ADVERTISEMENT

വിവിധ വകുപ്പുകളിൽ ക്ലാർക്ക് (മുൻപത്തെ എൽഡി ക്ലാർക്ക്) സാധ്യതാ ലിസ്റ്റുകൾ തയാറാക്കുന്ന നടപടി പിഎസ്‌സി ആരംഭിച്ചിരിക്കുകയാണ്. ഉദ്യോഗാർഥികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിസ്റ്റുകളാണിവ എന്നതിനാൽ, ആളെക്കുറയ്ക്കാതെ ലിസ്റ്റുകൾ പ്രസിദ്ധീകരിക്കാൻ ജാഗ്രത പുലർത്തണം. ലിസ്റ്റുകൾ വെട്ടിയൊതുക്കുന്ന സമീപകാല സമീപനം എൽഡിസി സാധ്യതാ ലിസ്റ്റുകളിൽ സംഭവിക്കാതിരിക്കട്ടെ.

നിലവിലുള്ള എൽഡിസി റാങ്ക് ലിസ്റ്റുകൾക്ക് ആറു മാസത്തിലധികം കാലാവധി ബാക്കിനിൽക്കെയാണ് പുതിയ സാധ്യതാ ലിസ്റ്റുകൾ തയാറാകുന്നത്. ഈ സാഹചര്യത്തിൽ, ലിസ്റ്റിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുമ്പോൾ പരിഗണിക്കാറുള്ള സാധാരണ സമവാക്യങ്ങളേക്കാൾ കരുതൽ ഉണ്ടാവേണ്ടതുണ്ട്. നിലവിലുള്ള റാങ്ക് ലിസ്റ്റുകൾക്കു 2025 ജൂലൈ 31 വരെ കാലാവധിയുണ്ട്. അതുവരെ നടക്കാൻ സാധ്യതയുള്ള നിയമനങ്ങൾകൂടി മുൻകൂട്ടിക്കണ്ടുവേണം പുതിയ ലിസ്റ്റ് തയാറാക്കാൻ. ഇപ്പോഴുള്ള എൽഡിസി റാങ്ക് ലിസ്റ്റുകളിൽ എൻ‌ജെഡി ഒഴിവ് കൂടുതലുണ്ട്. ഇനിയുള്ള മാസങ്ങളിലും ഈ പ്രവണത തുടരാനാണു സാധ്യത. അതിനനുസരിച്ച് നിയമന ശുപാർശ വർധിക്കും. പുതിയ ലിസ്റ്റിൽ ചേർക്കുന്നവരുടെ എണ്ണം തീരുമാനിക്കുമ്പോൾ, ഇക്കാര്യങ്ങൾ മുഖവിലയ്ക്കെടുക്കണം.

മുൻപൊക്കെ സാധ്യതാ ലിസ്റ്റ് തയാറാക്കാൻ തീരുമാനിക്കുമ്പോൾ, ലിസ്റ്റിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണം പുറത്തുവിടാറുണ്ടായിരുന്നു. എണ്ണം മുൻകൂട്ടി അറിയാനും കുറവുണ്ടെങ്കിൽ തിരുത്തൽ നടപടിക്കും ഇത് അവസരം നൽകിയിരുന്നു. പക്ഷേ, ഈ വിവരങ്ങൾ ഇപ്പോൾ രഹസ്യമാണ്. ഷോർട്/സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേ എണ്ണം വ്യക്തമാകൂ. തിരുത്തലിന് അവസരം നൽകാതിരിക്കാനാണ് ഈ രഹസ്യനീക്കമെന്ന ആക്ഷേപം ശക്തമാണ്.

റിപ്പോർട്ട് ചെയ്ത ഒഴിവ്, ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുള്ള ഒഴിവ്, മുൻ ലിസ്റ്റിലെ നിയമന ശുപാർശ, എൻജെഡി ഒഴിവ് തുടങ്ങി വിവിധ വസ്തുതകൾ വിലയിരുത്തിയാണ് മുൻപൊക്കെ ഷോർട്/സാധ്യതാ ലിസ്റ്റുകളിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയിരുന്നത്. ഈയിടെയായി ഈ സമവാക്യങ്ങൾ പാടേ നിരാകരിക്കപ്പെടുന്നു. തസ്തിക ഏതായാലും, മുൻ ലിസ്റ്റിലേതിനേക്കാൾ ഉദ്യോഗാർഥികളെ കുറയ്ക്കുന്നതു പതിവാകുന്നു.

ക്ലാർക്ക് തസ്തികയിൽ ഈ പ്രവണത ആവർത്തിക്കരുത്. നിലവിലെ എൽഡിസി റാങ്ക് ലിസ്റ്റിലുള്ള ധാരാളം പേർ ഇനി പ്രസിദ്ധീകരിക്കുന്ന ക്ലാർക്ക് ലിസ്റ്റിലും ഉൾപ്പെടാൻ സാധ്യതയുണ്ട്. നിലവിലുള്ള ലിസ്റ്റിൽനിന്നു നിയമനം ലഭിച്ചാൽ ഇവർ അടുത്ത ലിസ്റ്റിനെ ഉപേക്ഷിക്കും. ഇത്തരം വസ്തുതകൾകൂടി പരിഗണിച്ചു വേണം പുതിയ സാധ്യതാ ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ എണ്ണം തീരുമാനിക്കാൻ. 

English Summary:

Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com