വിജയത്തിലെത്തുമെന്ന ഉറച്ച തീരുമാനം, അതിനുള്ള കഠിനപ്രയത്നം ഇവയാണ് അലൻ ബേബിയെ റാങ്കുകാരനാക്കിയത്. പിഎസ്‌സി നടത്തിയ ഫയർമാൻ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ സംസ്ഥാനത്തു രണ്ടാം റാങ്കുകാരനാണെങ്കിലും എഴുത്തുപരീക്ഷയിൽ ഒന്നാം സ്ഥാനക്കാരനാണ് കണ്ണൂർ സ്വദേശി അലൻ. വിജയത്തിന്റെ പടവുകൾ കയറാൻ തന്നെ സഹായിച്ച മികച്ച കൂട്ടുകാർ നിരന്തര പരിശ്രമവും ദൃഢനിശ്ചയവുമായിരുന്നെന്ന് അലൻ പറയുന്നു.
പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുത്തപ്പോൾ ആദ്യമെടുത്ത തീരുമാനം എന്തായിരുന്നു?
ഒാരോ പരീക്ഷകളുടെയും സിലബസ് മനസിലാക്കി വേണം പഠിക്കാനെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ അതിനുള്ള ശ്രമങ്ങൾ തുടങ്ങി. ചോദ്യങ്ങളുടെ രീതി മനപ്പാഠമാക്കി. നോട്ട്സുകൾ സ്വയം തയാറാക്കി. മുൻകാല ചോദ്യപേപ്പറുകൾ ശേഖരിച്ചു. വലിയൊരു സമയം അവ ചെയ്തു പഠിക്കാനെടുത്തു.
പരീക്ഷകൾക്കുളള തയാറെടുപ്പുകൾ എന്തെല്ലാമായിരുന്നു?
പരീക്ഷയിൽ ഏറ്റവുമധികം കുഴപ്പിക്കുന്ന 'ഏരിയ' ഏതാണെന്ന് കണ്ടെത്തി. അതോടൊപ്പം ഏറ്റവുമധികം മാർക്ക് ഏതിൽ നിന്നെല്ലാം നേടാമെന്ന് മനസ്സിലാക്കി. അവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി. മലയാളം, കറന്റ് അഫയേഴ്സ്. ഇംഗ്ലിഷ്, മാത്‌സ് വിഷയങ്ങളിൽ നിന്നാണ് അറുപത് ശതമാനം മാർക്കും കിട്ടുന്നത്. അതുകൊണ്ട് ഒരു മാർക്ക് പോലും ഈ വിഷയങ്ങളിൽ കളയരുതെന്ന് തീരുമാനിച്ചു. ദിവസേന 10 മണിക്കൂറോളം പഠിച്ചു. രാത്രി രണ്ടു മണി വരെ പഠനം നീളും.
ഇത്രയും ചിട്ടയായ തയാറെടുപ്പുകൾ എന്തെല്ലാം നേട്ടങ്ങളിലാണ് എത്തിച്ചത്?
ഇതുവരെ ആറ് പരീക്ഷകൾ എഴുതി. പഠനം തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ എൽഡി ക്ലാർക്ക് പരീക്ഷ എഴുതി. അതിൽ കണ്ണൂർ ജില്ലയിൽ 248–ാം റാങ്ക് കിട്ടി. ഈ പഠനരീതി തന്നെ തുടർന്നും കൊണ്ടുപോയി. അതിനു ശേഷം സിപിഒ കാസർകോട് ജില്ലയിലെ (കെഎപി–4) ലിസ്റ്റിൽ 8–ാം റാങ്കും അസി.സെയിൽസ്മാൻ കണ്ണൂർ ജില്ലയിലെ ലിസ്റ്റിൽ 77–ാം റാങ്കും നേടി. ഫയർമാൻ ജോലിയോട് പ്രത്യേക ഇഷ്ടമുള്ളതു കൊണ്ട് ഒരു വർഷം അതിനു വേണ്ടി മാത്രം ശ്രമിച്ചു. അതിൽ സംസ്ഥാനത്ത് രണ്ടാം റാങ്കാണെങ്കിലും എഴുത്തുപരീക്ഷയിൽ ഒന്നാം സ്ഥാനമാണ്. 100 ൽ 78 മാർക്ക് സ്കോർ ചെയ്യാൻ കഴിഞ്ഞു. സ്പോർട്സ് വെയ്റ്റേജ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് സൂരജ് സി.എസ് ഒന്നാമനായത്. എക്സൈസ് ഓഫിസർ പരീക്ഷാ ഫലം ഇനി വരാനുണ്ട്.
പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കു കൊടുക്കാനുള്ള ടിപ്സ് എന്തെല്ലാമാണ്?
സിലബസ് ആണ് പ്രധാനം. വെറുതെ കുറേ പഠിക്കുന്നതിൽ കാര്യമില്ല. സിലബസ് ഫോക്കസ് ചെയ്ത് പഠിക്കണം. ഫുൾ മാർക്ക് സ്കോർ ചെയ്യാൻ കഴിയുന്ന മാത്‌സ് പോലുളള വിഷയങ്ങൾ കഷ്ടപ്പെട്ടാണെങ്കിലും പഠിച്ചെടുക്കണം. മുൻകാല ചോദ്യപേപ്പറുകൾ ചെയ്ത് ശീലിക്കണം. ഇത് പരീക്ഷകളുടെ സ്വഭാവം മനസിലാക്കാൻ സഹായിക്കും. കൂടാതെ മാതൃകാപരീക്ഷകൾ പരിശീലിക്കണം. കംബൈൻഡ് സ്റ്റഡിയേക്കാൾ സെൽഫ് സ്റ്റഡിയാണ് നല്ലത്.
തൊഴിൽ വീഥിയിലെ പരിശീലനങ്ങൾ അത്മവിശ്വാസം വർധിക്കാൻ സഹായിക്കുന്നതാണ്. ഫയർമാൻ സ്പെഷൽ ടോപിക്കുകളും മാതൃകാ പരീക്ഷകളും ഏറെ ഗുണം ചെയ്തു. ഇംഗ്ലിഷ് ചോദ്യോത്തരങ്ങളും വിശകലനത്തോടെയുള്ള മാത്‌സും മികവേറിയതാണ്. ഇതെല്ലാം ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. ആനുകാലിക വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതാനും കോംപറ്റീഷൻ വിന്നറും സ്ഥിരമായ പത്രവായനയും തുണച്ചിട്ടുണ്ട് ’ – അലൻ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസം, കുടുംബം?
ബിഎസ്‌സി ഫിസിക്സ് പൂർത്തിയാക്കി പാലാ, തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമികളിൽ രണ്ടു വർഷം സിവിൽ സർവീസ് പരിശീലനത്തിനു ചേർന്നു. 2021 ൽ പിഎസ്‌സി പരീക്ഷ എഴുതാൻ തീരുമാനിച്ചതോടെ ഇരിട്ടി പ്രഗതി കരിയർ ഗൈഡൻസിൽ കോച്ചിങ് ആരംഭിച്ചു. സിവിൽ സർവീസ് പഠനവും പിഎസ്‌സി പരീക്ഷയെഴുതാൻ എറെ ഗുണം ചെയ്തു. പ്രഗതിയിൽ ചോദ്യശേഖരം തയാറാക്കുന്ന സംഘത്തിൽ അംഗമാണ് ഇപ്പോൾ.
അച്ഛൻ കണ്ണൂർ കണിച്ചാർ കൊച്ചുപുരയ്ക്കൽ ഹൗസിൽ ബേബി ജേക്കബ്, അമ്മ ജെസി. സഹോദരൻ അലക്സ് ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിയാണ്.