ADVERTISEMENT

പിഎസ്‌സി നിയമന വ്യവസ്ഥകളും സ്ഥാനക്കയറ്റം, തസ്തികകളുടെ പേര് തുടങ്ങിയവയും പരിഷ്കരിക്കാൻ ഒരുങ്ങി വൈദ്യുതി ബോർഡ്.

കമ്പനിയായതുമായി ബന്ധപ്പെട്ടാണു വ്യവസ്ഥകൾ മാറ്റി ചട്ടങ്ങൾ തയാറാക്കിയത്. പിഎസ്‌സി പരിശോധനയ്ക്കുശേഷം ചട്ടം അംഗീകരിച്ചു സർക്കാർ വിജ്ഞാപനം ഇറക്കുന്നതോടെ പുതിയ വ്യവസ്ഥകൾ നിലവിൽ വരും. ‘കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് കമ്പനി സർവീസ് റൂൾസ് 2022’ എന്നാണു ചട്ടം അറിയപ്പെടുക.

റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷമാക്കുക, ഒഴിവുകൾ എല്ലാ വർഷവും ഏപ്രിൽ ഒന്നിനു മുൻപു റിപ്പോർട്ട് ചെയ്യുക, റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ ഉണ്ടാകുന്ന ഒഴിവുകൾ അതേ ലിസ്റ്റിൽനിന്നു നികത്തുക തുടങ്ങി പിഎസ്‌സി നിയമനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന നിർദേശങ്ങൾ ചട്ടത്തിലുണ്ട്. വിവിധ തസ്തികകളുടെ പേരു മാറ്റും. ചീഫ് എൻജിനീയർ ചീഫ് ജനറൽ മാനേജരാകും. അസി. എൻജിനീയർ അസോഷ്യേറ്റ് എൻജിനീയറും സബ് എൻജിനീയർ സീനിയർ ടെക്നിക്കൽ സൂപ്പർവൈസറും ഓവർസിയർ ടെക്നിക്കൽ സൂപ്പർവൈസറും വർക്കർ ജൂനിയർ ടെക്നീഷ്യനുമാകും.

 

ചട്ടത്തിലെ പ്രധാന വ്യവസ്ഥകൾ:

നേരിട്ടുള്ള നിയമനം

∙ഒഴിവു വരുന്ന തസ്തികയിൽ ഓരോ വർഷവും റിക്രൂട്മെന്റ് നടത്തും. റാങ്ക് ലിസ്റ്റിന്റെ കാലാവധി, പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു വർഷമായിരിക്കും.

∙അടുത്ത കലണ്ടർ വർഷത്തെ ഒഴിവുകൾ കണക്കാക്കി ഓരോ വർഷവും ഏപ്രിൽ 1നു മുൻപു പിഎസ്‌സിയെ അറിയിക്കും.

∙പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കുമ്പോൾ ഒഴിവുകൾ അതേ ലിസ്റ്റിൽനിന്നു നികത്തണം.

∙നിശ്ചിത ശതമാനം ഒഴിവുകൾ അന്തർ ജില്ലാ സ്ഥലംമാറ്റത്തിനും ആശ്രിതനിയമനത്തിനും സ്പോർട്സ് ക്വോട്ടയിൽ നിയമിക്കുന്നവരെ സ്ഥിരപ്പെടുത്താനും മാറ്റിവയ്ക്കും.

∙പ്രസവാവധിയിലൂടെ വരുന്നവ ഒഴികെ 6 മാസമോ അതിനു മുകളിലോ ഉള്ള ഒഴിവുകൾ പിഎസ്‌സിയെ അറിയിക്കും.

∙ജില്ലാതലത്തിൽ നിയമിക്കപ്പെടുന്നവർ അതതു ജില്ലയിൽ 5 വർഷമെങ്കിലും ജോലി ചെയ്യണം.

∙സർവീസ് ആരംഭിച്ച് 5 വർഷത്തിനുള്ളിൽ ജില്ല വിട്ടു സ്ഥലംമാറ്റ അപേക്ഷ പരിഗണിക്കില്ല.

∙പ്രമോഷൻ ഒഴികെ സംസ്ഥാനാടിസ്ഥാനത്തിൽ സീനിയോറിറ്റി ലിസ്റ്റ് സൂക്ഷിക്കുന്ന കേസുകളിൽ ഉൾപ്പെടെ അന്തർജില്ലാ സ്ഥലംമാറ്റം വഴി സീനിയോറിറ്റി നഷ്ടപ്പെടും.

∙ഒരു വർഷം വരുന്ന ഒഴിവുകളുടെ 10 ശതമാനമേ അടുത്ത 5 വർഷത്തിനുശേഷമുള്ള അന്തർജില്ലാ മാറ്റത്തിലൂടെ നികത്തൂ.

∙അന്തർജില്ലാ മാറ്റം അവകാശവാദമായി ഉന്നയിക്കാൻ കഴിയില്ല.

∙അന്തർജില്ലാ സ്ഥലംമാറ്റം ലഭിക്കുന്നവർക്ക് വരുന്ന ജില്ലയിൽ അതേ സർവീസ് ഉള്ളതോ സീനിയറായോ ആയ ജീവനക്കാരെക്കാൾ ഒരു മെച്ചവും ലഭിക്കില്ല.

∙സ്ഥലംമാറ്റം ലഭിക്കുന്ന ജീവനക്കാർ അതേ തസ്തികയിലെ ഏറ്റവും ജൂനിയറിന്റെ ജൂനിയറായി പരിഗണിക്കപ്പെടും.

∙പിഎസ്‌സി മുഖേന യഥാർഥ നിയമനം ലഭിച്ച തസ്തികയിലെ അഡ്വൈസ് തീയതി മാത്രമേ സീനിയോറിറ്റി നിർണയിക്കാൻ കണക്കാക്കൂ.

പ്രവേശന നിബന്ധനകൾ

∙ഉത്തരവു ലഭിച്ച് 15 ദിവസത്തിനകം ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ നിയമനം റദ്ദാക്കും.

∙ഉദ്യോഗാർഥിയുടെ അപേക്ഷയിൽ നിയമനാധികാരിക്കു 45 ദിവസംവരെ പ്രവേശനകാലം നീട്ടാം.

∙ഏതെങ്കിലും കോഴ്സിനു പഠിക്കുകയോ പരിശീലനത്തിലോ ഉള്ളവർക്ക് അതു പൂർത്തീകരിക്കാൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർക്കു നിയമന ഉത്തരവ് തീയതി 3 മാസത്തേക്കു നീട്ടി നൽകാം.

∙45 ദിവസം കഴിഞ്ഞ് പ്രവേശനകാലം നീട്ടേണ്ടവർ നിയമനം ലഭിച്ച് 45 ദിവസത്തിനകം നിയമനാധികാരി വഴി CMDക്ക് അപേക്ഷ നൽകണം.

∙നിയമന ഉത്തരവു തീയതി മുതൽ 3 മാസ കാലപരിധിക്കപ്പുറത്തേക്കു പ്രവേശനകാലം ദീർഘിപ്പിക്കാനുള്ള അപേക്ഷ പരിഗണിക്കില്ല.

പ്രബേഷൻ രീതി

∙ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ പ്രബേഷനിലായിരിക്കും.

∙നേരിട്ടു നിയമനം ലഭിക്കുന്നവർ തുടർച്ചയായ 3 വർഷത്തിനുള്ളിൽ 2 വർഷ സേവനം പൂർത്തിയാക്കണം.

∙സ്ഥാനക്കയറ്റം വഴിയാണു നിയമനമെങ്കിൽ തുടർച്ചയായ 2 വർഷത്തിനുള്ളിൽ ഒരു വർഷ സേവനം പൂർത്തിയാക്കണം.

∙ഓഫിസർ കാറ്റഗറിയിലേക്ക് നേരിട്ടു നിയമനം ലഭിക്കുന്നവരും ഓഫിസർ തസ്തികയിലേക്കു പ്രമോഷൻ ലഭിച്ചു വരുന്ന വർക്‌മെൻ വിഭാഗക്കാരും പ്രബേഷൻ പൂർത്തിയാക്കാൻ അക്കൗണ്ട് ടെസ്റ്റ് (ലോവർ), എക്സിക്യൂട്ടീവ്/മിനിസ്റ്റീരിയൽ വിഭാഗം ഓഫിസർമാർക്കു നിശ്ചയിച്ചിട്ടുള്ള ഡിപ്പാർട്മെന്റ് ടെസ്റ്റ് ജയിക്കണം. ജൂനിയർ അസിസ്റ്റന്റ്/ലീഗൽ അസിസ്റ്റന്റ്/ജൂനിയർ അക്കൗണ്ടന്റ് തസ്തികകളിൽ നേരിട്ടു നിയമനം ലഭിക്കുന്നവരും പ്രബേഷൻ പൂർത്തിയാക്കാൻ അക്കൗണ്ട് ടെസ്റ്റ് ലോവറും മിനിസ്റ്റീരിയൽ ജീവനക്കാർക്കുള്ള ഡിപ്പാർട്ട്മെന്റ് ടെസ്റ്റും ജയിക്കണം.

ആശ്രിതനിയമനം

∙സർവീസിലിരിക്കെ മരിച്ച ജീവനക്കാരുടെ ആശ്രിതർക്ക് ഒരു വർഷം ഉണ്ടാകുന്ന ഒഴിവിന്റെ 10 ശതമാനത്തിൽ കൂടാത്തവിധം ഡയറക്ടർ ബോർഡ് നികത്തും.

∙മൾട്ടി ടാസ്കിങ് സ്റ്റാഫ് ഗ്രൂപ്പ് I & II കാറ്റഗറി 3 (100% ആശ്രിത നിയമനം), ജൂനിയർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ), ജൂനിയർ ടെക്നിക്കൽ സൂപ്പർവൈസർ (ഇലക്ട്രിക്കൽ/സിവിൽ/ഇസി/ഐടി/ജൂനിയർ പ്രോഗ്രാമർ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ജൂനിയർ പഴ്സനേൽ അസിസ്റ്റന്റ്/ജൂനിയർ ലീഗൽ അസിസ്റ്റന്റ്, ജൂനിയർ അക്കൗണ്ടന്റ് അസിസ്റ്റന്റ്/ജൂനിയർ ഓഡിറ്റിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ആശ്രിതനിയമനം നടത്തുക.

∙നേരിട്ടുള്ള നിയമനത്തിന്റെ തസ്തികകൾക്കു നിഷ്കർഷിച്ച വിദ്യാഭ്യാസ യോഗ്യത ആശ്രിതനിയമനത്തിനും ബാധകമായിരിക്കും. പ്രായപരിധിയിൽ കാലാകാലങ്ങളിൽ ഡയറക്ടർ ബോർഡിന് ഇളവ് നൽകാവുന്നതാണ്.

∙ഒരു ആശ്രിതനേ ഈ ചട്ടപ്രകാരം നിയമനം ലഭിക്കൂ. കേന്ദ്ര/സംസ്ഥാന സർക്കാരിലെ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ദേശസാൽകൃത ബാങ്കിലോ ജോലി ചെയ്യുന്നവരെ ആശ്രിതനിയമന വ്യവസ്ഥിലേക്കു പരിഗണിക്കില്ല.

∙വിധവ/വിഭാര്യൻ, മകൻ, മകൾ എന്നിവരൊഴികെ ആരെയും ആശ്രിതരായി പരിഗണിക്കില്ല. വിവാഹിതരായ മകൻ/മകൾ എന്നിവരും ആശ്രിതനിയനത്തിന് അർഹരായിരിക്കും.

∙മരിച്ച അവിവാഹിത ജീവനക്കാരുടെ അമ്മ, അച്ഛൻ, വിവാഹം കഴിക്കാത്ത സഹോദരൻ, വിവാഹം കഴിക്കാത്ത സഹോദരി എന്ന ക്രമത്തിൽ ആശ്രിതരായി പരിഗണിക്കും.

∙മരണസമയത്തോ തൊട്ടുമുൻപുള്ള വർഷമോ മരിച്ചയാൾക്കോ കുടുംബത്തിനോ ഉള്ള വാർഷികവരുമാനം ബോർഡ് നിശ്ചയിക്കുന്ന പരിധി കടന്നാൽ നിയമനം നൽകില്ല. പൊതുമേഖലാ സ്ഥാപനങ്ങൾക്കായി സർക്കാർ നിശ്ചയിക്കുന്ന ഉയർന്ന പരിധി ബോർഡിനും ബാധകമാണ്.

ഭിന്നശേഷി സംവരണം

∙നിശ്ചിത തസ്തികകളിൽ ഓരോ വർഷവും കേഡർ സ്ട്രങ്തിൽ ഉണ്ടാകുന്ന ഒഴിവിന്റെ 4% ഭിന്നശേഷി വിഭാഗക്കാർക്കായി നികത്തും.

∙മൾട്ടി ടാസ്കിങ് സ്റ്റാഫ് നിയമനത്തിൽ അന്ധതയും കാഴ്ചക്കുറവും ബധിരരും ശ്രവണശേഷി കുറഞ്ഞവരും ചലനശേഷി നശ്ടപ്പെട്ടവർ ഓട്ടിസം ബുദ്ധിവൈകല്യം പ്രത്യേക പഠനവൈകല്യം, മാനസികരോഗം ഉള്ളവർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെ നിയമിക്കും.

∙നിശ്ചിത വൈകല്യമുള്ള ബധിരരും ശ്രവണശേഷി നഷ്ടപ്പെട്ടവരുമായ ഉദ്യോഗാർഥികളെ ജൂനിയർ അസിസ്റ്റന്റ്/ജൂനിയർ അക്കൗണ്ടന്റ്/ലീഗൽ അസിസ്റ്റന്റ് തസ്തികകളിൽ നിയമിക്കും.

∙പ്രബേഷൻ, പ്രമോഷൻ തുടങ്ങിയവയുടെ ചട്ടങ്ങളും മാനദണ്ഡങ്ങളും ഇതിനു നിശ്ചയിച്ച കാറ്റഗറികളിൽ നിയമിതരായ ഉദ്യോഗാർഥികൾക്കും ബാധകമായിരിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com