പൊതുമേഖലയിൽ പെൻഷൻ പ്രായം ഉയർത്തിത്തുടങ്ങി

HIGHLIGHTS
  • വിരമിക്കൽ പ്രായം 60 ആക്കുന്നത് ഉദ്യോഗാർഥികൾക്കു തിരിച്ചടി
teacher 00
SHARE

തൊഴിലന്വേഷകരിൽ ആശങ്ക ഉയർത്തി പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം നീട്ടാനുള്ള നീക്കവുമായി സർക്കാർ. സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങിൽ (സി–ആപ്റ്റ്) വിരമിക്കൽ പ്രായം രണ്ടു വർഷം ഉയർത്തി സർക്കാർ ഉത്തരവിറങ്ങി. ഈ മാതൃകയിൽ ബവ്റിജസ് കോർപറേഷൻ, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെഎസ്എഫ്ഇ), അനർട്ട് എന്നിവിടങ്ങളിൽക്കൂടി വിരമിക്കൽ പ്രായം ഉയർത്താൻ നീക്കം ആരംഭിച്ചു കഴിഞ്ഞു. വിരമിക്കൽ പ്രായം 58 വയസ്സിൽനിന്ന് 60 ആക്കുന്നത് ഉദ്യോഗാർഥികൾക്കു വലിയ തിരിച്ചടിയാകും.

ലക്ഷങ്ങൾക്കു നിരാശ

നൽകി പ്രായം കൂട്ടൽ

സി–ആപ്റ്റിൽ മേയ് 31നു വിരമിക്കാനിരുന്ന 35 പേർക്കുവേണ്ടിയാണ് അടിയന്തരമായി തീയതി നീട്ടിയതെന്നാണു വിവരം. എന്നാൽ, മറ്റു പല പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കൽ പ്രായം 60 ആണെന്നും സമാന മാതൃകയിൽ ഇവിടെയും ഉയർത്തുകയായിരുന്നു എന്നുമാണു സ്ഥാപനത്തിന്റെ ചെയർപഴ്സൺ കൂടിയായ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ വിശദീകരണം. സമാനരീതിയിൽ പല പൊതുമേഖലാ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം ഉയർത്തുമ്പോൾ അടുത്ത രണ്ടു വർഷത്തിനിടെ ഉണ്ടാകാൻ ഇടയുള്ള ഒഴിവുകൾ നഷ്ടപ്പെടും. കെഎസ്എഫ്ഇയിലെയും ബവ്റിജസ് കോർപറേഷനിലെയും നിയമനങ്ങൾ പിഎസ്‌സിക്കു വിട്ടതാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് ഗ്രേഡ് തസ്തികയിലേക്ക് ലക്ഷക്കണക്കിന് ഉദ്യോഗാർഥികളാണ് അപേക്ഷിക്കാറുള്ളത്.

ഉന്നത തസ്തികയിൽ

70 വയസ്സുവരെ

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ എന്നിവയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, സെക്രട്ടറി, മാനേജിങ് ഡയറക്ടർ എന്നീ തസ്തികയിൽ ജോലി ചെയ്യുന്നവരുടെ പ്രായപരിധിയും സർക്കാർ ഉയർത്തിയിരുന്നു. ഈ തസ്തികകളിൽ 56 വയസ്സിൽ വിരമിക്കേണ്ടവർ ഇനി മുതൽ പൊതുമേഖലാ സ്ഥാപനത്തിൽ ആണെങ്കിൽ 65 വയസ്സിലും സർക്കാർ നിയന്ത്രിത കോർപറേഷൻ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനം എന്നിവിടങ്ങളിൽ 70 വയസ്സിലും വിരമിച്ചാൽ മതി.

പിഎസ്‌സിക്കു വിടാതെ

സ്ഥാപനങ്ങൾ ഏറെ

പല പൊതുമേഖല സ്ഥാപനങ്ങളിലെയും പൂർണമായ നിയമനങ്ങൾ ഇപ്പോഴും പബ്ലിക് സർവീസ് കമ്മിഷനു വിട്ടിട്ടില്ല. സ്പെഷൽ റൂൾസ് തയാറാക്കാത്തതു കൊണ്ടാണിത്. ഇത്തരം സ്ഥാപനങ്ങളിൽ അടിയന്തരമായി സ്പെഷൽ റൂൾസ് ഉണ്ടാക്കുമെന്നു സർക്കാർ പറയാൻ തുടങ്ങിയിട്ടു വർഷങ്ങളായി. പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കെയാണു ഉള്ള ഒഴിവുകൾകൂടി നഷ്ടമാകുന്നത്. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56ൽനിന്ന് 57 ആക്കി ഉയർത്തണമെന്നു ഭരണ പരിഷ്കരണ കമ്മിഷൻ ശുപാർശ ചെയ്തെങ്കിലും അതു നടപ്പാക്കിയില്ല. ഇതിനിടെയാണു പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം നീട്ടുന്നത് വ്യാപകമാക്കാൻ സർക്കാർ ശ്രമിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS