നഴ്സുമാർക്ക് യൂറോപ്പിൽ അവസരവർഷം

Mail This Article
വിവിധ രാജ്യങ്ങളിലേക്കുള്ള റിക്രൂട്മെന്റ് നടപടികൾ പുതുവർഷത്തിൽ കൂടുതൽ ഊർജിതമാക്കുമെന്ന് സംസ്ഥാന സർക്കാരിനു കീഴിലെ ഏജൻസിയായ ഒഡെപെക്കിന്റെ മാനേജിങ് ഡയറക്ടർ കെ.എ.അനൂപ് വ്യക്തമാക്കി. കൂടുതൽ രാജ്യങ്ങളിലേക്കും കൂടുതൽ തസ്തികകളിലേക്കും നിയമന നടപടികൾ വ്യാപിപ്പിക്കാൻ ആലോചിക്കുന്നതായും തൊഴിൽവീഥിയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം അറിയിച്ചു.
∙തൊഴിലന്വേഷകർക്കായി പുതുവർഷം എന്തൊക്കെയാണു പുതിയ പദ്ധതികൾ?
ജർമനി, ഓസ്ട്രേലിയ, ബൽജിയം എന്നീ രാജ്യങ്ങളിലേക്കു നഴ്സുമാരെ നിയമിക്കുന്നതിനു പുതിയ ബാച്ചുകളിലേക്കുള്ള പ്രവേശനം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആരംഭിക്കും. സൗജന്യമായി ജർമൻ, ഡച്ച് ഭാഷാപരിശീലനവും സൗജന്യ വീസ, എയർ ടിക്കറ്റ് എന്നിവയും പദ്ധതിയുടെ പ്രത്യേകതകളാണ്.
∙ഒഡെപെക് റിക്രൂട്മെന്റ് കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുമോ?
നിലവിൽ സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, ജർമനി, യുണൈറ്റഡ് കിങ്ഡം, ബൽജിയം, ഉസ്ബെക്കിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക് ഒഡെപെക് റിക്രൂട്മെന്റ് നടത്തുന്നുണ്ട്. ഓസ്ട്രിയ, ഓസ്ട്രേലിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്കു റിക്രൂട്മെന്റ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വൈകാതെ ഈ രാജ്യങ്ങളിലേക്കും ഒഡെപെക് റിക്രൂട്മെന്റ് നടത്തും.
∙2024ൽ എത്ര പേർക്ക് ഒഡെപെക് വഴി നിയമനം ലഭിച്ചു? ഏതെല്ലാം തസ്തികകളിൽ, ഏതെല്ലാം രാജ്യങ്ങളിലായിരുന്നു നിയമനം?
2024ൽ 636 പേർക്കാണ് ഇതുവരെ നിയമനം നൽകിയത്. ഏറ്റവും കൂടുതൽ നിയമനം നടത്തിയത് യുഎഇയിലേക്കാണ്–200. കുറവ് ബോട്സ്വാനയിൽ–2. മറ്റു രാജ്യങ്ങളിലേക്കു നടത്തിയ നിയമനങ്ങൾ: തുർക്കി–195, സൗദി അറേബ്യ–115, ബൽജിയം–59, ജർമനി–45, യുകെ–16, ഒമാൻ–4. നഴ്സ്, സെക്യൂരിറ്റി ഗാർഡ്, ടെക്നിഷ്യൻ, ടീച്ചർ, എൻജിനീയർ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തസ്തികകളിലാണു നിയമനം നടത്തിയിട്ടുള്ളത്.
∙നഴ്സ്, ടെക്നിഷ്യൻ തസ്തികകളിലേക്കാണ് കൂടുതലായും നിയമനം നടത്തുന്നത്. മറ്റു തസ്തികകളിലേക്കു നിയമനം നടത്തുന്നതിന് എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുണ്ടോ?
നഴ്സ്, ടെക്നിഷ്യൻ തസ്തികകൾക്കൊപ്പം സെക്യൂരിറ്റി ഗാർഡ്, എൻജിനീയർ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, ടീച്ചർ തുടങ്ങിയ തസ്തികകളിലേക്കും ഒഡെപെക് നിയമനം നടത്തുന്നുണ്ട്. ഒഴിവുകളുടെ ലഭ്യതയനുസരിച്ച് കൂടുതൽ തസ്തികകളിലേക്കു നിയമനം വ്യാപിപ്പിക്കുന്നതും പരിഗണനയിലുണ്ട്.