ADVERTISEMENT

കോളനിവാഴ്ചക്കാലത്തെ കൊടുംക്രൂരതകൾക്ക് ആഫ്രിക്കൻ രാജ്യങ്ങളോടു മാപ്പപേക്ഷിച്ചു ജർമനി. തങ്ങളുടെ സാമ്രാജ്യത്വ ഭരണകാലത്ത് ആഫ്രിക്കയിൽ കൊല്ലപ്പെട്ടവരുടെ പിൻഗാമികൾക്കു ധനസഹായം നൽകാനും ജർമനിയിലേക്കു കടത്തിക്കൊണ്ടുവന്ന വിലയേറിയ കലാവസ്തുക്കൾ തിരികെ നൽകാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, അക്കാലത്തു കൊല്ലപ്പെട്ടവരുടെ ജർമനിയിലേക്കു കടത്തിക്കൊണ്ടുവന്ന ഭൗതികാവശിഷ്ടങ്ങൾ യഥാവിധിയുള്ള മരണാനന്തരകർമങ്ങൾ നടത്തുന്നതിനായി ബന്ധുക്കൾക്കു മടക്കിനൽകുകയും ചെയ്യും.

ആഫ്രിക്കൻ ഹോളോകോസ്റ്റ്

നാത്‌സി ഹോളോകോസ്റ്റ് (ജൂത കൂട്ടക്കൊല) കാലത്തു നടത്തിയ വലിയ മാനവവിരുദ്ധ പ്രവൃത്തികൾ മനസ്സിലാക്കുകയും അവ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സമൂഹത്തിൽ നടപ്പാക്കുകയും ചെയ്യുന്ന ജർമനി തങ്ങളുടെ കൊളോണിയൽ ഭൂതകാലത്തെ തെറ്റുകൾക്കു കൂടി പ്രായശ്ചിത്തം ചെയ്യാൻ ആഗ്രഹിക്കുകയാണ്. ഒരു നൂറ്റാണ്ടു മുൻപു ടാൻസാനിയയിൽ നടത്തിയ കൂട്ടക്കൊലകളുമായി ബന്ധപ്പെട്ടാണു ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമയർ മാപ്പു പറഞ്ഞത്.

കലാപത്തിൽ കൊല്ലപ്പെട്ട നേതാവ് എംബാനോയുടെയും മറ്റ് 66 പോരാളികളുടെയും കുഴിമാടത്തിൽ പ്രസിഡന്റ് സ്റ്റെയ്ൻമയർ പുഷ്പങ്ങൾ അർപ്പിച്ചു. മഹാനായ നേതാവ് എന്നാണ് എംബാനോയെ ജർമൻ പ്രസിഡന്റ് വിശേഷിപ്പിച്ചത്. ‘‘ജർമൻ കോളനി ഭരണത്തിനു കീഴിൽ ജീവൻ നഷ്ടമായവരുടെ ഓർമകൾക്കു മുൻപിൽ ഞാൻ തലകുനിക്കുന്നു. നിങ്ങളുടെ പൂർവികരോടു ജർമൻകാർ ചെയ്ത കുറ്റകൃത്യങ്ങളിൽ ഞാൻ മാപ്പപേക്ഷിക്കുന്നു’. അദ്ദേഹം പറഞ്ഞു.

മന:സ്താപത്തിന്റെ കാലം

ആഫ്രിക്കൻ കോളനിഭരണകാലത്തു നടത്തിയ ക്രൂരതകളെപ്പറ്റി ഈയടുത്തുകാലത്താണു ജർമൻ ഭരണാധികാരികൾ പൊതുവിടങ്ങളിൽ സംസാരിച്ചു തുടങ്ങിയത്. ജർമൻ സൗത്ത് വെസ്റ്റ് ആഫ്രിക്ക എന്നറിയപ്പെട്ടിരുന്ന നമീബിയയിലെ തദ്ദേശവാസികളായ ഹെറേറോ, നമാ ജനതയെ ജർമൻ സൈന്യം കൂട്ടക്കൊല ചെയ്തതിനായിരുന്നു ആദ്യ പശ്ചാത്താപം. 2021ൽ, നമീബിയയിലെ ചെയ്തികൾ വംശഹത്യയാണെന്നു സമ്മതിച്ച ജർമനി അന്നു ജീവൻ നഷ്ടപ്പെട്ടവരുടെ പിൻഗാമികൾക്കു :സാമ്പത്തികസഹായം നൽകാനായി 1.06 ബില്യൺ ഡോളർ അനുവദിച്ചിരുന്നു.

ജർമനിയുടെ ആഫ്രിക്ക

ഇന്നത്തെ ടാൻസാനിയ, റുവാണ്ട, ബുറുണ്ടി എന്നീ രാജ്യങ്ങൾ 1885 മുതൽ 1918 ൽ ഒന്നാം ലോകയുദ്ധത്തിൽ ജർമനി പരാജയപ്പെടുംവരെ ജർമൻ കോളനിവാഴ്ചയ്ക്കു കീഴിൽ ജർമൻ ഈസ്റ്റ് ആഫ്രിക്ക എന്നാണറിയപ്പെട്ടിരുന്നത്. സാമ്രാജ്യത്വശക്തികൾക്കെതിരെ 1905 മുതൽ 1907 വരെ നടന്ന കലാപത്തിൽ 3 ലക്ഷം ആഫ്രിക്കക്കാരെ ജർമൻകാർ കശാപ്പുചെയ്തുവെന്നാണു കണക്ക്. ജർമൻ സൗത്ത് വെസ്റ്റ് ആഫ്രിക്ക എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ നമീബിയയിൽ തദ്ദേശവാസി സമൂഹത്തെ ജർമൻ സൈന്യം കൂട്ടക്കൊല ചെയ്തത് ഇരുപതാം നൂറ്റാണ്ടിലെ ആദ്യ വംശഹത്യയെന്നാണു ചരിത്രകാരൻമാർ വിശേഷിപ്പിക്കുന്നത്. 

English Summary:

Germany Regression Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com