ലാഭത്തിന്റെ 'ദം' പൊട്ടിക്കാം; തുടങ്ങാം 'റെഡി ടു കുക്ക്' ബിരിയാണി ബിസിനസ്

HIGHLIGHTS
  • ഒറ്റയ്ക്കോ കൂട്ടായോ നടത്താവുന്ന സംരംഭങ്ങളിലൂടെ മികച്ച വരുമാനം നേടാനുള്ള സാധ്യതകൾ പരിചയപ്പെടാം
biriyani-item-new
SHARE

വളരെ പെട്ടെന്നു ബിരിയാണി പാകം ചെയ്തു കഴിക്കാൻ സഹായിക്കുന്ന റെഡി ടു കുക്ക് ബിരിയാണി പായ്ക്കറ്റുകൾക്കു വിപണിയിൽ വലിയ സാധ്യതയുണ്ട്. ബിരിയാണി അരിക്കു പുറമേ സുഗന്ധവ്യഞ്ജനങ്ങളും പച്ചക്കറികളും ഉണക്കിപ്പൊടിച്ച്, മിക്സ് ചെയ്ത് ഇത്തരം പായ്ക്കറ്റുകൾ തയാറാക്കാം. ഈ മിക്സ് ഉപയോഗിച്ച് പരമാവധി 15 മിനിറ്റ്കൊണ്ടു ബിരിയാണി തയാറാക്കി കഴിക്കാൻ കഴിയും. ഇത്തരം ബിസിനസുകൾ വീട്ടിൽത്തന്നെ പ്ലാൻ ചെയ്യാം. വലിയ നിക്ഷേപമില്ലാതെ കടന്നുവരാവുന്ന ബിസിനസ് മേഖലയാണ്. വീട്ടമ്മമാർക്കും നന്നായി ശോഭിക്കാം.

നിർമാണരീതി

ജീരകശാല, ബസുമതി അരികൾ അല്ലെങ്കിൽ മികച്ച നിലവാരമുള്ള അരികൾ പൊതുവിപണിയിൽനിന്നു ശേഖരിക്കുന്നു. മില്ലുകളിൽനിന്ന് നേരിട്ടു സംഭരിക്കുന്നതു നന്നായിരിക്കും. കാരറ്റ്, തക്കാളി, സവാള ഉൾപ്പെടെ പച്ചക്കറികളും മല്ലിയില, പുതിന, കറിവേപ്പില തുടങ്ങിയ ചേരുവകളും സുഗന്ധവ്യഞ്ജനങ്ങളും ഉണക്കിപ്പൊടിച്ച് പ്രത്യേകം പായ്ക്ക് ചെയ്യുന്നു. ഡാൾഡ, നെയ്യ് എന്നിവ ചേർക്കുന്നില്ല. മാംസം ആവശ്യമെങ്കിൽ പ്രത്യേകം ചേർക്കേണ്ടതായി വരും. തുടർന്ന് അരിയുടെ പായ്ക്കറ്റും ചേരുവകളുടെ പായ്ക്കറ്റും ഒരേ ബോക്സിൽ ചേർത്ത് പായ്ക്ക് ചെയ്യുന്നു. തൂക്കിപ്പിടിക്കാവുന്ന ആകർഷകമായ കാർട്ടൺ ബോക്സുകളിൽ ഇവ പായ്ക്ക് ചെയ്തു വിൽക്കാം.

biriyani-new

അടിസ്ഥാനസൗകര്യം

പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും ഉണക്കാനും പൊടിക്കാനും ഡ്രയർ, ഗ്രൈൻഡർ, ഹീറ്റർ, പായ്ക്കർ തുടങ്ങിയ മെഷിനറികൾ ആവശ്യമാണ്. കുടുംബ ബിസിനസ് എന്ന നിലയിലാണ് ഉദ്ദേശ്യമെങ്കിൽ തുടക്കത്തിൽ ഇത്തരം നിക്ഷേപം വേണമെന്നില്ല. പകരം സമീപത്തെ മില്ലുകളുടെ സേവനം ഉപയോഗപ്പെടുത്തിയാൽ മതി. അപ്പോൾ ബാധ്യത കുറച്ച് സംരംഭം തുടങ്ങാൻ പറ്റും. വീട്ടിൽത്തന്നെ ആരംഭിക്കുകയും ചെയ്യാം. വീട്ടിലെ 200 ചതുരശ്ര അടി കെട്ടിടം ഉപയോഗപ്പെടുത്തിയാൽ മതി. ബിസിനസ് വളരുന്നതനുസരിച്ച് സ്വന്തം നിലയിൽ ഉൽപാദനം നടത്തി മുന്നോട്ടുപോയാൽ മതിയാകും.

ഫുഡ് സേഫ്റ്റി ലൈസൻസ്, പായ്ക്കർ ലൈസൻസ് എന്നിവയാണ് അടിസ്ഥാനമായി വേണ്ട ലൈസൻസുകൾ. വിപണിയിൽ നിരന്തരം ഇടപെടാനും ഉൽപാദനം ശ്രദ്ധിക്കാനും സൗകര്യം ഉണ്ടാകണം. രണ്ടു പേരെങ്കിലും ബിസിനസിൽ ഉണ്ടായാൽ നല്ലത്. മികച്ച ഗുണനിലവാരം ഉറപ്പാക്കാൻ ശ്രമിക്കുകയും വേണം.

biriyani-dish-new

വിപണി

ബിരിയാണിക്ക് എപ്പോഴും വിപണിയുണ്ട്. ഇതിന്റെ സാധ്യതകൾ കൂടിവരികയുമാണ്. എങ്കിലും, വിപണിയിൽ വേണ്ടത്ര അന്വേഷണം നടത്തിയ ശേഷം വേണം ഉൽപാദനത്തിലേക്കു കടക്കാൻ.

സാധാരണ ബിരിയാണി പായ്ക്കറ്റുകളിൽ പച്ചക്കറികൾ ഉണ്ടാവാറില്ല. മസാലകൾ പൊടിച്ചു ചേർക്കേണ്ടിവരും. എല്ലാം പായ്ക്കറ്റിൽത്തന്നെ ലഭിക്കും എന്നതാണ് ക്വിക്ക് ബിരിയാണി പായ്ക്കറ്റിന്റെ പ്രത്യേകത. 600 ഗ്രാം 1200 ഗ്രാം പാക്കറ്റുകളിലാണ് ഇവ വിപണിയിലെത്തിക്കുന്നത്. 500, 1000 ഗ്രാം അരിയും ശേഷിക്കുന്നത് പച്ചക്കറി, മസാലക്കൂട്ടുകളുമാണ്. യഥാക്രമം 150, 280 രൂപയ്ക്കാണ് സാധാരണ വിൽപനവില. സൂപ്പർ മാർക്കറ്റുകൾ സ്റ്റേഷനറിക്കടകൾ, പലചരക്കു കടകൾ, ബേക്കറി ഷോപ്പുകൾ, ഹോട്ടലുകൾ തുടങ്ങിയ എല്ലാത്തരം കടകളിലും നേരിട്ടു വിൽക്കാവുന്നതാണ്. വീടുകളിൽനിന്നും വിൽപനയ്ക്കു സാധ്യതയുണ്ട്. വിതരണക്കാരെ ലഭിക്കുക എളുപ്പമാണ്. ക്രെഡിറ്റ് വരാതെ സൂക്ഷിക്കണം.

മികച്ച ഗുണനിലവാരം ഉറപ്പാക്കാനായാൽ മികച്ച വിപണിയും ഉറപ്പാക്കാനാകും. 30 ശതമാനത്തിൽ കുറയാത്ത അറ്റായം മൊത്തക്കച്ചവടത്തിൽ ലഭിക്കുന്ന ലഘു കുടുംബ ബിസിനസ് ആണിത്.

മാതൃകാസംരംഭം

ക്വിക്ക് ബിരിയാണി പായ്ക്കറ്റ് നിർമാണം, വിപണനം എന്നിവയുടെ കുടുംബ ബിസിനസ് വളരെ നല്ല രീതിയിൽ ചെയ്തുവരുന്ന സംഘമാണ് പാലക്കാട് വണ്ടാഴിയിലുള്ള പുതുക്കുളം പറമ്പ് എസ്സാർ ഫുഡ് പ്രോജക്ട്സ്. സുബിൻ, സാറാബി എന്നിവർ ചേർന്നാണു ബിസിനസ് ചെയ്യുന്നത്. 12 രുചിഭേദങ്ങളിൽ ഇവർ ക്യുക്ക് ബിരിയാണി പായ്ക്കറ്റുകൾ തയാറാക്കുന്നു. എട്ടു പേർക്കുവരെ കഴിക്കാവുന്ന കൂട്ട് ഒരു പായ്ക്കറ്റിലുണ്ട്. 10 മിനിറ്റിൽ തയാറാക്കാവുന്ന കൂട്ടിൽ സോളിഡ് ഫാറ്റ് ചേർക്കുന്നില്ല എന്നത് സവിശേഷതയാണ്.

സൂപ്പർ മാർക്കറ്റുകൾ, സ്റ്റേഷനറിക്കടകൾ, പലചരക്കു കടകൾ, ബേക്കറി ഷോപ്പുകൾ എന്നിവിടങ്ങളിൽ നേരിട്ടു വിൽക്കുന്നു. വടക്കാഞ്ചേരിയിൽ ദേശീയപാതയോരത്ത് സ്വന്തം ഷോപ്പുമുണ്ട്. ക്യാഷ് ആൻഡ് ക്യാരി അടിസ്ഥാനത്തിലാണു വിൽപന. 250 രൂപ വരെയാണ് കിലോഗ്രാമിനു വരുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS