ഉടച്ചുവാർക്കുന്ന ഡച്ച് ജനവിധി
Mail This Article
യൂറോപ്പിലാകെ പ്രകമ്പനങ്ങൾ സൃഷ്ടിക്കുകയാണു നെതർലൻഡ്സ് പൊതു തിരഞ്ഞെടുപ്പു ഫലം. തീവ്ര വലതുപക്ഷ ജനകീയ നേതാവ് ഗീർട് വിൽഡേഴ്സ് മേധാവിത്തം നേടിയ തിരഞ്ഞെടുപ്പു ഫലം‘നവ യൂറോപ്പി’ന്റെ സൂചന കൂടി നൽകുന്നതാണെന്നു വിലയിരുത്തപ്പെടുന്നു. ഇറ്റലിക്കും ഹംഗറിക്കും പിന്നാലെയാണു നെതർലൻഡ്സിലും തീവ്രവലതുപക്ഷം അധികാരത്തിലെത്തുന്നത്. ഫ്രാൻസിലും ജർമനിയിലുമുൾപ്പെടെ മറ്റു പല രാജ്യങ്ങളിലും അവർ ഇന്നു നിർണായക ശക്തിയുമാണ്. നെതർലൻഡ്സിൽ ഗീർട് വിൽഡേഴ്സിന്റെ ഫ്രീഡം പാർട്ടി 150 അംഗ പാർലമെന്റിൽ 37 സീറ്റ് നേടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർ നേടിയ സീറ്റുകളുടെ ഇരട്ടിയാണിത്. 1998 മുതൽ ഡച്ച് പാർലമെന്റ് അംഗമായ വിൽഡേഴ്സ് നെതർലൻഡ്സിൽ ഏറ്റവും കൂടുതൽ കാലം പാർലമെന്റ് അംഗമായ വ്യക്തിയാണ്.
വിൽഡേഴ്സിന്റെ മേൽക്കൈ
കഴിഞ്ഞ നാലു തവണയായി അധികാരത്തിലിരുന്ന മാർക്ക് റട്ടെയുടെ പീപ്പിൾസ് പാർട്ടി ഫോർ ഫ്രീഡം ആൻഡ് ഡമോക്രസിക്കു കഴിഞ്ഞ തവണത്തേക്കാൾ 10 സീറ്റ് കുറഞ്ഞ് 24 സീറ്റേ ലഭിച്ചുള്ളൂ. ലേബർ പാർട്ടി, ഗ്രീൻ പാർട്ടി സഖ്യം 25 സീറ്റ് നേടി. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ മറ്റു കക്ഷികളുമായി ചേർന്നു സർക്കാരുണ്ടാ ക്കാനുള്ള ശ്രമത്തിലാണു വിൽഡേഴ്സ്. എന്നാൽ ഇതത്ര എളുപ്പമല്ല. 2021ലെ പൊതുതിരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിച്ച് 9 മാസത്തിനു ശേഷമാണു
നാലു കക്ഷികൾ േചർന്നു സഖ്യസർക്കാരുണ്ടാക്കിയത്. ഇസ്‍ലാം, യൂറോപ്യൻ യൂണിയൻ, കുടിയേറ്റം എന്നിവയ്ക്കെതിരായ നിലപാടുള്ളയാളാണ് 60–കാരനായ ഗീർട് വിൽഡേഴ്സ്. 2004 മുതൽ മുഴുവൻ സമയ പൊലീസ് സുരക്ഷാവലയത്തിനുള്ളിൽ ജീവിക്കുന്ന വിൽഡേഴ്സ് തന്റെ ഇസ്‌ലാം വിരുദ്ധ നിലപാടുകൾ മയപ്പെടുത്താൻ തയാറായിട്ടുണ്ടെങ്കിലും അദ്ദേഹത്തോടൊപ്പം സർക്കാരുണ്ടാക്കാൻ എത്ര കക്ഷികൾ തയാറാകുമെന്ന് ഇപ്പോഴും വ്യക്തതയില്ല. അതേ സമയം, ആകെ വോട്ടിൽ 25 ശതമാനവും ലഭിച്ച വിൽഡേഴ്സിന്റെ ഫ്രീഡം പാർട്ടിയെ പൂർണമായും അവഗണിക്കാനും മറ്റു പാർട്ടികൾക്കാകില്ല. 1963ൽ ജനിച്ച വിൽഡേഴ്സിന്റെ മാതാവ് ഇന്തൊനീഷ്യൻ ബന്ധമുള്ളയാളാണ്. ഒരു സഹോദരനും രണ്ടു സഹോദരിമാരുമുണ്ട്. 1992ൽ ഹംഗേറിയൻ നയതന്ത്രജ്ഞ ക്രിസ്റ്റീന മർഫായിയെ വിൽഡേഴ്സ്
വിവാഹം കഴിച്ചു.
ഡച്ചുകാർ അഥവാ ലന്തക്കാർ
തുലീപ് ഉദ്യാനങ്ങളുടെയും കാറ്റാടിപ്പാടങ്ങളുടെയും കനാലുകളുടെയും നാടായ നെതർലൻഡ്സ് വടക്കുപടിഞ്ഞാറൻ യൂറോപ്യൻ രാജ്യമാണ്. 12 പ്രവിശ്യകൾ ചേരുന്ന രാജ്യത്തിന്റെ തലസ്ഥാനം ആംസ്റ്റർഡാമാണ്. കിഴക്കു ജർമനിയുമായും തെക്കു ബെൽജിയവുമായും അതിരു പങ്കിടുന്ന നെതർലൻഡ്സിന്റെ മറ്റു രണ്ടു ദിക്കുകളും നോർത്ത് കടലാണ്. പണ്ട് ഹോളണ്ട് എന്നും അറിയപ്പെട്ടിരുന്ന രാജ്യത്തിലെ ‘ഡച്ചുകാർ’ എന്നു വിളിപ്പേരുള്ള ജനങ്ങളെ പുരാതന കേരളത്തിലെ ജനങ്ങൾ ‘ലന്തക്കാർ’ എന്നാണു വിളിച്ചിരുന്നത്. പറങ്കികൾ എന്നു വിളിപ്പേരുണ്ടായിരുന്ന പോർച്ചുഗീസുകാർക്കു പിന്നാലെ കേരളത്തിലെത്തിച്ചേർന്ന യൂറോപ്പിലെ സാമ്രാജ്യത്വ ശക്തികളായിരുന്നു ഡച്ചുകാർ. എൻ.എസ്.മാധവൻ എഴുതിയ ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ’ എന്ന നോവലിലൂടെ മലയാള സാഹിത്യത്തിലും ഡച്ചുകാർ അടയാളപ്പെടുത്തപ്പെട്ടു.