ADVERTISEMENT

ഹൈസ്കൂൾ അധ്യാപക (മലയാളം) തസ്തികയിലേക്കു പിഎസ്‌സി നടത്തിയ പരീക്ഷയിലെ അഞ്ചാം റാങ്കിന് ഇത്തവണ ഒന്നാം റാങ്കിനെക്കാൾ തിളക്കമുണ്ട്. കണ്ണൂർ പയ്യന്നൂർ കോറോം സ്വദേശി ദിവ്യയാണ് അഞ്ചാം റാങ്കിന്റെ അവകാശി. പേരു സൂചിപ്പിക്കും പോലെ ‘ദിവ്യം’ തന്നെയാണ് ദിവ്യയുടെ ഈ റാങ്ക് നേട്ടം.

അച്ഛൻ കുടുംബം ഉപേക്ഷിച്ചുപോയതോടെ തന്നെ വളർത്താൻ പെടാപ്പാടുപെടുന്ന അമ്മയുടെ കണ്ണീരു കണ്ടായിരുന്നു ദിവ്യയുടെ ബാല്യം. പഠിക്കാൻ പുസ്തകമെടുക്കുമ്പോഴെല്ലാം മനസ്സിൽ അമ്മയുടെ സങ്കടമെത്തും. ആ സങ്കടക്കണ്ണീർ പഠനത്തിന് ഊർജമായി. അതുകൊണ്ടുതന്നെ തെല്ലും ഉഴപ്പാതെ, വാശിയോടെ പഠിച്ചു. താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപികയായി ജോലിക്കു പോകുന്നതിനിടയിലും സർക്കാർ സർവീസ് എന്ന ലക്ഷ്യം അകന്നില്ല. സ്ഥിര വരുമാനമുണ്ടെങ്കിലേ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയൂ എന്ന അമ്മ പകർന്ന തിരിച്ചറിവും പരീക്ഷയെ നേരിടാൻ ശക്തി നൽകി. അഞ്ചു വർഷത്തെ നിരന്തര പരിശ്രമം. ഒടുവിൽ ആ കണ്ണീരും കാത്തിരുപ്പും ദിവ്യയെ പിഎസ്‌സി നടത്തിയ എച്ച്എസ്ടി മലയാളം പരീക്ഷയിൽ അഞ്ചാം റാങ്കുകാരിയാക്കി.

സർക്കാർ ജോലി തന്നെ വേണമെന്നു വാശി തോന്നാൻ കാരണം എന്തായിരുന്നു?

അമ്മ കൂലിപ്പണി ചെയ്താണ് പഠിപ്പിച്ചത്. ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ഭാരപ്പെട്ടുള്ള ജോലികളാണ് അമ്മ ചെയ്തിരുന്നത്. അമ്മയുടെ നിസ്സഹായാവസ്ഥയും സങ്കടവും കണ്ടാണ് വളർന്നത്. അതുകൊണ്ട് നന്നായി പഠിക്കുമായിരുന്നു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ നിന്ന് മലയാളത്തിൽ ഡിഗ്രിയും പിജിയും പൂർത്തിയാക്കിയ ശേഷം കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ബിഎഡ് കോഴ്സിനു ചേർന്നു. ആ സമയത്തായിരുന്നു വിവാഹം.

ഭർത്താവ് പ്രമോദ് കുന്നരു എൽ പി സ്കൂൾ അധ്യാപകനാണ്. അദ്ദേഹമാണ് എംഎഡ് എടുക്കാൻ പ്രേരിപ്പിച്ചത്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നു ഒന്നാം ക്ലാസോടെ എംഎഡ് നേടിയ ശേഷം കെടെറ്റ്, സെറ്റ്, നെറ്റ് യോഗ്യതാപരീക്ഷകളും പാസായി. തുടർന്ന് താൽക്കാലിക ജോലിയിൽ പ്രവേശിച്ചെങ്കിലും അതിൽ നിന്നുള്ള വരുമാനം തികയാതെയായി. അങ്ങനെയാണ് സ്ഥിരവരുമാനമുള്ള ജോലി വേണമെന്നു തീരുമാനിച്ച് പിഎസ്‌സി പരീക്ഷയെഴുതാൻ തീരുമാനിച്ചത്.

ഭാര്യ, 2 കുട്ടികളുടെ അമ്മ.. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾക്കിടയിൽ എങ്ങനെയാണ് പഠനത്തിനു സമയം കണ്ടെത്തിയത്?

പുലർച്ചെ 4 മുതൽ ആറു വരെ പഠിക്കും. അതുകഴിഞ്ഞാണ് അടുക്കള ജോലികൾ. ഒൻപതു മണിയോടെ തൊട്ടടുത്തുള്ള അന്നൂർ സഞ്ജയൻ സ്മാരക വായനശാലയിലേക്ക് പോകും. അവിടെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കൃത്യമായ പഠനം. ശേഷം വീട്ടിൽ വന്നു ബാക്കി വീട്ടുകാര്യങ്ങൾ പൂർത്തിയാക്കും. രാത്രി ഒൻപതു മുതൽ പഠനം വീണ്ടും ആരംഭിക്കും. അത് 11 വരെ നീളും.

സ്ത്രീകൾ ഏറ്റവുമധികം സമയം ചെലവഴിക്കുന്നത് അടുക്കളയിലാണ്. അവിടെയും പഠിക്കാനുള്ള അവസരമുണ്ട്. പഠിക്കാനുള്ളവ പോയിന്റ്സാക്കി ചെറിയ പേപ്പറുകളിൽ എഴുതി ചുമരിൽ പതിപ്പിക്കും. ഇടയ്ക്ക് അവ നോക്കി പഠിക്കും. കൂടാതെ ചോദ്യോത്തരങ്ങളുടെ ഓഡിയോ അടുക്കള ജോലിക്കിടെ മൊബൈലിലൂടെ കേൾക്കും. കൂടാതെ പഠനത്തിൽ പോസിറ്റീവ് ചിന്താഗതിയുള്ള കൂട്ടുകാരെ സ്വീകരിക്കാനും ശ്രദ്ധിച്ചിരുന്നു.

സ്വയംപഠനമാണോ കംബൈൻഡ് സ്റ്റഡിയാണോ ഉയർന്ന സ്കോർ നേടാൻ സഹായിച്ചത്?

കൂട്ടുകാരികളോടോത്തുള്ള കംബൈൻഡ് സ്റ്റഡിയും പരസ്പരം ചോദ്യങ്ങൾ ചോദിച്ചു കൊണ്ടുള്ള സൗഹൃദ സംഭാഷണങ്ങളും ഏറെ പ്രയോജനപ്പെടുത്തിയിരുന്നു. കൂട്ടുകാരാണെങ്കിലും പരസ്പരം വാശിയോടെയാണ് ഞങ്ങൾ പഠിച്ചത്. ആദ്യത്തെ 10 റാങ്കിൽ ഇടം നേടുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സൗഹൃദത്തോടൊപ്പം അറിവും പങ്കുവയ്ക്കുകയായിരുന്നു ഞങ്ങളുടെ പഠനരീതി. പഠിച്ച കാര്യങ്ങൾ മറന്നു പോകാതിരിക്കുകയാണ് പ്രധാനം. അതിനു റിവിഷൻ ചെയ്തുകൊണ്ടേയിരിക്കണം. റിവിഷൻ ഒരാൾ സ്വയം ചെയ്യേണ്ടതാണ്.

പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുക്കുന്നവരോട് എന്താണ് പറയാനുള്ളത്?

പിഎസ്‌സി പരീക്ഷയ്ക്ക് കുറുക്കു വഴികളില്ല. നന്നായി അധ്വാനിക്കുക. അതിനുള്ള മനസ് ഉണ്ടാക്കിയെടുക്കുക. സമയമില്ല എന്ന് പരിതപിക്കുന്നവരോട് പറയാനുള്ളത് സമയം നമുക്കായി വരില്ല, സമയം നമ്മൾ കണ്ടെത്തുകയാണ് വേണ്ടത്. സിലബസ് അനുസരിച്ചുള്ള കൃത്യമായ പഠനം വിജയത്തിലേക്ക് ഉറപ്പായും നയിക്കും.

English Summary:

HST Rank Holder divya Interview Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com