വയോജന, രോഗീപരിചരണം: കുടുംബശ്രീ വഴി ആയിരം പേർക്കു പരിശീലനം

Mail This Article
വയോജന, രോഗീപരിചരണം നൽകാൻ കുടുംബശ്രീയുടെ കെ 4 കെയർ എക്സിക്യൂട്ടീവുമാരുടെ സേവനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചതോടെ കൂടുതൽ തൊഴിലവസരങ്ങൾക്ക് കുടുംബശ്രീ വാതിൽതുറക്കുന്നു. വയോജനങ്ങൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, നവജാത ശിശുക്കൾ എന്നിവരുടെ പരിചരണം, പ്രസവാനന്തര പരിചരണം തുടങ്ങിയ മേഖലകളിലെ സേവനത്തിനാണ് സ്ത്രീകളെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാനതല കോൾ സെന്ററും (91889 25597) പ്രവർത്തിക്കുന്നു.
പരിചരണം ഒരു മണിക്കൂർ മുതൽ ദിവസ, മാസ അടിസ്ഥാനത്തിൽ വരെ ലഭിക്കും വിധമാണ് ക്രമീകരണം. വയോജനങ്ങളെ ആശുപത്രിയിലെത്തിക്കുക, കുട്ടികളെ സ്കൂളിൽനിന്നു കൊണ്ടുവരിക എന്നിങ്ങനെയുള്ള ജോലികളാണ് ഇതിന്റെ ഭാഗമാകുക. ജില്ലയിൽ ആളില്ലെങ്കിൽ അടുത്ത ജില്ലയിൽനിന്നു കണ്ടെത്തി നൽകും. ജനുവരിയിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി മികച്ച പരിശീലനം ലഭിച്ച 500 വനിതകളിൽ മുന്നൂറോളം പേർക്കു തൊഴിൽ ലഭിച്ചു. കെയർ എക്സിക്യൂട്ടീവുമാരുടെ സുരക്ഷ പരിഗണിച്ച് ഇവർ ജോലി ചെയ്യുന്ന വീടുകളുടെ വിവരങ്ങൾ കുടുംബശ്രീ സിഡിഎസുകൾ വഴി ശേഖരിക്കും. ജോലിക്കായി നിയോഗിക്കുന്ന വിവരം സിഡിഎസുകളെ അറിയിക്കുകയും ചെയ്യും. അടുത്ത വർഷം മാർച്ചിനുള്ളിൽ ആയിരം പേർക്കു പരിശീലനം നൽകി തൊഴിൽ നൽകുകയാണു ലക്ഷ്യം.