ADVERTISEMENT

സർക്കാർ മേഖലയിലെ തൊഴിലന്വേഷകർക്ക് ഏറെ പ്രതീക്ഷ നൽകിയാണു 2023 പിറന്നത്.

അടിസ്ഥാനവിദ്യാഭ്യാസം നേടിയവർക്കു മുതൽ ഉന്നതബിരുദങ്ങൾ നേടിയവർക്കുവരെ അപേക്ഷിക്കാവുന്ന ഒട്ടേറെ വിജ്ഞാപനങ്ങൾ പുതുവർഷത്തിൽ വന്നുകഴിഞ്ഞു. സർവകലാശാലാ ലാസ്റ്റ് ഗ്രേഡ് മുതൽ പ്ലാനിങ് ബോർഡിലെ ചീഫ് വരെയുള്ള വൈവിധ്യമാർന്ന വിജ്ഞാപനങ്ങൾ ഇക്കൂട്ടത്തിലുണ്ട്.

സേനാവിഭാഗ തസ്തികകളായ സിവിൽ പൊലീസ് ഓഫിസർ, വനിതാ സിവിൽ പൊലീസ് ഓഫിസർ, എസ്ഐ തുടങ്ങിവയിലേക്കും ഇപ്പോൾ അപേക്ഷിക്കാം.

അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ, എച്ച്എസ്ടി ഹിന്ദി, സർവേയർ ഗ്രേഡ്–2, അസി. പബ്ലിക് പ്രോസിക്യൂട്ടർ, എൽഡി ടൈപ്പിസ്റ്റ്, സെക്രട്ടേറിയറ്റ് കംപ്യൂട്ടർ അസിസ്റ്റന്റ്, ഡെയറി ഫാം ഇൻസ്ട്രക്ടർ തുടങ്ങി ഇരുനൂറിലധികം തസ്തികകളിലേക്ക് അപേക്ഷാസമർപ്പണം തുടരുകയുമാണ്. 2022ൽ പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങളുടെ പരീക്ഷകൾ ഇക്കൊല്ലം നടക്കുന്നതിനാൽ, കൃത്യമായ പരിശീലനം നടത്തി പരീക്ഷയെ നേരിടുന്നവർക്ക് വലിയ അവസരങ്ങളുടെ വർഷമാണിത്.

 

പുതിയ പരിഷ്കാരവർഷം

2023 ജനുവരി 1 മുതൽ പുതിയ ചില പരിഷ്കാരങ്ങൾ നടപ്പാക്കാൻ പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. അപേക്ഷിക്കുന്ന സമയത്തുതന്നെ പരിചയ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുക, നിയമനപരിത്യാഗത്തിന് (റിലിൻക്വിഷ്മെന്റ്) പ്രത്യേക സത്യവാങ്മൂലം നൽകുക, അപേക്ഷകൾ പ്രൊഫൈൽ വഴി മാത്രം നൽകുക എന്നിവയാണിവ. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതബുദ്ധി) സാങ്കേതികവിദ്യ ഉപയോഗിക്കാനും ധാരണയായിട്ടുണ്ട്.

 

ഇനി എല്ലാം പ്രൊഫൈലിൽ

വിവിധ ആവശ്യങ്ങൾക്കു പിഎസ്‌സിയിൽ നൽകുന്ന എല്ലാ അപേക്ഷകളും ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈൽ വഴി മാത്രമാക്കാനുള്ള തീരുമാനമാണ് 2023ലെ സുപ്രധാന മാറ്റങ്ങളിലൊന്ന്. 2023 മാർച്ച് 1 മുതൽ ഈ സംവിധാനം നടപ്പാക്കും. ജോലിക്ക് അപേക്ഷിക്കുന്നതുൾപ്പെടെ ചുരുക്കം ചില സേവനങ്ങൾ മാത്രമാണു പ്രൊഫൈൽ വഴി ഇപ്പോൾ ലഭിക്കുന്നത്.

എന്നാൽ, ഉത്തരക്കടലാസ് പുനഃപരിശോധന/ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷ, പരീക്ഷ/അഭിമുഖം/പ്രമാണപരിശോധന/നിയമനപരിശോധന എന്നിവയുടെ തീയതി മാറ്റത്തിനുള്ള അപേക്ഷ, തുളസി സോഫ്റ്റ്‌വെയറിൽ പുതിയ വിദ്യാഭ്യാസ യോഗ്യത കൂട്ടിച്ചേർക്കാനുള്ള അപേക്ഷ, സ്ക്രൈബിനുവേണ്ടിയുള്ള അപേക്ഷ, നിയമനപരിശോധനയ്ക്കു ഫീസ് അടയ്ക്കാനുള്ള സേവനം, ഉത്തരസൂചിക സംബന്ധിച്ച പരാതി സമർപ്പിക്കാനുള്ള അപേക്ഷ, മറ്റു പൊതുപരാതികൾ എന്നിവയെല്ലാം ഇനി പ്രൊഫൈൽ വഴിയായിരിക്കും.

നിലവിൽ ഇ–മെയിൽ/തപാൽ വഴിയാണ് ഇത്തരം അപേക്ഷകൾ സ്വീകരിക്കുന്നത്. പ്രൊഫൈൽ വഴി അപേക്ഷിക്കാനുള്ള സോഫ്റ്റ്‌വെയർ വരുന്നതോടെ അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ കഴിയും. അപേക്ഷയുടെ ഓരോ ഘട്ടത്തിലുമുള്ള പുരോഗതി അറിയാനും അവസരമുണ്ട്.

 

സർട്ടിഫിക്കറ്റ് അപ്‌ലോഡ്

2023 ജനുവരി 1 മുതലുള്ള വിജ്ഞാപനങ്ങളിൽ അപേക്ഷ സമർപ്പിക്കുമ്പോഴേ അസ്സൽ പരിചയ സർട്ടിഫിക്കറ്റ് അപ്‌ലോഡ് െചയ്യണം. ഈ നിബന്ധന മുൻപും ഉണ്ടായിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കിയിരുന്നു. പകരം ഇതു സംബന്ധിച്ച സത്യവാങ്മൂലം അപ്‌ലോഡ് ചെയ്താൽ മതിയായിരുന്നു. ഈ ഇളവാണു പിൻവലിച്ചത്.

 

സത്യവാങ്മൂലം നിർബന്ധം

റാങ്ക് ലിസ്റ്റുകളിൽനിന്ന് ഒഴിവാകാൻ (റിലിൻക്വിഷ്മെന്റ്) നൽകുന്ന അപേക്ഷയിലെ നോട്ടറിയുടെ സാക്ഷ്യപ്പെടുത്തലിൽ ഉദ്യോഗാർഥി തന്റെ മുൻപാകെ ഹാജരായാണ് ഒപ്പു രേഖപ്പെടുത്തിയതെന്ന പ്രസ്താവന പിഎസ്‌സി നിർബന്ധമാക്കി. ഈ സത്യവാങ്മൂലം ഉണ്ടെങ്കിലേ 2023 ജനുവരി 1 മുതൽ ലഭിക്കുന്ന അപേക്ഷ സ്വീകരിക്കൂ.

 

പരിശോധനയ്ക്ക് ഇനി AI

സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതബുദ്ധി) സാങ്കേതികവിദ്യ ഉപയോഗിക്കുന്നതു പിഎസ്‌സി പരിഗണിക്കുകയാണ്. ഇതിനു ഡിജിറ്റൽ സർവകലാശാലയുടെ സാങ്കേതിക സഹായം തേടാൻ പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം. പിഎസ്‌സിയും ഡിജിറ്റൽ സർവകലാശാലയും തമ്മിൽ ഇക്കാര്യത്തിൽ ദീർഘകാല അടിസ്ഥാനത്തിൽ ധാരണാപത്രം ഒപ്പിടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com