കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ 649 ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തു.
കെഎസ്എഫ്ഇ, ബവ്റിജസ് കോർപറേഷൻ, വാട്ടർ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങി 20 പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നാണ് ഈ ഒഴിവുകൾ. ഈ തസ്തികയുടെ മെയിൻ പരീക്ഷ മേയ് 17നാണ്. ഇതിൽ ജയിക്കുന്നവരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ഏറ്റവും കൂടുതൽ ഒഴിവ് വാട്ടർ അതോറിറ്റിയിലാണ്–257. ഒന്നു വീതം ഒഴിവുള്ള ലേബർ വെൽഫെയർ ഫണ്ട് ബോർഡ്, കെടിഡിസി, കയർ കോർപറേഷൻ, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ, അഗ്രോ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് കോർപറേഷൻ, ഫിലിം ഡവലപ്മെന്റ് കോർപറേഷൻ എന്നിവിടങ്ങളിലാണ് കുറവ് ഒഴിവുകൾ.
ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റ് 2022 ഡിസംബർ 17ന് അവസാനിച്ചു. 2023 ജനുവരി 13 വരെ സ്വാഭാവിക കാലാവധി ലഭിക്കേണ്ടതായിരുന്നെങ്കിലും മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമന ശുപാർശ നൽകിയതിനാൽ നേരത്തേ അവസാനിക്കുകയായിരുന്നു. 3014 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്.