ADVERTISEMENT

ലാറ്റിൻ അമേരിക്കൻ രാജ്യമായ ചിലെയെ ചോരക്കളമാക്കി മാറ്റിയ പട്ടാള അട്ടിമറിക്ക് 50 വയസ്സ്. സാൽവദോർ അലൻഡേയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സർക്കാരിനെ പുറത്താക്കി ജനറൽ അഗസ്റ്റോ പിനൊഷെയുടെ നേതൃത്വത്തിലുള്ള പട്ടാളം അധികാരം പിടിച്ച നടപടിക്ക് അമേരിക്കയുടെ പിന്തുണ കൂടിയുണ്ടായിരുന്നു. ഒരു റിബൺ പോലെ ലാറ്റിൻ അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന 4300 കിലോമീറ്റർ നീളവും ശരാശരി 175 കിലോമീറ്റർ മാത്രം വീതിയുമുള്ള രാജ്യമായ ചിലെയിൽ അലൻഡേയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് ഭരണം സ്ഥാപിതമാകുമെന്നും മേഖലയിൽ സോവിയറ്റ് യൂണിയന്റെ സ്വാധീനം വർധിക്കുമെന്നുമുള്ള ഭീതിയായിരുന്നു അമേരിക്കയ്ക്ക്. 1973 സെപ്റ്റംബർ 11നു ചിലെ തലസ്ഥാനമായ സാന്റിയാഗോ നഗരത്തിലൂടെ പട്ടാള ടാങ്കുകൾ ഉരുണ്ടു. യുദ്ധവിമാനങ്ങൾ അലൻഡേ അഭയം പ്രാപിച്ചിരുന്ന ലാ മൊണേഡ എന്ന പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുകളിൽ ബോംബിട്ടു. 1970ൽ ജനാധിപത്യപരമായി നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന അലൻഡേ ആത്മഹത്യ ചെയ്തു. തുടർന്നു ചിലെയിൽ അരങ്ങേറിയ കിരാതവാഴ്ചയിൽ കൂട്ട അറസ്റ്റുകൾ, തട്ടിക്കൊണ്ടുപോകലുകൾ, തടവറപീഡനങ്ങൾ, കൊലപാതകങ്ങൾ തുടങ്ങിയവ സാധാരണസംഭവമായി മാറി. അൻപതു വർഷത്തിനു ശേഷവും തങ്ങളുടെ ഉറ്റവർ ജീവിച്ചിരിപ്പുണ്ടോ മരിച്ചോയെന്നറിയാത്ത ഒട്ടേറെ കുടുംബങ്ങൾ ചിലെയിലുണ്ട്.

∙തീവ്രദേശീയത

1.84 കോടി ജനങ്ങളുള്ള ചിലെയിൽ ശക്തിപ്രാപിച്ചിട്ടുള്ള തീവ്ര ദേശീയ ആശയങ്ങളുടെ സ്വാധീനത്താൽ പിനൊഷെയുടെ അട്ടിമറി ശരിയായിരുന്നെന്നു വിശ്വസിക്കുന്നവരും ഇന്നു ധാരാളമുണ്ട്. സോഷ്യലിസ്റ്റ് നേതാവ് അലൻഡേയുടെ തെറ്റായ നയങ്ങളാണ് അട്ടിമറിക്കു കാരാണമെന്ന് അവർ കരുതുന്നു. മൂന്നു വർഷം അധികാരത്തിലിരുന്ന അലൻഡേ ധൃതിപിടിച്ചു നടപ്പിൽവരുത്തിയ മാറ്റങ്ങൾ സമൂഹത്തിൽ അരാജകത്വം സൃഷ്ടിച്ചുവെന്നും സമ്പദ് വ്യവസ്ഥ തകരാറിലാക്കിയെന്നും അതാണു പട്ടാള അട്ടിമറിയിലേക്കു നയിച്ചെന്നും കരുതുന്നവരേറെ. പിനൊഷെയുടെ കീഴിൽ രാജ്യം തെക്കേ അമേരിക്കയിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയായും മികച്ച സമൂഹ സുരക്ഷിതത്വ സൂചികകളുള്ള പ്രദേശമായും മാറിയെന്നു വിലയിരുത്തുന്നവരുടെ എണ്ണവും കുറവല്ല.

∙അടിച്ചമർത്തൽ

പിനോഷെയിലെ ഏകാധിപത്യ ഭരണത്തിൻ കീഴിൽ നാൽപതിനായിരത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണു കണക്ക്. രണ്ടു ലക്ഷം പേരെങ്കിലും രാജ്യം വിട്ടു പോയി. ആയിരക്കണക്കിനു പേരെക്കുറിച്ച് ഇന്നും വിവരമില്ല. 1990ൽ നടന്ന ഹിതപരിശോധനയിൽ ഭൂരിഭാഗം ചിലെ പൗരൻമാരും ജനാധിപത്യത്തിനായി വോട്ട് ചെയ്തതോടെയായിരുന്നു ഏകാധിപത്യ ഭരണത്തിന് അന്ത്യമായത്. കുറ്റകൃത്യങ്ങൾക്കൊന്നും വിചാരണ നേരിടാതെ 2006ൽ പിനോഷെ അന്തരിച്ചു. സോഷ്യൽ കൺവർജൻസ് പാർട്ടി നേതാവ് ഗബ്രിയേൽ ബോറിക് (37) ആണ് ഇപ്പോൾ ചിലെ പ്രസിഡന്റ്.

English Summary:

Chile Military Invasion Videsha Visesham Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com