സർക്കാർ ആശുപത്രികളിൽ ആയിരത്തിലേറെ ഡോക്ടർമാരുടെ ഒഴിവുണ്ടെങ്കിലും ആരോഗ്യ വകുപ്പിലെ അസിസ്റ്റന്റ് സർജൻ റാങ്ക് ലിസ്റ്റിൽ അപ്രഖ്യാപിത നിയമനനിരോധനം.
സർക്കാർ മെഡിക്കൽ കോളജുകളിൽ മാത്രം 800 ഡോക്ടർമാരുടെ കുറവുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ജില്ലാ, താലൂക്ക് ആശുപത്രികളിലും സിഎച്ച്സികളിലുമായി 400 ഡോക്ടർ ഒഴിവുമുണ്ട്. ഒന്നാം പിണറായി സർക്കാർ 1200 ഡോക്ടർ തസ്തിക അനുവദിക്കുമെന്നു പ്രഖ്യാപിച്ചത് ഇതുവരെ നടപ്പായിട്ടില്ല.
തസ്തിക അനുവദിക്കാനും നിയമനത്തിനും ധന വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഒഴിവു നികത്താനുള്ള തടസ്സം.
സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരെ നിയമിക്കുന്നത് പിഎസ്‌സിയുടെ അസി. സർജൻ റാങ്ക് ലിസ്റ്റിൽ നിന്നാണ്. 2021 മാർച്ച് 17നു വന്ന റാങ്ക് ലിസ്റ്റ് ഇപ്പോഴും നിലവിലുണ്ട്. ഈ ലിസ്റ്റിലെ 152 പേർക്കു മാത്രമാണ് ഇതുവരെ നിയമന ശുപാർശ നൽകിയത്. ഇപ്പോഴത്തെ നിയമന നില: ഓപ്പൺ മെറിറ്റ്–110, ഈഴവ–111, എസ്ടി–സപ്ലിമെന്ററി 4, മുസ്‌ലിം–107, എൽസി/എഐ–115, ഒബിസി–134, വിശ്വകർമ–229, എസ്ഐയുസി നാടാർ–138, ഹിന്ദു നാടാർ–447, എസ്‌സിസിസി–881, ധീവര–249. ഭിന്നശേഷി: എച്ച്ഐ–2, എൽഡി/സിപി–24.