ്മാനം’ എന്നാണ് 2014ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫഡ്നാവിസിനെ വിശേഷിപ്പിച്ചത്. ഗംഗാധർ ഫഡ്നാവിസിന്റെയും സരിതയുടെയും മകനായി 1970 ജൂലൈ 22നു ജനിച്ച ഫഡ്നാവിസിന് രാഷ്ട്രീയ പാരമ്പര്യവും സ്വന്തം. ജനസംഘം നേതാവായിരുന്ന അച്ഛൻ ഗംഗാധർ ലെജിസ്‌ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തു തന്റെ അച്ഛനെ ജയിലിലടച്ച ഇന്ദിര ഗാന്ധിയുടെ പേരിലുള്ള സ്കൂളിൽ പഠിക്കില്ല എന്നതായിരുന്നു ബാലനായ ദേവേന്ദ്രയെടുത്ത ആദ്യത്തെ രാഷ്ട്രീയ നിലപാട്. പഠനകാലത്ത് എബിവിപിയുടെ പ്രവർത്തകനായിരുന്ന ഫഡ്നാവിസ് നിയമ ബിരുദവും ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയാണു സജീവ രാഷ്ട്രീയത്തിലേക്കെത്തിയത്. 1992ൽ നാഗ്പുർ കോർപറേഷനിൽ കൗൺസിലറായാണ് ആദ്യം അധികാരത്തിലേറിയത്. 27ാം വയസ്സിൽ നാഗ്പുരിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന തിളക്കത്തോടെയായിരുന്നുവത്. 1999 മുതൽ 5 തവണയായി സൗത്ത് വെസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നിന്നു തുടർച്ചയായി വിജയം കണ്ട ഫഡ്നാവിസിനെയായിരുന്നു 2014ലെ തിരഞ്ഞെടുപ്പ് നയിക്കാനായി ബിജെപി നിയോഗിച്ചത്. നേതൃത്വപാടവവും ജയിക്കാനുള്ള തന്ത്രങ്ങളും കരുത്താക്കിയ ഫഡ്നാവിസ് വിജയം സമ്മാനിച്ചതോടെ മുഖ്യമന്ത്രി പദവിയും പാർട്ടി സമ്മാനിച്ചു. മഹാരാഷ്‌ട്രയിൽ വസന്തറാവു നായിക്കിനു ശേഷം കാലാവധി തികച്ചു ഭരിച്ച ഏക മുഖ്യമന്ത്രിയും ഫഡ്നാവിസാണ്.
∙ ചീഫ് മിനിസ്റ്റർ ജൂനിയർ
മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മുഖ്യമന്ത്രിയായി ചരിത്രം കുറിച്ച നേതാവാണു ദേവേന്ദ്ര ഫഡ്നാവിസ്. 2014ൽ ആദ്യമായി അധികാരത്തിലെത്തുമ്പോൾ 44 വയസ്സ് മാത്രമായിരുന്നു ഫഡ്നാവിസിന്റെ പ്രായം. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന റെക്കോർഡ് പരേതനായ എം.ഒ.എച്ച് ഫാറൂഖിന്റെ പേരിലാണ്. 29 –ാം വയസ്സിലാണു ഫാറൂഖ് പുതുച്ചേരിയുടെ മുഖ്യമന്ത്രിയായത്. 1977ൽ 37–ാം വയസ്സിൽ അധികാരത്തിലെത്തിയ എ.കെ.ആന്റണി യാണ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി.