SSC-CGL വിജ്ഞാപനം: കേന്ദ്ര സർവീസിൽ ബിരുദക്കാർക്ക് 17,727 അവസരം
Mail This Article
കേന്ദ്ര സർവീസിലെ വിവിധ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്‌തികകളിലെ ഒഴിവുകളിലേക്ക് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് ജൂലൈ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
ബിരുദധാരികൾക്കാണ് അവസരം. കേന്ദ്ര സർക്കാരിനു കീഴിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാണു നിയമനം. 17,727 ഒഴിവ് പ്രതീക്ഷിക്കുന്നു. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. ഒന്നാം ഘട്ട പരീക്ഷ (ടയർ 1) സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിലും രണ്ടാം ഘട്ടം (ടയർ 2) ഡിസംബറിലും നടത്തും.
യോഗ്യത:
∙ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ: സ്‌റ്റാറ്റിസ്‌റ്റിക്‌സ് പ്രധാന വിഷയങ്ങളിലൊന്നായി പഠിച്ച ഏതെങ്കിലും ബിരുദം. അല്ലെങ്കിൽ പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്‌സ് 60% മാർക്കോടെ നേടിയശേഷം ഏതെങ്കിലും വിഷയത്തിൽ ബിരുദം.
∙സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2: സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഒരു വിഷയമായി പഠിച്ച ഏതെങ്കിലും ബിരുദം. ബിരുദപഠനത്തിന്റെ മൂന്നു വർഷവും സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
∙റിസർച് അസിസ്റ്റന്റ് ഇൻ നാഷനൽ ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ: അംഗീകൃത ബിരുദം, ഒരു വർഷ റിസർച് പരിചയം, നിയമം/ഹ്യൂമൻ റൈറ്റ്സ് ബിരുദം അഭിലഷണീയം
∙മറ്റു തസ്തികകളിൽ ഏതെങ്കിലും അംഗീകൃത സർവകലാശാല ബിരുദം/തത്തുല്യം.
∙അപേക്ഷാഫീസ്: 100 രൂപ. ഓൺലൈനായി ഫീസ് അടയ്‌ക്കണം. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചും ഫീസടയ്‌ക്കാം. നിർദേശങ്ങൾ വെബ്‌സൈറ്റിലുണ്ട്. വനിതകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും ഫീസില്ല.
∙കേരള, കർണാടക റീജനിലെ (KKR) പരീക്ഷാകേന്ദ്രങ്ങളും കോഡുകളും: എറണാകുളം (9213), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212), തിരുവനന്തപുരം (9211)
കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ
അഥവാ മിനി സിവിൽ സർവീസ്
കേന്ദ്ര നിയമനങ്ങൾക്കായി സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) സംഘടിപ്പിക്കുന്ന പരീക്ഷകളിൽ ‘മിനി സിവിൽ സർവീസ്’ എന്നു വിശേഷിപ്പിക്കപ്പെടുന്നതാണു കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സിജിഎൽ). ബിരുദം അടിസ്ഥാന യോഗ്യതയായ ഈ മത്സരപ്പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്നവരെ കേന്ദ്ര സർവീസിലെ സുപ്രധാന വകുപ്പുകളിലെ തസ്തികകളാണു കാത്തിരിക്കുന്നത്.
ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് ഡിപ്പാർട്മെന്റ്, സെൻട്രൽ സെക്രട്ടേറിയറ്റ്, റെയിൽവേ, വിദേശകാര്യ മന്ത്രാലയം, ഇന്റലിജൻസ് ബ്യൂറോ, കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്, കേന്ദ്ര പരോക്ഷ നികുതി ബോർഡ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലാണു സിജിഎൽ വഴി നിയമനം.
പരീക്ഷ 2 ഘട്ടമായി
നേരത്തേ 4ഘട്ടങ്ങൾ (4 Tier) നീളുന്ന ദൈർഘ്യമേറിയ കടമ്പയായിരുന്നു കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ. എന്നാല്‍, ഇപ്പോൾ 2 ഘട്ട പരീക്ഷയായി (ടയർ 1, ടയർ 2 ) തിരഞ്ഞെടുപ്പു പ്രക്രിയ ലഘൂകരിച്ചു.
ടയർ വൺ പരീക്ഷയിൽ ഇംഗ്ലിഷ് കോംപ്രിഹെൻഷൻ, ജനറൽ അവയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് എന്നീ വിഭാഗങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും (ആകെ 200 മാർക്ക്). ഒബ്ജെക്ടീവ് മാതൃകയിലാണു പരീക്ഷ. നെഗറ്റീവ് മാർക്കുണ്ട് (ഓരോ തെറ്റായ ഉത്തരത്തിനും 0.50 മാർക്ക്). ഒരു മണിക്കൂറാണ് പരീക്ഷാദൈർഘ്യം. അംഗപരിമിതർക്ക് 80 മിനിറ്റ് വരെ സമയമനുവദിക്കും.
ഒന്നാം ഘട്ട പരീക്ഷയിൽനിന്നു ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കു ടയർ-2 പരീക്ഷ നടത്തും. ടയർ-2 പരീക്ഷയിലെ മാർക്കിന്‍റെ മാത്രം അടിസ്ഥാനത്തിലാണു മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നത്. പേപ്പർ I, പേപ്പർ II എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണു ടയർ–2 പരീക്ഷ. പേപ്പർ I എല്ലാ തസ്തികകളിലെയും അപേക്ഷകർക്കു ബാധകമാണ്. പേപ്പർ II സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിലെ ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ (ജെഎസ്ഒ) തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്കു മാത്രം.
തസ്തികകളുടെ വിശദാംശങ്ങൾ, ശാരീരികയോഗ്യത, പരീക്ഷകളുടെ വിശദമായ സിലബസ് തുടങ്ങിയവ വെബ്‌സൈറ്റിൽ: https://ssc.gov.in