സിപിഒ ലിസ്റ്റിലേക്ക് ഒരൊറ്റ ഒഴിവുമില്ലേ?!
Mail This Article
റാങ്ക് ലിസ്റ്റുകൾ പകുതി കാലാവധിയെത്തുമ്പോഴും സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ പുതിയ ഒരൊഴിവുപോലും റിപ്പോർട്ട് ചെയ്യാത്തത് ആശങ്കാജനകവും ഉദ്യോഗാർഥികളോടുള്ള അവഹേളനവുമാണ്. സിപിഒ റാങ്ക് ലിസ്റ്റിൽ ഇത്രയും നിരാശാജനകമായ നിയമനനീക്കം ചരിത്രത്തിൽ ആദ്യമാണ്. സംസ്ഥാനത്ത് ക്രമസമാധാനപാലനച്ചുമതലയുള്ള സുപ്രധാന തസ്തികയിൽ ഒഴിവുകളില്ല എന്നു വിശ്വസിക്കാനാവില്ല. നിലവിലുള്ളതും ഇനിയുള്ള ആറു മാസ കാലാവധിയിൽ പ്രതീക്ഷിക്കുന്നതും ഉൾപ്പെടെ എല്ലാ ഒഴിവും ഏറ്റവും വേഗം റിപ്പോർട്ട് ചെയ്യാൻ പൊലീസ് വകുപ്പ് തയാറാകണം.
ഏഴു ബറ്റാലിയനിലായി കഴിഞ്ഞ ഏപ്രിൽ 15നു നിലവിൽ വന്ന സിപിഒ റാങ്ക് ലിസ്റ്റുകൾ ഒക്ടോബർ 15ന് 6 മാസമെത്തുകയാണ്. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 7 ബറ്റാലിയനുകളിലായി 4,783 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. മെയിൻ ലിസ്റ്റിൽ 4725, സപ്ലിമെന്ററി ലിസ്റ്റിൽ 1922 എന്നിങ്ങനെ 6647 പേർ ഈ റാങ്ക് ലിസ്റ്റിൽനിന്നു നിയമനം പ്രതീക്ഷിച്ചിരിക്കുകയാണ്. പ്രായപരിധി അവസാനിച്ച പലരുടെയും അവസാന അവസരമാണ് ഇത്തവണത്തേത്. ഇതുവരെ പുതിയ ഒറ്റ ഒഴിവും റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻ ലിസ്റ്റിലെ നിയമന ശുപാർശയെ തുടർന്നു ജോലിയിൽ പ്രവേശിക്കാത്തവരുടെ എൻജെഡി ഒഴിവുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
റിപ്പോർട്ട് ചെയ്ത 43 എൻജെഡി ഒഴിവിലെ 40 എണ്ണത്തിൽ പിഎസ്‌സി നിയമന ശുപാർശ നൽകി. തൃശൂർ (കെഎപി–2) ജില്ലയിൽ റിപ്പോർട്ട് ചെയ്ത ഒരൊഴിവിലേക്കും തിരുവനന്തപുരം എസ്എപിയിൽ റിപ്പോർട്ട് ചെയ്ത 2 ഒഴിവിലേക്കും വൈകാതെ നിയമന ശുപാർശ തയാറാകും. ഇതുവരെ ഏറ്റവും കൂടുതൽ നിയമന ശുപാർശ നടന്നത് തൃശൂർ ജില്ലയിലാണ്–16. കുറവ് ഇടുക്കി ജില്ലയിൽ–2. കാസർകോട് (കെഎപി–4) ജില്ലയിൽ ഒരാൾക്കുപോലും ശുപാർശ ലഭിച്ചിട്ടില്ല.
പൊലീസ് സേനയുടെ അംഗബലം കൂട്ടുന്നതുമായി ബന്ധപ്പെട്ട ധാരാളം ശുപാർശകൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ഇതിൽ തീരുമാനമെടുക്കാൻ സർക്കാർ മടിക്കുകയാണ്. പൊലീസ് സ്റ്റേഷനുകളിൽ ആയിരത്തി നാനൂറിലേറെ ഒഴിവുണ്ടെന്നാണു വിവരം. ബറ്റാലിയനുകളിലെ സിപിഒമാരെ സ്റ്റേഷൻ ഡ്യൂട്ടിയിലേക്കു നിയോഗിച്ചാലേ ഈ ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്ത് നിയമനം നടത്താൻ കഴിയൂ. ഇതിനുള്ള നടപടികൾ വൈകിക്കാതിരിക്കാൻ പൊലീസ് വകുപ്പ് ശ്രദ്ധിക്കണം.