ചതുരംഗക്കളത്തിലെ കുട്ടിക്കളി

Mail This Article
ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനാകണം എന്നതായിരുന്നു ഏഴാം വയസ്സിൽ കണ്ടുതുടങ്ങിയ ‘വലിയ സ്വപ്നം.’ പതിനെട്ടു വയസ്സും എട്ടു മാസവും 14 ദിവസവും പൂർത്തിയായ ദിവസം ലോകം ഉറ്റുനോക്കിയ കരുനീക്കങ്ങളിലൂടെ ആ സ്വപ്നം ഡി.ഗുകേഷ് സഫലമാക്കിയപ്പോൾ ദൃഢനിശ്ചയത്തിന്റെ വിശ്വവിജയം കൂടിയായി അത്. ചതുരംഗക്കളത്തിലെ പതിനെട്ടാം ലോകചാംപ്യനായി പതിനെട്ടാം വയസ്സിൽ ചരിത്രമെഴുതിയ ഇന്ത്യയുടെ അഭിമാന താരം പ്രായക്കണക്കിൽ മറികടന്നതു നിസ്സാരക്കാരനെയല്ല. റഷ്യയുടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവ് 22–ാം വയസ്സിൽ കുറിച്ചിട്ട റെക്കോർഡാണു 39 വർഷത്തിപ്പുറം ദൊമ്മരാജു ഗുകേഷ് തിരുത്തിയെഴുതിയത്.
∙ കണക്കുകൂട്ടലുകൾ തെറ്റിച്ച തേരോട്ടം
സിംഗപ്പൂരിലെ സെന്റോസ വേൾഡ് റിസോർട്ടിൽ നടന്ന ചാംപ്യൻഷിപ്പിൽ നിലവിലെ ലോകചാംപ്യൻ കൂടിയായ ചൈനീസ് താരം ഡിങ് ലിറനെ പരാജയപ്പെടുത്തിയാണു ഗുകേഷ് ലോകകിരീടം ചൂടിയത്. ലോക ചെസ് ചാംപ്യൻഷിപ്പിന്റെ 138 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായിട്ടായിരുന്നു രണ്ട് ഏഷ്യൻ താരങ്ങൾ കിരീടത്തിനായി നേർക്കുനേർ വന്നത്. ഇന്തോ – ചൈന യുദ്ധത്തിനു സമാനമായ മാനങ്ങളിലേക്കു വളർന്ന ഇത്തവണത്തെ പോരാട്ടം അതുകൊണ്ടുതന്നെ സമ്മർദത്തിന്റെ ഉച്ചകോടിയിലുമെത്തിയിരുന്നു. പരിചയസമ്പത്തിന്റെ ബലത്തിൽ കളിക്കളത്തിൽ പ്രതിരോധക്കോട്ട കെട്ടി മുന്നേറിയ ഡിങ് ലിറനായിരുന്നു ചെസ് രംഗത്തെ വിദഗ്ധർ സാധ്യതകൾ കൽപ്പിച്ചത്. ഗുകേഷ് പക്ഷേ, ഒപ്പത്തിനൊപ്പം പിടിച്ചു നിന്നു. ചാംപ്യൻഷിപ്പിലെ അവസാന റൗണ്ടായ പതിനാലാം മത്സരവും സമനിലയിലേക്ക് നീങ്ങുമെന്നു തോന്നിച്ചിടത്താണു അപ്രതീക്ഷിത വിജയത്തിലേക്കു കരുക്കൾ നീക്കിയ ഗുകേഷിന്റെ നാടകീയവിജയം. അതോടെ, അഞ്ചുവട്ടം ലോക ചാംപ്യനായ വിശ്വനാഥൻ ആനന്ദിനു ശേഷം ഇന്ത്യയ്ക്കൊരു ചെസ് ലോക ചാംപ്യനെ കിട്ടി.
2013 ൽ െചന്നൈ ലോക ചെസ് ചാംപ്യൻഷിപ്പിനു വേദിയായപ്പോൾ കാഴ്ചക്കാരനായെത്തിയ ഏഴുവയസ്സുകാരനാണ് ഇന്നു വിശ്വനാഥൻ ആനന്ദിന്റെ പിൻഗാമിയായി ലോകമെങ്ങും ആരാധകരെ സൃഷ്ടിക്കുന്നത്. അന്ന് ആനന്ദ് മാഗ്നസ് കാൾസണ് അടിയറ വച്ച ലോകകിരീടമാണ് ഇപ്പോൾ ഗുകേഷിലൂടെ ഇന്ത്യയിൽ തിരിച്ചെത്തിയതും ! ലോക ചാംപ്യൻഷിപ്പ് നേരിൽ കണ്ടതിന്റെ സ്വാധീനത്തിലാണ് ഏഴാം വയസ്സിൽ ഗുകേഷ് ചതുരംഗത്തിന്റെ കളത്തിലേക്കു തിരഞ്ഞത്. 9–ാം വയസ്സിൽ ഏഷ്യൻ സ്കൂൾ ചെസ് ചാംപ്യനായ ബാലൻ 12–ാം വയസ്സിൽ അണ്ടർ 12 ലോക യൂത്ത് ചാംപ്യൻ പട്ടവുമണിഞ്ഞു. 2019 ൽ ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തിയ ഗുകേഷ് 2750 എലോ റേറ്റിങ് പോയിന്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ്. ഇന്ത്യയുടെ ചെസ് തലസ്ഥാനമായി മാറിയ ചെന്നൈയിലാണു വർഷങ്ങളായി താമസമെങ്കിലും ഗുകേഷ് ദൊമ്മരാജുവിന്റെ കുടുംബ വേരുകൾ ആന്ധ്രാപ്രദേശിലാണ്.. ഇഎൻടി സർജനായ അച്ഛൻ രജനീകാന്തും മൈക്രോബയോളജിസ്റ്റായ അമ്മ പത്മയും മകന്റെ നീക്കങ്ങൾക്കു പിന്തുണയുമായി കൂടെത്തന്നെയുണ്ട്. കുഞ്ഞുഗുകേഷിനൊപ്പം ടൂർണമെന്റുകൾക്കായി പോകുന്നതിനായി ജോലി വരെ ഉപേക്ഷിച്ച ആളാണു രജനീകാന്ത്. ചെസിനു പ്രാധാന്യം നൽകുന്ന വേളമ്മാൾ ഗ്രൂപ്പിനു കീഴിലുള്ള സ്കൂളിൽ ചേർന്നതാണു ഗുകേഷിന്റെ കരിയറിന്റെ വഴിത്തിരിവായ ഒന്ന്. വെസ്റ്റ് ബ്രിജ് ആനന്ദ് അക്കാദമിയിലെ പരിശീലനത്തോടെ വിശ്വനാഥ് ആനന്ദിന്റെ പ്രിയ ശിഷ്യനാകാനും ഗുകേഷിനു സാധിച്ചു. നിലവിൽ ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനക്കാരനാണു ഗുകേഷ്.
∙റെക്കോർഡുകളുടെ തോഴൻ
ലോക ചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റ് വിജയിച്ചപ്പോഴും ചരിത്രത്തിൽ ഇടംനേടിയ താരമാണു ഗുകേഷ്. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന റെക്കോർഡോടെയാണു 17 –കാരനായ ഗുകേഷ് ഡിങ് ലിറനെതിരായ ഫൈനലിനു യോഗ്യത നേടിയത്. 20–ാം വയസ്സിൽ ജേതാവായ ഗാരി കാസ്പറോവിന്റെ 40 വർഷം പഴക്കമുള്ള റെക്കോർഡാണ് അന്നു തിരുത്തപ്പെട്ടത്. ലോകത്തെ പ്രായം കുറഞ്ഞ മൂന്നാമത്തെ ഗ്രാൻഡ്മാസ്റ്ററെന്ന വിശേഷണവും ഗുകേഷിന്റെ പേരിലുണ്ട്. 12 വയസ്സും 7 മാസവും 17 ദിവസവും പ്രായമുള്ളപ്പോഴാണ് ഗുകേഷ് ഗ്രാൻഡ്മാസ്റ്ററായത്. 12 വയസ്സും 4 മാസവും 25 ദിവസവും പ്രായമുള്ളപ്പോൾ ഗ്രാൻഡ് മാസ്റ്ററായ ഇന്ത്യൻ വംശജൻ അഭിമന്യു മിശ്രയാണ് ഒന്നാമൻ.