ADVERTISEMENT

ബിരുദനിലവാരത്തിലെ പ്രധാന തസ്തികകളായ ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർ, മുനിസിപ്പൽ സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി വിജ്ഞാപനങ്ങൾ അനിശ്ചിതത്വത്തിൽ. തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകീകരണത്തെ തുടർന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണ് ഈ സുപ്രധാന വിജ്ഞാപനങ്ങൾ വൈകുന്നതിനു കാരണം.

ഡിസംബർ അവസാനത്തെ മെഗാ വിജ്ഞാപനങ്ങളിൽ ഈ തസ്തികകൾ പ്രതീക്ഷിച്ച നൂറുകണക്കിന് ഉദ്യോഗാർഥികൾക്ക്, 2022ൽ പ്രായപരിധി അവസാനിച്ചതിനാൽ അവസരം നഷ്ടപ്പെടുകയും ചെയ്തു.

 

ഗ്രാമപഞ്ചായത്ത് സെക്രട്ടറി തസ്തികയ്ക്കു പ്രത്യേകവും മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ്–3/ബിഡിഒ തസ്തികകളിലേക്കു പൊതുവായുമാണു പിഎസ്‌സി പരീക്ഷ നടത്തിയിരുന്നത്. വിജ്ഞാപനം വൈകുന്നതിനെതിരെ ഉദ്യോഗാർഥികൾ പിഎസ്‌സിക്കും തദ്ദേശവകുപ്പു മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.

 

ഏകീകരിച്ചപ്പോൾ ഒഴിവുകൾ ഏറെ

2022 ഒക്ടോബർ 27ലെ സർക്കാർ ഉത്തരവുപ്രകാരമാണു തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ ഗ്രാമപഞ്ചായത്ത്, ഗ്രാമവികസന, നഗരകാര്യ വകുപ്പുകൾ ഏകീകരിച്ചത്. ധാരാളം ഒഴിവുകളും സൃഷ്ടിക്കപ്പെട്ടു. മൂന്നു വകുപ്പുകളിലെയും സമാന തസ്തികകൾ ഏകീകരിച്ചതിനാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ബിഡിഒ, മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ്–3 തസ്തികകളെ ഏകീകരിച്ച് ഒരു തസ്തികയാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ധാരാളം ഒഴിവുകൾ നിലവിലുണ്ടെങ്കിലും, സർവീസ് സംഘടനകളുടെ സമ്മർദത്തിനു വഴങ്ങി നേരിട്ടുള്ള നിയമനത്തിന്റെ അനുപാതം അട്ടിമറിച്ച് നിയമനം നടത്തുകയാണെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു. കുറച്ചു വർഷമായി തദ്ദേശ സ്ഥാപനങ്ങളിൽ വലിയതോതിൽ സ്ഥാനക്കയറ്റ നിയമനം നടത്തി പിഎസ്‌സി നിയമനം അട്ടിമറിക്കുകയാണെന്നും ആരോപണമുണ്ട്.

 

ബിഡിഒ: തസ്തികമാറ്റ ഒഴിവും ധാരാളം

നിലവിലുള്ള നിയമനച്ചട്ടമനുസരിച്ച് ബിഡിഒ തസ്തികയിലെ 100 ഒഴിവിൽ 40 എണ്ണം ബിരുദധാരികളിൽനിന്നു നേരിട്ടുള്ള നിയമനം വഴിയും ബാക്കി 60 ഒഴിവ് താഴ്ന്ന തസ്തികയിൽനിന്നുള്ള സ്ഥാനക്കയറ്റം വഴിയുമാണു നികത്തുന്നത്.

സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയ സ്ഥാപനങ്ങളിലെ ബിരുദധാരികളായ ഉദ്യോഗസ്ഥരിൽനിന്നു തസ്തികമാറ്റം വഴി പരീക്ഷ നടത്തിയും ബിഡിഒമാരെ തിരഞ്ഞെടുക്കുന്നുണ്ട്. എന്നാൽ, ഇങ്ങനെ നിയമനം ലഭിച്ചവരിൽ കുറച്ചു പേർ മാത്രമേ തുടരാറുള്ളൂ. മിക്കവരും മറ്റു തസ്തികകളിലേക്കു മാറിപ്പോകുകയാണു പതിവ്. ഈ രീതിയിലും ഒട്ടേറെ ബിഡിഒ തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com