350 കിലോമീറ്ററിന് ഇനി വെറും 40 മിനിറ്റ്! ബുള്ളറ്റ് വേഗത്തിലേക്ക് ഇന്തൊനീഷ്യ
Mail This Article
ഇന്തൊനീഷ്യയുടെ തലസ്ഥാനനഗരമായ ജക്കാർത്തയെയും പടിഞ്ഞാറൻ ജാവയിലെ പ്രവിശ്യാതലസ്ഥാനവും സാമ്പത്തികകേന്ദ്രവുമായ ബാൻദുങ്ങിനെയും ബന്ധിപ്പിച്ച് അതിവേഗ ട്രെയിൻ സർവീസ് തുടങ്ങിയ ഇന്തൊനീഷ്യ പുതിയ ചരിത്രപാളത്തിലാണു കയറിയത്. ചൈനയ്ക്കു പുറത്ത് പൂർണമായും ചൈനീസ് സാങ്കേതികവിദ്യയും ചൈനീസ് ട്രെയിനുകളും ഉപയോഗിച്ചു നടപ്പാക്കിയ ആദ്യ അതിവേഗ റെയിൽവേ പദ്ധതിയാണിത്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ അതിവേഗ പാത ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങിനും ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോയ്ക്കും വലിയ രാഷ്ട്രീയനേട്ടം കൂടിയാണ്.
350 കിലോമീറ്റർ, 40 മിനിറ്റ്!
അതിവേഗപാതയിലെ 140 കിലോമീറ്റർ ദൂരത്തിൽ 4 സ്റ്റേഷനാണുള്ളത്. പരമാവധി വേഗം മണിക്കൂറിൽ 350 കിലോമീറ്റർ! ആറു ബോഗികളുള്ള ട്രെയിനിൽ 601 യാത്രക്കാർക്കു സഞ്ചരിക്കാം. യാത്രാസമയം 40 മിനിറ്റ്. മൂന്നു മണിക്കൂറാണു നിലവിലെ ട്രെയിൻ യാത്രാസമയം. ‘വൂഷ്’ (WHOOSH) എന്നാണു ട്രെയിനിനു പേരിട്ടിരിക്കുന്നത്. ‘സമയലാഭം, ഉത്തമപ്രവൃത്തി, വിശ്വസനീയം’ എന്നതിന്റെ ഇന്തൊനീഷ്യൻ ചുരുക്കപ്പേരാണു വൂഷ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബർ പകുതിവരെ സൗജന്യമായി വൂഷിൽ യാത്ര ചെയ്യാം. അതിനുശേഷം ഒരു വശത്തേക്ക് ഏകദേശം 30,000 ഇന്തൊനീഷ്യൻ റുപയ്യയാണു (ഏകദേശം 1600 രൂപ) നിരക്ക്.
വർഷം ഒരു കോടി യാത്രക്കാർ!
ഒരു വർഷം ഒരു കോടി യാത്രക്കാർ വൂഷിൽ യാത്ര ചെയ്യുമെന്നാണു കണക്കാക്കുന്നത്. ജാവയിലെ വിനോദസഞ്ചാരത്തിന് ഈ സർവീസ് ഉത്തേജനമാകുമെന്നു വിലയിരുത്തുന്നു. രാജ്യത്തെ മറ്റൊരു വലിയ നഗരവും കിഴക്കൻ ജാവ പ്രവിശ്യാതലസ്ഥാനവുമായ സുരബയയിലേക്ക് ബുള്ളറ്റ് ട്രെയിൻ പദ്ധതി നീട്ടാൻ ആലോചന തുടങ്ങിക്കഴിഞ്ഞു. ജക്കാർത്തയിൽനിന്ന് 700 കിലോമീറ്റർ ദൂരമുള്ള സുരബയയിലേക്കുള്ള പദ്ധതി സംബന്ധിച്ച പഠനം ആരംഭിക്കാൻ പ്രസിഡന്റ് ജോക്കോ നിർദേശം നൽകി.
ബെൽറ്റ് ആൻഡ് റോഡ് പദ്ധതി
ലോകത്തെ നാലാമത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യവും തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുമാണ് ഇന്തൊനീഷ്യ. വിയറ്റ്നാം, ഫിലിപ്പീൻസ്, മ്യാൻമർ, തായ്‌ലൻഡ്, സിംഗപ്പുർ, ബ്രൂണയ്, ഇന്തൊനീഷ്യ, ലാവോസ്, മലേഷ്യ, കംബോഡിയ, കിഴക്കൻ തിമൂർ എന്നിവയാണ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ.
ചൈനയും മറ്റു രാജ്യങ്ങളുമായുണ്ടായിരുന്ന പൗരാണിക വ്യാപാര പട്ടുപാത (സിൽക് റൂട്ട്) പുനരുജ്ജീവിപ്പിക്കാനുള്ള ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങിന്റെ സ്വപ്നപദ്ധതിയാണു ബെൽറ്റ് ആൻഡ് റോഡ്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലായി എഴുപതിലേറെ രാജ്യങ്ങളിലൂടെ ആറായിരത്തിലേറെ കിലോമീറ്ററുകൾ വരുന്നതാണു പദ്ധതി.