ദേവസ്വങ്ങളിലേക്ക് ജനുവരിയിൽ മെഗാ വിജ്ഞാപനം വരുന്നു!

Mail This Article
ഗുരുവായൂർ ദേവസ്വം ബോർഡിലെ നാനൂറിലധികം ഒഴിവുകൾ ഉൾപ്പെടെ ഒട്ടേറെ തസ്തികകളിലേക്ക് 2025 ജനുവരിയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നു ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ്.
ഓൺലൈൻ പരീക്ഷയടക്കം വിവിധ പരിഷ്കാരങ്ങൾ ബോർഡ് അടുത്ത വർഷം നടപ്പാക്കും. ഒഴിവ് റിപ്പോർട്ട് ചെയ്യാനും നിയമന ശുപാർശ അയയ്ക്കാനും പ്രത്യേക സോഫ്റ്റ്‌വെയർ, വിജ്ഞാപനം മുതൽ നിയമന ശുപാർശ വരെയുള്ള ഘട്ടങ്ങൾ വേഗത്തിലാക്കാൻ നടപടികൾ തുടങ്ങി ഉദ്യോഗാർഥികൾക്കു പ്രയോജനപ്പെടുന്ന ഒട്ടേറെ പരിഷ്കാരങ്ങൾ പുതുവർഷത്തിൽ ഉണ്ടാകുമെന്നും തൊഴിൽവീഥിയുമായുള്ള അഭിമുഖത്തിൽ ചെയർമാൻ വ്യക്തമാക്കി.
∙ദേവസ്വം റിക്രൂട്മെന്റ് ബോർഡിന്റെ പുതിയ പദ്ധതികൾ എന്തൊക്കെയാണ്?
ബോർഡിന്റെ സോഫ്റ്റ്‌വെയർ പരിഷ്കരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ തപാൽ വഴിയാണു വിവിധ ദേവസ്വങ്ങൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത്. സോഫ്റ്റ്‌വെയർ സംവിധാനം വരുന്നതോടെ ഓൺലൈനായി ഒഴിവുകൾ സ്വീകരിക്കാനും നിയമന ശുപാർശ അയയ്ക്കാനും കഴിയും. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഇതു സഹായിക്കും.
പുറത്തുള്ള ഏജൻസി വഴിയാണ് ഇപ്പോൾ ഒഎംആർ മൂല്യനിർണയം. ബോർഡ് സ്വന്തമായി ഒഎംആർ സ്കാനർ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. മൂല്യനിർണയം കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാനും ഇതുവഴി കഴിയും.
∙പരീക്ഷകളും ഓൺലൈനാക്കുമോ?
പരീക്ഷകളും ഓൺലൈൻ വഴിയാക്കുന്നത് ആലോചനയിലുണ്ട്. നിലവിലുള്ള സോഫ്റ്റ്‌വെയറിൽ ധാരാളം പരിമിതികളുണ്ട്. ഇതിൽ മാറ്റം വരുന്നതോടെ മാത്രമേ ഓൺലൈൻ പരീക്ഷ നടത്താൻ കഴിയൂ. ഉദ്യോഗാർഥികൾ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ ഇപ്പോൾ ഹാൾ ടിക്കറ്റിൽ വരുന്നുണ്ടെങ്കിലും പലരെയും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. പുതിയ സോഫ്റ്റ്‌വെയർ വരുന്നതോടെ ഇതിലെല്ലാം മാറ്റം വരും.
ഓൺലൈനായി അപേക്ഷിച്ചാലും തുടർനടപടികളെല്ലാം മാനുവൽ രീതിയിലാണ് ഇപ്പോൾ നടക്കുന്നത്. ഇതിലും മാറ്റം നടപ്പാക്കിയശേഷം ഓൺലൈൻ പരീക്ഷയിലേക്കും കടക്കും. ജനുവരിയിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങൾക്ക് ഒഎംആർ പരീക്ഷയായിരിക്കും. 2025 അവസാനത്തോടെ പൂർണമായും ഓൺലൈൻ പരീക്ഷയിലേക്കു മാറാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു.
∙ഗുരുവായൂർ ദേവസ്വത്തിലെ നാനൂറിലധികം ഒഴിവുകളിലേക്കുള്ള വിജ്ഞാപനം ഉടനെ പ്രതീക്ഷിക്കാമോ?
ഈ വിജ്ഞാപനം ജനുവരിയിൽ പ്രസിദ്ധീകരിക്കാനാണ് ആലോചിക്കുന്നത്. ഇതോടൊപ്പം മറ്റു ചില ദേവസ്വം ബോർഡുകളിലെ വിവിധ തസ്തികകളിലേക്കുളള വിജ്ഞാപനവും ഉണ്ടാകും.
∙ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ഇതുവരെ എത്ര നിയമനങ്ങൾ നടത്തിയിട്ടുണ്ട്?
ഇപ്പോഴത്തെ റിക്രൂട്മെന്റ് ബോർഡ് അധികാരമേറ്റശേഷം 850ലധികം നിയമന ശുപാർശ നടത്തിയിട്ടുണ്ട്.